കൊച്ചി: സോഷ്യൽ മീഡിയയിൽ ചർച്ചയായി പത്മജ വേണുഗോപാലിൻ്റെ ലൈക്ക്. രാമായണ മാസാരംഭവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന് സംഭവിച്ച അബദ്ധത്തെപ്പറ്റിയുള്ള സമൂഹമാധ്യമത്തിലെ വാർത്താ പോസ്റ്റിനാണ് പത്മജ ലൈക്ക് ചെയ്തത്.
ലൈക്ക് അറിയാതെ വീണുവെന്നാണ് പത്മജയുടെ വിശദീകരണം. സുഹൃത്ത് വിളിച്ച് പറഞ്ഞപ്പോഴാണ് ലൈക്ക് ശ്രദ്ധയിൽ പെട്ടതെന്നും പത്മജ പറഞ്ഞു.
മലയാള മാസം കർക്കിടകം ഒന്ന് ജൂലൈ 17ന് ആണെന്നിരിക്കെ തലേദിവസം തന്നെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ രാമായണ മാസം ആരംഭിച്ചെന്ന് പറഞ്ഞ് ആശംസാ പോസ്റ്റ് പങ്കുവെച്ചത് സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനത്തിനും പരിഹാസത്തിനും കാരണമായിരുന്നു. ഇത്തരത്തില്‍ ഒരു വാർത്താ പോസ്റ്റിനാണ് പത്മജ വേണുഗോപാല്‍ ലൈക്ക് ചെയ്തത്.
രാമൻ്റെ ചിത്രത്തോടൊപ്പം രാമായണ മാസ ആശംസകൾ എന്ന തലക്കെട്ടോടെയാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പോസ്റ്റെത്തിയത്. പോസ്റ്ററിൽ ജൂലൈ 16 എന്നും കുറിച്ചിരുന്നു. "രാമായണമാസത്തിന് ആരംഭം കുറിച്ച് ഇന്ന് കർക്കിടകം ഒന്ന്. രാമായണത്തിൻ്റെ പുണ്യം നുകർന്ന് പ്രാർഥനയും പാരായണവുമായി ഇനി ഒരു മാസം. ഈ പുണ്യമാസം എല്ലാ വീടുകളിലും അനുഗ്രഹങ്ങളും സമൃദ്ധിയും നിറയ്ക്കട്ടെ," ഇങ്ങനെയായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. കമൻ്റ് ബോക്സിൽ ഫോളോവേഴ്സ് ആണ് ബിജെപി സംസ്ഥാന അധ്യക്ഷനെ തിരുത്തിയത്.