തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവിൽ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. നികുതി ഇളവിൻ്റെ ഒളിച്ചുകളി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മുട്ടാപ്പോക്ക് നയത്തിൽ ദുരൂഹതയുണ്ട്. നിയമസഭയിൽ പാസാക്കിയ കാര്യം, എക്സിക്യൂട്ടീവിന് വിടുന്നത് അഴിമതിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കർഷകർ ആയത് കൊണ്ടാണോ മുൻ സർക്കാർ ബക്കാർഡി കമ്പനിയുമായി ചർച്ച നടത്തിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ചോദിച്ചു. സബ്ജക്ട് കമ്മിറ്റിക്ക് ബിൽ വിടണമെന്ന് കാര്യോപദേശക സമിതിയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടില്ല എന്നും സതീശൻ പറഞ്ഞു. കാരണം ഉണ്ടാക്കി പ്രതിപക്ഷം സഭ ബഹിഷ്കരിച്ചെന്നും മുഖ്യമന്ത്രി പരിഹസിച്ചു. മദ്യനികുതിയിലെ പ്രതിപക്ഷത്തിൻ്റെ ക്രമപ്രശ്നം നിയമസഭ തള്ളുകയും ചെയ്തു.
മദ്യനയത്തെ എതിർത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ മുഖ്യമന്ത്രി പരോക്ഷ വിമർശനം ഉന്നയിച്ചു. ബജറ്റിൻ്റെ ശോഭ കെടുത്താനുള്ള ഇടപെടലാണ് നടന്നത്. അതിനൊപ്പം ചിലർ കൂടെ കൂടി. അതിലൊന്നും വഴങ്ങുന്ന സർക്കാരല്ല ഇതെന്നും വി.ഡി. സതീശൻ പറഞ്ഞു.