ഇഡി തന്നെയും സുഹൃത്തുക്കളെയും വേട്ടയാടുന്നു; ലേക്കർ ഇന്ത്യ കോർപ്പറേഷൻ പുതിയ സ്ഥാപനമല്ല, ഭയപ്പെട്ട് ഓടില്ലെന്നും മുഹമ്മദ് റിയാസ്

ലേക്കർ ഇന്ത്യ ഷെൽ കമ്പനിയാണെന്ന സംശയത്തില്‍ വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് ഇഡി
P.A. Muhammad Riyas
പി.എ. മുഹമ്മദ് റിയാസ്Source: News Malayalam 24x7
Published on
Updated on

ഇഡി തന്നെയും സുഹൃത്തുക്കളെയും വേട്ടയാടുകയാണെന്ന് പി.എ. മുഹമ്മദ് റിയാസ്. വീണ ടിയുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ എക്സാലോജിക് മാസപ്പടി കേസില്‍ റെയ്ഡ് നടത്തിയിട്ടും നിയമവിരുദ്ധമായി ഒന്നും കിട്ടിയില്ല. വീണയുടെ ലേക്കർ ഇന്ത്യ കോർപ്പറേഷൻ എന്ന സ്ഥാപനം പുതിയത് അല്ല, പഴയതാണ്. കമ്പനിയുടെ വിശദാംശങ്ങൾ തന്റെ തെരഞ്ഞെടുപ്പ് നോമിനേഷനിലുണ്ട്. റെയ്ഡ് നടത്തിയ വ്യക്തികൾ നിയമപരമായി, ന്യായമായി കച്ചവടം നടത്തുന്നവരാണ്. പുകമറയുണ്ടാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. റെയ്ഡ് നടന്നു എന്നതുകൊണ്ട് അവരുമായുള്ള ബന്ധം ഉപേക്ഷിക്കില്ല. അന്വേഷണത്തെ ഭയപ്പെട്ട് ഓടില്ല, രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും റിയാസ് മാധ്യമങ്ങളോടു പറഞ്ഞു.

ലേക്കർ ഇന്ത്യ ഷെൽ കമ്പനിയാണെന്ന ആരോപണം പെട്ടന്നുണ്ടായതാണെന്ന് റിയാസ് ആരോപിച്ചു. രാഷ്ട്രീയ പ്രവർത്തകന്റെ മകളോ ഭാര്യയോ ആയതിനാൽ ബിസിനസ് നടത്തരുതെന്ന് പറയുന്നത് ശരിയാണോ? വീണ സ്വതന്ത്ര വ്യക്തിയാണ്, അവർക്ക് നിയമപരമായി ബിസിനസ് നടത്താനുള്ള അവകാശമുണ്ട്. വീണ ബിസിനസ് ചെയ്യണം എന്നാണ് ഭർത്താവെന്ന നിലയിൽ അഭിപ്രായം. വിജയകരമല്ലെങ്കിൽ പിന്നീട് നടത്തണമോ എന്ന കാര്യം ഉടമയല്ലേ തീരുമാനിക്കേണ്ടതെന്നും റിയാസ് ചോദിച്ചു.

P.A. Muhammad Riyas
'എല്ലാം അവൾക്കു വേണ്ടി', കരുവാറ്റ കൊലപാതകത്തില്‍ കൂസലില്ലാതെ പ്രതികള്‍; മുതിർന്നവരായി പരിഗണിച്ച് വിചാരണ വേണമെന്ന് പൊലീസ്

വീണയ്ക്കും തനിക്കും റെയ്ഡ് നടന്ന സ്ഥാപന ഉടമകളുമായി സുഹൃത്ബന്ധമുണ്ടെന്ന് റിയാസ് പറഞ്ഞു. കുടുംബ സുഹൃത്തുക്കളുടേയും സഹപാഠികളുടേയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. മാന്യമായി ബിസിനസ് ചെയ്യുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി പുകമറ സൃഷ്ടിക്കാനാണ് ഇഡി ശ്രമിച്ചത്. വിഷയത്തെ പാര്‍ട്ടി രാഷ്ട്രീയമായി തന്നെ നേരിടും. അന്വേഷണത്തെ ഭയപ്പെട്ട് ഓടില്ല. ചില കൈപ്പത്തിക്കാർ ഇഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്നുണ്ട്. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ്. അസംബന്ധ വാർത്തകളെ നിയമപരമായി നേരിടുമെന്നും റിയാസ്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് ഇഡി. ലേക്കർ ഇന്ത്യ ഷെൽ കമ്പനിയാണെന്ന സംശയത്തില്‍ തന്നെയാണ് ഇഡി. കമ്പനിക്ക് ഓഫീസ് ഇല്ല. 2023-ൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ മേൽവിലാസത്തിലും ദുരൂഹതയുണ്ട്. റെയ്ഡില്‍ കണ്ടെടുത്ത രേഖകളും വിവരങ്ങളും പരിശോധിച്ചശേഷമാകും തുടര്‍ നടപടി. വീണ ഉള്‍പ്പെടെ കമ്പനിയുമായി ബന്ധമുള്ളവര്‍ക്ക് നോട്ടീസ് നല്‍കുന്നതും ഇഡിയുടെ പരിഗണനയിലുണ്ട്.

News Malayalam 24x7
newsmalayalam.com