പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഏതാനും ആഴ്ചകളായി അത്ര തെളിച്ചമില്ലാതെ കേട്ടിരുന്ന ആരോപണങ്ങളാണ് ഉറച്ച ശബ്ദത്തില്‍ പുറത്തുവന്നത്. സമൂഹമാധ്യമങ്ങളിലായി ഉയര്‍ന്ന ആരോപണങ്ങള്‍ പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്തകളായി. രാഹുലില്‍ നിന്ന് മോശം അനുഭവം നേരിട്ടവര്‍ അത് പരസ്യമായി പറയാനും തയ്യാറായി. വാട്സ്ആപ്പില്‍ മോശമായി പെരുമാറി, അശ്ലീല സന്ദേശമയച്ചു എന്നിങ്ങനെ തുടങ്ങി വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദരേഖ ഉള്‍പ്പെടെ പുറത്തുവന്നു. ഒന്നിനു പിറകെ ഒന്നായി ആരോപണങ്ങള്‍ ഉയരുകയും, കോണ്‍ഗ്രസ് അഖിലേന്ത്യ കമ്മിറ്റിക്ക് പരാതികള്‍ എത്തുകയും ചെയ്തതോടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാഹുലിനെ നീക്കണമെന്ന മുറവിളി ഉയര്‍ന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനൊപ്പം, കോണ്‍ഗ്രസിനകത്തും ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നു. അതോടെ, രാജിവയ്ക്കുകയല്ലാതെ രാഹുലിന് മറ്റ് നിവൃത്തിയില്ലായിരുന്നു. എന്നാല്‍, രാജി പ്രഖ്യാപനത്തില്‍ പോലും രാഷ്ട്രീയധാര്‍ഷ്ട്യം വിടാതെയായിരുന്നു രാഹുലിന്റെ പെരുമാറ്റം. ഇതില്‍ കൂടുതലൊന്നും വരില്ലെന്ന ആത്മവിശ്വാസത്തില്‍, ഇരകളെ വീണ്ടും വെല്ലുവിളിക്കുന്നതായിരുന്നു രാഹുലിന്റെ വാക്കുകള്‍.
സകല അടവുകളും പയറ്റി, കൗശലങ്ങള്‍കൊണ്ട് കോട്ട കെട്ടുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. തന്നോടാരും രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞു തുടങ്ങി രാഹുല്‍, ആരോപണങ്ങളുടെയെല്ലാം ഉത്തരവാദിത്തം മാധ്യമങ്ങളുടെ തലയിലേക്കിട്ടു. റിനിയുടെ ആരോപണങ്ങളെക്കുറിച്ച് പറയുമ്പോള്‍, തന്നെ അടുത്ത സുഹൃത്തെന്നായിരുന്നു മറുപടി. അവരാരും തന്റെ പേര് പറഞ്ഞിട്ടില്ലെന്നും, ആരും പരാതി നല്‍കിയിട്ടില്ലെന്നും ആവര്‍ത്തിച്ചുകൊണ്ടുള്ള രാഹുലിന്റെ പ്രതികരണം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെന്ന നിലയിലോ, പൊതുപ്രവര്‍ത്തകനെന്ന നിലയിലോ ഒരു തരത്തിലും യോജിക്കാനാവുന്നതായിരുന്നില്ല.
യുവ നടിയുടെ പരാതി
വാര്‍ത്താസമ്മേളനത്തില്‍ ആദ്യ ചോദ്യം ഉയര്‍ന്നത് മാധ്യമപ്രവര്‍ത്തകയും നടിയുമായ റിനി ആന്‍ ജോര്‍ജിന്റെ പരാതിയെക്കുറിച്ചാണ്. ഗുരുതരമായ ആരോപണങ്ങളാണ് റിനി ഉയര്‍ത്തിയത്. എന്നാല്‍ പേര് വ്യക്തമായി പരാമര്‍ശിച്ചിരുന്നുല്ലെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ ആണ് പിന്നിലെന്ന് സൂചിപ്പിക്കുന്ന തരത്തിലായിരുന്നു റിനിയുടെ ആരോപണം.
