തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനം. അഡ്വ. ബി.ജി. ഹരീന്ദ്രനാഥിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് പുറത്തിറക്കി. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടനെ പുറത്തിറങ്ങും. മുൻ നിയമ സെക്രട്ടറിയാണ് അഡ്വക്കേറ്റ് ബി.ജി. ഹരീന്ദ്രനാഥ്.
കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാത്തത് സങ്കടമുണ്ടാക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം അതിജീവിത തുറന്ന് പറഞ്ഞിരുന്നു. ഇതിനായി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി ഉത്തരവ് നൽകിയത്. ശ്വസിക്കാനുള്ള വായു ഒഴികെ മറ്റെല്ലാം നിഷേധിക്കപ്പെട്ടുവെന്നായിരുന്നു അതിജീവിതയുടെ വെളിപ്പെടുത്തൽ.
കൈകാലുകൾ ബന്ധിച്ച നിലയിലാണ് ഇപ്പോഴുള്ള ജീവിതമെന്നും പീഡന പരാതി സഭയ്ക്കകത്ത് പറഞ്ഞതോടെ തന്നെ ഒറ്റപ്പെടുത്തിയെന്നും അതിജീവിത തുറന്ന് പറഞ്ഞിരുന്നു. ക്രൂരതകൾ വെളിപ്പെടുത്തിയതിൻ്റെ പേരിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു. പണം കിട്ടാത്തത് കൊണ്ടാണ് പരാതി എന്ന വ്യാജ പ്രചാരണം വരെ തനിക്കെതിരെ നടത്തി. പൊതുമധ്യത്തിൽ മുഖം മറയ്ക്കാതെ വരാൻ ധൈര്യം പകർന്നത് മുഖ്യമന്ത്രിയുടെ ചടങ്ങിൽ കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി പങ്കെടുത്തതോടെയാണെന്നും അതിജീവിത പറഞ്ഞിരുന്നു.