തൃശൂർ: ചേലക്കരയിലെ നിർധനരായ കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ച് നൽകാമെന്ന് വാഗ്‌ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ പ്രതികരിച്ച് പി.വി. അൻവർ. ചേലക്കരയിൽ വീട് നൽകാമെന്ന് ഞങ്ങൾ ഏറ്റെടുത്തിരുന്നു. അതിൽ ആറോ ഏഴോ വീടുകൾ പണി ആരംഭിച്ചതുമാണ്. ഇവിടെ 1000 വീടുകൾ ഉണ്ടാക്കിക്കൊടുക്കാൻ കെപിസിസി തീരുമാനിച്ചതാണ്. എത്ര വീടുകൾ ഉണ്ടാക്കി കൊടുത്തുവെന്നത് എല്ലാവർക്കും അറിയുന്നതാണ്. ചൂരൽമലയിൽ ഒരു വീട് പോലും ഉണ്ടാക്കി കൊടുക്കാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും അൻവർ പറഞ്ഞു.
ന്യൂസ് മലയാളം നൽകിയ വാർത്തയെ പരാമർശിച്ച് കൊണ്ടായിരുന്നു അൻവറിൻ്റെ പ്രതികരണം. വാർത്തയിൽ നൽകിയിരിക്കുന്ന വിഷ്വലിൽ നിന്ന് തന്നെ താൻ വഞ്ചിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നുണ്ട് എന്നും അൻവർ അവകാശപ്പെട്ടു. പലതും വാർക്കാനുള്ള ഘട്ടത്തിലാണ്. ഇത് നാട്ടുകാരിൽ നിന്ന് പിരിവിട്ട് അൻവർ കെട്ടിച്ചതല്ല. സ്വന്തം പോക്കറ്റിൽ നിന്നും പണം കൊടുത്ത് പണിതതാണ്. ചേലക്കരയിൽ മത്സരിക്കുന്ന സമയത്ത് ഡിഎംകെയുടെ ഭാഗമായിരുന്നു. ഡിഎംകെയുമായുള്ള ലയനം തടസപ്പെടുത്തിയത് പിണറായി വിജയൻ ആണെന്നും അൻവർ വ്യക്തമാക്കി.
അൻവറിൻ്റെ വാഗ്ദാനം വിശ്വസിച്ച് വീടുകൾ പൊളിച്ചവരും നിർമാണം തുടങ്ങിയവരും തെരുവിലിറങ്ങേണ്ട ഗതികേടിലാണ് എന്നായിരുന്നു ചേലക്കരയിലെ ജനങ്ങൾ പറഞ്ഞത്. വേഗം നിർമാണപ്രവൃത്തികൾ തുടങ്ങുമെന്ന ഉറപ്പിൽ ഇവർ താമസിച്ചിരുന്ന പഴയ വീടുകൾ പൊളിക്കുകയായിരുന്നു.
പക്ഷേ, ചേലക്കര ഫലപ്രഖ്യാപനത്തിന് ശേഷം അൻവറിനെ ഈ വഴി കണ്ടിട്ടില്ലെന്ന് ഇവർ പ്രതികരിച്ചിരുന്നു. ചേലക്കര നിയോജക മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളിൽ തമിഴ്നാട്ടിലെ കോർപ്പറേറ്റ് കമ്പനികളുടെ സഹായത്തോടെ 1000 വീടുകൾ കെട്ടിക്കൊടുക്കുമെന്നായിരുന്നു അൻവറിൻ്റെ പ്രഖ്യാപനം.