യുവ നേതാവ് അശ്ലീല സന്ദേശം അയച്ച് നിരന്തരം ശല്യം ചെയ്തുവെന്നും സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നുമാണ് നടി ആരോപിച്ചത്. 'അയാളുടെ' പാര്‍ട്ടിയിലെ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടാണ് പേര് വെളിപ്പെടുത്താത്തതെന്നും നടി പറഞ്ഞു. ആ പ്രസ്ഥാനത്തിലെ മുതിര്‍ന്ന നേതാക്കളുടെ കുടുംബത്തിലെ സ്ത്രീകള്‍ക്കും 'ഇയാള്‍' ശല്യമാണെന്നാണ് റിനിയുടെ വെളിപ്പെടുത്തല്‍.
'ഏതെങ്കിലും പാര്‍ട്ടിയേയോ പ്രസ്ഥാനത്തെയോ തേജോവധം ചെയ്യാനില്ല. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പറയുമ്പോള്‍ പല മാന്യ ദേഹങ്ങളും 'ഹൂ കെയേഴ്സ്' എന്നാണ് പറയുന്നത്. അതുകൊണ്ടാണ് അഭിമുഖത്തില്‍ അങ്ങനെ പറഞ്ഞത്. ആരോപണങ്ങള്‍ പല ഫോറങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആരോപണങ്ങള്‍ ഉന്നയിച്ചിട്ട് പോലും ആ വ്യക്തിക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചു,' റിനി പറഞ്ഞു. പ്രതിപക്ഷ നേതാവ് അടക്കമുള്ളവരോട് കാര്യം പറഞ്ഞിരുന്നു. തനിക്കെന്റെ സ്വന്തം പിതാവിനെ പോലെയാണ്. പരാതിയായി ഇക്കാര്യം ഉന്നയിച്ചപ്പോള്‍ പല വിഗ്രഹങ്ങളും ഉടഞ്ഞു. ഒരു രാഷ്ട്രീയ നേതാവിനോട് പരാതി പറഞ്ഞപ്പോള്‍ 'അത് അവന്റെ മിടുക്ക്' എന്ന് പറഞ്ഞു. 'ഹൂ കെയേഴ്സ്' എന്നാണ് എപ്പോഴും അയാളുടെ മനോഭാവമെന്നും നടി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ യുവ നടിയുടെ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ആരോപണം നിഷേധിക്കുകയോ അവരെ അറിയില്ലെന്നോ പറയാതെ, നടി തന്റെ അടുത്ത സുഹൃത്താണെന്നായിരുന്നു ഇന്ന് രാഹുലിന്റെ മറുപടി. ''എന്റെ പേര് പറഞ്ഞിട്ടില്ലല്ലോ. എന്നെ പറ്റിയാണ് പറഞ്ഞതെന്ന് വിശ്വസിക്കുന്നില്ല, അത് എന്നെപറ്റിയല്ല പറഞ്ഞതെന്നാണ് മനസിലാക്കുന്നത്' എന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്.
ശബ്ദരേഖയെക്കുറിച്ചുള്ള ചോദ്യം
രാഹുലുമായുള്ള ശബ്ദരേഖയില്‍ രാഹുല്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുന്നുവെന്ന് വ്യക്തമായിരുന്നു. കുഞ്ഞിനെ കാണുന്നവര്‍ തന്തയില്ലാത്തവന്‍ എന്ന് വിളിക്കില്ലേ എന്ന് രാഹുല്‍ ചോദിക്കുമ്പോള്‍ അത് താന്‍ നോക്കിക്കോളാം എന്ന് യുവതി ശബ്ദരേഖയില്‍ പറയുന്നത് കേള്‍ക്കാം. കുഞ്ഞിന് ആരെ ചൂണ്ടിക്കാണിച്ച് കൊടുക്കുമെന്ന് ചോദിക്കുമ്പോള്‍ യുവതി പറയുന്നുണ്ട് ''തന്നെ കാണിച്ചുകൊടുക്കും' എന്ന്. എന്നാല്‍ ''അതല്ലേ പറയുന്നത്, എനിക്കത് ബുദ്ധിമുട്ടാകും'' എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി പറയുന്നതും കേള്‍ക്കാം.
