കൊച്ചി: ക്രൈസ്തവർക്ക് എതിരായ അതിക്രമങ്ങളിൽ ആർഎസ്എസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ. അതിക്രമങ്ങളെ സർക്കാർ പിന്തുണക്കുന്നുവെന്ന് ന്യൂനപക്ഷങ്ങൾക്ക് തോന്നുന്നു. ഇനി പള്ളികൾക്ക് അകത്തും ആക്രമണമുണ്ടായേക്കാം. മത ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്ന വാർത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്നും സഭാ അധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ വിമർശിച്ചു. മതഭ്രാന്തൻമാരെ നിയന്ത്രിക്കേണ്ട ഭരണാധികാരികൾ അക്രമങ്ങളെ അപലിക്കാനോ എതിർക്കാനോ തയ്യാറാകുന്നില്ലെന്നും മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു.
"ക്രൈസ്തവരെയും മതന്യൂനപക്ഷങ്ങളെയും ആക്രമിക്കുന്ന വാർത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്. പിന്നിൽ ആർഎസ്എസിൻ്റെ പോഷക സംഘടകകളായ ബജ്റംഗദളും, വിശ്വ ഹിന്ദു പരിഷത്തും അടക്കമുള്ളവരാണ്. നടക്കുന്നത് തെറ്റായ സമീപനമാണ്. ഇതിനെതിരെ ശരിയായ ബോധവത്കരണം വേണം. വൈദികർക്കും കന്യാസ്ത്രീകൾക്കും എതിരെയുള്ള ആക്രമണങ്ങൾക്ക് പിന്നാലെ ക്രിസ്മസ് ആഘോഷം തടയാനും ശ്രമമുണ്ടായി. ഭരണഘടന നൽകുന്ന സ്വതന്ത്ര്യം ആർക്കും നിഷേധിക്കാനാവില്ല. മത ഭ്രാന്തൻമാരെ നിയന്ത്രിക്കേണ്ടത് ഭരണാധികാരികളാണ്. എന്നാൽ അവർ ആക്രമണങ്ങളെ അപലപിക്കാനോ എതിർക്കാനോ തയ്യാറാകുന്നില്ല. ഭരണാധികാരികൾ ഇതിനു പിന്തുണക്കുന്നതായാണ് ന്യൂനപക്ഷങ്ങൾക്ക് തോന്നുന്നത്", മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ.
മഹാരാഷ്ട്രയിൽ മലയാളി വൈദികൻ ഉൾപ്പെടെയുള്ളവർ ബജ്‌റംഗദളിന്റെ അക്രമണത്തിനാണ് ഇരയായത്. മധ്യപ്രദേശിലെ ജംബുവയിൽ ആയുധങ്ങളുമായി ബജ്‌റംഗദൾ പള്ളിയിലേക്ക് പ്രകടനം നടത്തിയിരുന്നു. ഛത്തീസ്ഗഢിലും യുപിയിലുമാണ് ആക്രമണങ്ങൾ ഏറെയും നടന്നത്. ക്രൈസ്തവർക്ക് എതിരായ അതിക്രമങ്ങൾ വർധിച്ചതോടെ ബജ്‌റംഗദളിനെയും ഹിന്ദു രക്ഷാ സേനയെയും നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ഈ സംഘടനകളിലെ അംഗങ്ങൾ നിരപരാധികളായ വൈദികരെയും വിശ്വാസികളെയും ആക്രമിക്കുന്നുവെന്നാണ് പരാതി. ഉത്തർപ്രദേശ് ഗാസിയാബാദിലെ വീടുകളിൽ ആയുധം വിതരണം ചെയ്തതോടെയാണ് ഹിന്ദു രക്ഷാ ദളിനെ നിരോധിക്കണമെന്ന ആവശ്യം ശക്തമായത്.