പാലക്കാട്: കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി രക്ഷിതാക്കൾ. കുട്ടികൾക്ക് സ്കൂളിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണെന്ന് രക്ഷിതാക്കൾ പറയുന്നു. ആക്രമണത്തേക്കാൾ വേദനിപ്പിച്ചത് ബിജെപി നേതാക്കളുടെ അധിക്ഷേപമാണ്. രാഷ്ട്രീയം പോലും അറിയാത്ത, 15 വയസ്സിൽ താഴെ മാത്രം പ്രായമുള്ളതാണ് എല്ലാ കുട്ടികളുമെന്നും രക്ഷിതാക്കൾ പറഞ്ഞു.
ബിജെപി നേതാക്കളുടെ അധിക്ഷേപം കുട്ടികൾക്ക് വലിയ വേദനയുണ്ടാക്കിയെന്നാണ് രക്ഷിതാക്കളുടെ പ്രതികരണം. ആക്രമണത്തിന് പിന്നാലെ സംഘം മദ്യപിച്ചെതിയതിനാലാണ് ആക്രമിച്ചതെന്ന ആക്ഷേപവുമായി ബിജെപി നേതാവ് സി. കൃഷ്ണകുമാർ രംഗത്തെത്തിയിരുന്നു. ഇത് കുട്ടികളെ ബാധിച്ചെന്ന് രക്ഷിതാക്കൾ പറയുന്നു.
കരോളുമായി ഇങ്ങോട്ടേക്ക് വരരുതെന്ന് പറഞ്ഞായിരുന്നു ആക്രമണം. കുട്ടികൾ വലിയ മാനസിക ബുദ്ധിമുട്ടിലാണ്. രാഷ്ട്രീയം പോലും അറിയാത്ത കുട്ടികളാണ്. കുട്ടികൾക്കെതിരായ അധിക്ഷേപത്തിൽ പരാതി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും രക്ഷിതാക്കൾ വ്യക്തമാക്കി.
പുതുശേരിയിൽ കരോൾ സംഘത്തിന് നേരെ നടന്ന ആക്രമണത്തിൽ ബിജെപിക്കെതിരെ കോൺഗ്രസും രംഗത്തെത്തിയിരുന്നു. മതസൗഹാർദ്ദം തകർക്കാനുള്ള ആർഎസ്എസ്- ബിജെപി നീക്കമാണ് നടന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ക്രിസ്തീയ സമൂഹത്തിൽ നിന്ന് ബിജെപി ആഗ്രഹിച്ച പിന്തുണ ലഭിക്കാത്തതിന്റെ പ്രതികാരമാണ് ഈ അക്രമമെന്നും ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ പറഞ്ഞു.
കഴിഞ്ഞ 21നായിരുന്നു സംഭവം. കരോളിന് ഉപയോഗിച്ചിരുന്ന ഡ്രമ്മിൽ സിപിഐഎം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്ത് ബിജെപി പ്രവർത്തകർ കരോൾ സംഘത്തെ ആക്രമിക്കുകയായിരുന്നു. പിന്നാലെ കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി. കൃഷ്ണകുമാർ രംഗത്തെത്തി. കുട്ടികൾ മദ്യപിച്ചെത്തിയാണ് കരോൾ നടത്തിയതെന്നായിരുന്നു കൃഷ്ണകുമാറിൻ്റെ ആരോപണം. കരോൾ സംഘത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ബിജെപി നിലപാട് ദൗർഭാഗ്യകരമാണെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു.
അതേസമയം 2,500 യൂണിറ്റിലും കരോൾ നടത്തുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. ആർഎസ്എസ് ആക്രമണത്തെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നതിലൂടെ കൃഷ്ണകുമാറിന്റെ യഥാർഥ വർഗീയ മുഖം കൂടുതൽ വ്യക്തമായെന്നും ഡിവൈഎഫ്ഐ പറഞ്ഞു. സി. കൃഷ്ണകുമാർ പാലക്കാട്ടെ പ്രവീൺ തൊഗാഡിയാണ്. കേക്കുമായി അരമനയിലും, പള്ളികളിലും കയറി ഇറങ്ങുന്ന ബിജെപിയുടെയും, കൃഷ്ണകുമാറിന്റെയും യഥാർഥ മുഖമാണ് വ്യക്തമായതെന്നും ഡിവൈഎഫ്ഐ.
കുട്ടികൾ വീടുകൾ കയറി ഇറങ്ങുന്നതിനിടെ ബിജെപി പ്രവർത്തകർ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. സിപിഐഎം പുതുശേരി ഏരിയാ കമ്മിറ്റിയുടെ ഡ്രമ്മാണ് കരോൾ സംഘം ഉപയോഗിച്ചിരുന്നത്. എന്തിനാണ് സിപിഐഎം എന്ന് എഴുതി വച്ചിരിക്കുന്നത് എന്ന് ചോദിച്ച ശേഷം, ബാൻ്റ് ഉപകരണങ്ങളെല്ലാം തല്ലി തകർക്കുകയും, സംഘത്തെ ആക്രമിക്കുകയും ചെയ്തു.
മാന്യമല്ലാത്ത രീതിയിൽ കരോൾ നടത്തിയാൽ പ്രതികരണവും അടിയും നേരിടേണ്ടിവരുമെന്നാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജിൻ്റെ പ്രതികരണം. കരോൾ സംഘത്തെ ആക്രമിച്ചതിൽ ബിജെപി പ്രവർത്തകരില്ല. കേരളത്തിൽ ഇപ്പോൾ നടക്കുന്നതിൻ്റെയെല്ലാം ഉത്തരവാദിത്വം ബിജെപിയ്ക്കുമേൽ കെട്ടിവെക്കുകയാണ് എന്നും ഷോൺ ജോർജ് പറഞ്ഞു.
ക്രിസ്മസ് ആഘോഷങ്ങൾ ഭീഷണിയുടെ നിഴലിൽ ആണെന്നും, അതിക്രമങ്ങൾ നടത്തുന്ന സംഘടനകൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും കത്തോലിക്കാ ബിഷപ്പ് കൗൺസിൽ ഓഫ് ഇന്ത്യ (സിബിസിഐ) അറിയിച്ചു. സമാധാനപരമായ പരിപാടികൾക്കിടയിൽ ഉണ്ടാകുന്ന ആക്രമണങ്ങൾ ഭരണഘടനക്കെതിരാണ്. മധ്യപ്രദേശിലെ ജബൽപൂരിലെ സംഭവം ഞെട്ടലുളവാക്കുന്നു. ക്രിസ്മസ് പരിപാടിയിൽ പങ്കെടുത്ത കാഴ്ചപരിമിതിയുള്ള ഒരു സ്ത്രീയെ ബിജെപി സിറ്റി വൈസ് പ്രസിഡൻ്റ് അഞ്ജു ഭാർഗവ പരസ്യമായി അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. അഞ്ജു ഭാർഗവയെ ഉടൻ ബിജെപി പുറത്താക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.