വാര്‍ത്താസമ്മേളനത്തില്‍ ശബ്ദരേഖയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്നത്തെ കാലത്ത് ഇതൊന്നും ഉണ്ടാക്കാന്‍ സാധ്യമല്ലാത്ത കാര്യമല്ലല്ലോ എന്ന ഒഴുക്കന്‍ മറുപടിയാണ് രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഫോണ്‍ സംഭാഷണം വ്യാജമാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, ആരെങ്കിലും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന പരാതി അങ്ങയോട് ആരോടെങ്കിലും വന്ന് പറഞ്ഞുവോ എന്ന മറു ചോദ്യമാണ് രാഹുല്‍ ചോദിച്ചത്. പരാതി വന്നാല്‍ മറുപടി പറയാം എന്നാണ് രാഹുലിന്റെ നിലപാട്. അപ്പോഴും ശബ്ദത്തിലുള്ളത് താനല്ലെന്നോ തനിക്ക് അത്തരം ഒരു ബന്ധമോ, താനുമായി ബന്ധപ്പെട്ട് അത്തരം ഒരു സംഭവമോ ഉണ്ടായിട്ടില്ലെന്ന് നിഷേധിക്കാന്‍ രാഹുലിന് സാധിച്ചിട്ടുമില്ല.
''പരാതിയില്ലാത്ത ഗര്‍ഭഛിദ്ര''ത്തെ കുറിച്ച് പറയുമ്പോള്‍ ''സര്‍ക്കാരിന്റെ പുറത്തുവന്ന അന്തച്ഛിദ്ര''ങ്ങളെക്കുറിച്ച് എന്താണ് പറയാത്തതെന്ന് ചോദിച്ചാണ് രാഹുല്‍ കൈകഴുകുന്നത്.
ഹണി ഭാസ്‌കറിന്റെ പരാതി
ശ്രീലങ്കന്‍ യാത്രയ്ക്കിടെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോയിട്ടപ്പോള്‍ രാഹുല്‍ അതിന് മറുപടിയായി ചാറ്റ് ചെയ്തു. പിന്നീട് തന്നെക്കുറിച്ച് സുഹൃത്തുക്കളോട് രാഹുല്‍ മോശമായി സംസാരിച്ചെന്ന് ആ സുഹൃത്തുക്കള്‍ പറഞ്ഞ് തന്നെ താന്‍ അറിഞ്ഞെന്നുമാണ് ഹണി ഭാസ്‌കറിന്റെ പരാതി. എന്നാല്‍ അവരെക്കുറിച്ച് സുഹൃത്തുക്കളോട് ഞാന്‍ മോശം പറഞ്ഞതിന് തെളിവുണ്ടോ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്.
'അവര്‍ പുറത്തുവിട്ട ചാറ്റ് എന്താണ്? ശ്രീലങ്കയും ഒരു വെള്ള ഹൃദയ ചിഹ്നവുമാണ് അവര്‍ പങ്കുവെച്ച ചാറ്റ്. അതിന് താഴോട്ട് ഉള്ള സംഭാഷണം എന്താണ് അവര്‍ പങ്കുവെക്കാത്തത്? സംസാരിക്കുന്നത് കുറ്റകൃത്യമാണെന്ന് പറഞ്ഞിരുന്നെങ്കില്‍ അവരും കുറ്റകൃത്യം ചെയ്തെന്ന് പറയേണ്ടി വരില്ലേ?,' എന്നുമാണ് രാഹുല്‍ പറയുന്നത്.
ഈ പരാതികളൊക്കെ വളരെ ചെറിയ കാര്യങ്ങളാണെന്നും അതാണോ നിങ്ങള്‍ വാര്‍ത്തയാക്കുന്നതെന്നും, ആരോപണം ഉന്നയിച്ചെങ്കില്‍ അവര്‍ തന്നെ തെളിയിക്കട്ടെയെന്നുമാണ് രാഹുല്‍ പറഞ്ഞത്. അതിനപ്പുറം, അത്തരമൊരു ചാറ്റ് നടത്തിയെന്നോ ഇല്ലെന്നോ ഉള്ളതിന് യാതൊരു ധാര്‍മികമായ മറുപടിയും രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.
