തിരുവനന്തപുരം: കുടിവെള്ള പ്രശ്നത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. കുടിവെള്ളം എത്തിക്കുന്നതിൽ കോർപ്പറേഷൻ പൂർണപരാജയമെന്ന് എൽഡിഎഫ് ആരോപിച്ചു. പ്രശ്നത്തിൽ കോർപ്പറേഷനും വാട്ടർ അതോറിറ്റിക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ടെന്ന് യുഡിഎഫും ആരോപിച്ചു. പ്രതിഷേധത്തിനിടെ മേയർ വി. വി. രാജേഷും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. നഗരത്തിൽ കുടിവെള്ളം എത്തിക്കാൻ നടപടി തുടരുകയാണെന്നാണ് മേയർ വി. വി. രാജേഷിൻ്റെ മറുപടി.
തലസ്ഥാന നഗരത്തിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട സർക്കാർ കോർപ്പറേഷൻ പോര് തുടരുന്നതിനിടെയാണ് ഇന്ന് കൗൺസിൽ യോഗം ചേർന്നത്. നേരത്തെ നിശ്ചയിച്ച അജണ്ടയിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും കുടിവെള്ള പ്രശ്നം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ ബഹളം വെച്ചു. ഭരണ പ്രതിപക്ഷങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ വിഷയം ചർച്ച ചെയ്യാമെന്ന് മേയർ സമ്മതിച്ചു.
കുടിവെള്ളം മുടങ്ങാൻ കാരണം കോർപ്പറേഷൻ്റെ പിടിപ്പുകേടെന്ന് വിഷയം അവതരിപ്പിച്ച എസ് പി ദീപക് ആരോപിച്ചു. നഗരത്തിൽ കുടിവെള്ളം എത്തിക്കാൻ സിപിഐഎം ബിജെപി ഡീൽ ഉപയോഗിക്കണം എന്നായിരുന്നു യുഡിഎഫ് കൗൺസിലർ കെ. എസ്. ശബരിനാഥിൻ്റെ ആവശ്യം. പ്രതിഷേധത്തിനിടെ മേയർ വി വി രാജേഷും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി.
കുടിവെള്ളം എത്തിക്കാൻ നടപടി തുടരുകയാണെന്നായിരുന്നു മേയർ വി. വി. രാജേഷിൻ്റെ മറുപടി. എൽഡിഎഫ് യുഡിഎഫ് പ്രതിഷേധത്തെ തുടർന്ന് മേയർ കൗൺസിൽ യോഗം അവസാനിപ്പിച്ചു. തുടർന്ന് എൽഡിഎഫ് അംഗങ്ങൾ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. അതേസമയം വാട്ടർ അതോറിറ്റിയാണ് വെള്ളം മുട്ടിക്കുന്നതെന്ന് ആരോപിച്ച് ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.