രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയരുന്ന ആരോപണങ്ങളില്‍ പാലക്കാട്ടെ കോണ്‍ഗ്രസില്‍ അതൃപ്തി. രാഹുലിനെ കെട്ടിയിറക്കിയവര്‍ അനുഭവിക്കട്ടെ എന്ന് ഒരു വിഭാഗം. പാലക്കാട് നിന്നുള്ള വ്യക്തിയെ മത്സരിപ്പിച്ചാല്‍ മതിയെന്ന് പലതവണ പറഞ്ഞിട്ടും ഷാഫി പറമ്പില്‍ ഉള്‍പ്പടെയുള്ളവര്‍ കേട്ടില്ലെന്നും കൂടെ നടന്നവര്‍ ഉത്തരം പറയാത്തത് എന്തെന്നും ചോദ്യം. വിഷയം പാര്‍ട്ടി കമ്മറ്റികളില്‍ ഉന്നയിക്കാനാണ് തീരുമാനം.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമനടപടി നേരിടേണ്ടി വന്നാലും തല്‍ക്കാലം എംഎല്‍എ സ്ഥാനം രാജിവെപ്പിക്കേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
തെളിവുകള്‍ അടക്കം പുറത്തുവന്നതോടെ നിയമനടപടി ഉണ്ടായാലും തന്റെ ഭാഗം തെളിയിക്കേണ്ട ബാധ്യത രാഹുലിന് മാത്രമാണെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന കടമ്പയും രാഹുലിന് മറികടക്കേണ്ടതുണ്ട്.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോള്‍ അവിടേക്ക് രാഹുലിനെ കൊണ്ടുവന്നത് ഷാഫി പറമ്പിലായിരുന്നു. അവിടെയും ആരോപണങ്ങള്‍ ഉണ്ടായെങ്കിലും വി.ഡി. സതീശനും ഷാഫി പറമ്പിലും രാഹുലിനെ പൊതിഞ്ഞു പിടിച്ചു. ഷാഫിയ്ക്ക് ലോക്സഭയിലേക്ക് ടിക്കറ്റ് കൊടുത്തപ്പോള്‍ ഷാഫി മുന്നോട്ടുവച്ച ഒരേയൊരു ആവശ്യം രാഹുലിനെ പാലക്കാട് പകരക്കാരനാക്കി മത്സരിപ്പിക്കണമെന്ന് മാത്രമായിരുന്നു.
അതുവരെ ചര്‍ച്ചകളില്‍ ഉണ്ടായിരുന്ന പേരുകള്‍ ഒക്കെ വെട്ടി വി.ഡി. സതീശനും അതിന് യെസ് മൂളി. പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടായിട്ടും നേതൃത്വം അനങ്ങാതിരുന്നതും ഈ പവര്‍ ഗ്രൂപ്പിന്റെ ശക്തി അറിയാമായിരുന്നതുകൊണ്ട് മാത്രം. ഒടുവില്‍ പാളയത്തില്‍ തന്നെ പടയുണ്ടായി. രാഹുലിനെതിരെ ഒന്നൊന്നായി ആരോപണങ്ങള്‍. അതും എഐസിസിയുടെ മുന്നില്‍ വരെ തെളിവടക്കം എത്തി.
ഒറ്റരാത്രികൊണ്ട് വീണ്ടും കാര്യങ്ങള്‍ കൈവിട്ടു. പവര്‍ ഗ്രൂപ്പിലെ ചിലരുടെ അറിവോടെ തെളിവുകള്‍ ഓരോന്നായി മാധ്യമങ്ങള്‍ക്ക് മുന്നില്‍. പാളയത്തിലെ പടയുടെ ആദ്യ കടുംവെട്ടില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പദവിയില്‍ നിന്ന് തെറിച്ചു രാഹുല്‍. ഇന്നലെവരെ ഒപ്പമുണ്ടായിരുന്നവരെല്ലാം കൈയൊഴിഞ്ഞതോടെ രാഹുലിന് നാണംകെട്ട് പടിയിറങ്ങേണ്ടി വന്നു എന്ന് മാത്രവുമല്ല നിയമപരമായി നീങ്ങാന്‍ യാതൊരുവിധ സഹായവും പാര്‍ട്ടിയുടെ പക്ഷത്തുനിന്ന് ഉണ്ടാവില്ലെന്ന അറിയിപ്പും കിട്ടി.
ഉയര്‍ന്ന ആരോപണങ്ങള്‍ക്കൊക്കെ കാരണക്കാരന്‍ രാഹുല്‍ തന്നെ ആയതിനാല്‍ തെളിയിക്കുന്നതും തെളിയിക്കാതിരിക്കുന്നതും രാഹുലിന്റെ മിടുക്കാണെന്നാണ് നേതൃത്വം പറഞ്ഞു വെ്ക്കുകയാണ്. രാഹുലിന്റെ ഏതു പ്രശ്നത്തിലും ആദ്യം പ്രതികരിക്കാന്‍ എത്തിയിരുന്ന ഷാഫി പറമ്പിലിന്റെ മൗനം, പിന്നീട് ബീഹാറിലേക്കുള്ള യാത്ര, അതും ഒരു വാക്ക് പോലും മിണ്ടാതെ. അതും അത്ര ശുഭകരമായി കാണുന്നില്ല പാര്‍ട്ടി.
കോടതിയും കേസും ആയാലും ഇടപെടേണ്ട എന്നാണ് പൊതുവിലെ ധാരണ. നിലവിലെ അവസ്ഥയില്‍ എംഎല്‍എ സ്ഥാനം രാജിവെപ്പിക്കില്ല. കോണ്‍ഗ്രസിലെ തന്നെ എംഎല്‍എമാരായ എം. വിന്‍സെന്റും എല്‍ദോസ് കുന്നപ്പിള്ളിയും പീഡന ആരോപണം നേരിട്ടപ്പോഴും ഭരണപക്ഷത്തുള്ള എംഎല്‍എ ആയ എം. മുകേഷിനെതിരെ പീഡന പരാതി വന്നപ്പോഴും രാജിവച്ചില്ല എന്നുള്ള മറുവാദമാണ് ഇവിടെ ഉയര്‍ത്തുക. അതും രാഹുലിനെ സംരക്ഷിക്കാന്‍ അല്ല, പാര്‍ട്ടിക്കൊരുക്കുന്ന പ്രതിരോധമാണ്. ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ തിരിച്ചടി നേരിടും എന്നുള്ള ഭയമുണ്ട് കോണ്‍ഗ്രസിനും യുഡിഎഫിനും.