മറ്റു സ്ത്രീകളോടും മോശമായി പെരുമാറിയെന്ന് ഹണി ഭാസ്‌കര്‍ പറഞ്ഞെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുമ്പോള്‍ അവര്‍ തെളിവ് പുറത്തുവിടട്ടെ എന്ന് മാത്രമാണ് രാഹുല്‍ പറയുന്നത്. അല്ലാതെ താന്‍ അത്തരത്തില്‍ പെരുമാറിയിട്ടില്ലെന്ന് ഒരു തവണ പോലും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയം.
വ്യക്തി അധിക്ഷേപമാണെങ്കില്‍ ഹണിക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമ്പോള്‍ എന്തിന് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് രാഹുല്‍ ചെയ്തത്.
സൈബറിടത്തില്‍ ആയിരക്കണക്കിന് ഫേസ്ബുക്ക് പോസ്റ്റുകളാണ് ഓരോ ദിവസവും ആളുകളില്‍ നിന്ന് വരുന്നത്. റെസ്പോണ്‍സിബിള്‍ ആയ ആളുകള്‍ പറയുന്നതിന് മറുപടി പറയാം. സൈബറിടത്തില്‍ നിന്നുള്ള ആളുകള്‍ക്കെതിരെ മാത്രം പരാതി കൊടുക്കാന്‍ നിന്നാല്‍ അതിനായി ഒരു പൊലീസ് സ്റ്റേഷന്‍ തന്നെ തനിക്കായി തുടങ്ങേണ്ടി വരുമെന്ന പരിഹാസമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയത്.
പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസമോ ?
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴും, ''എന്റെ പേര് ആരും ഇതുവരെ ഉന്നയിച്ചിട്ടില്ല. ഉറച്ച വിശ്വാസം നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ്. എന്നെ പറ്റി കെട്ടിച്ചമച്ച പരാതി പോലും ഇതുവരെ വന്നിട്ടില്ല,' എന്നാണ് രാഹുല്‍ പറയുന്നത്. പരാതി കൊടുത്താല്‍ നീതിന്യായ സംവിധാനങ്ങളില്‍ നിരപരാധിത്വം തെളിയിക്കുമെന്നും രാഹുല്‍ വെല്ലുവിളിക്കുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ രാഹുലിനെ ഇതിനകം തള്ളിപ്പറഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ഉച്ചയ്ക്ക് 1.30 ന് വാര്‍ത്താസമ്മേളനത്തിനൊടുവില്‍ രാജി പ്രഖ്യാപിച്ചതും.
താന്‍ മകളെ പോലെ കാണുന്ന പെണ്‍കുട്ടി ചാറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രസ്തുത വ്യക്തിയെക്കുറിച്ച് പരാതിപ്പെട്ടിട്ടുണ്ടെന്ന് വി.ഡി. സതീശന്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സമ്മതിക്കുമ്പോഴും, പ്രതിപക്ഷ നേതാവ് അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് രാഹുല്‍ പറയുന്നത്.
ഇരകളോടുള്ള വെല്ലുവിളി
രാഹുലിന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് തെളിയിക്കുന്ന, ചാറ്റിന്റെ ചിത്രങ്ങളും പുറത്തുവന്നത്. യുവതിയോട് ഗുളിക കഴിച്ച് ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുന്നതും, എന്നാല്‍ കുഞ്ഞിനോട് വൈകാരിക അടുപ്പം തോന്നുന്നുവെന്ന് യുവതി പറയുമ്പോള്‍ 'എന്നാല്‍ നിങ്ങള്‍ അത് എന്താണെന്ന് വെച്ചാല്‍ ചെയ്തോളൂ, ബൈ'' എന്നും രാഹുല്‍ ചാറ്റില്‍ മറുപടി പറയുന്നതായും കാണാം.
തൊട്ടുപിന്നാലെ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ എംഎല്‍എയ്ക്കെതിരെ അഭിഭാഷകനായ ഷിന്റോ സെബസ്റ്റ്യന്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിക്കുന്നത് കുറ്റകരമാണെന്ന് നിയമമിരിക്കെ ഇത്ര ലാഘവത്തോടെ തെളിവില്ലെന്ന് പറഞ്ഞ് കൈകഴുകുന്ന എംഎല്‍എ ഒരിക്കലും പിടിക്കപ്പെടില്ലെന്നോ, ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടാലും തന്റെ പേര് പുറത്തുവരില്ലെന്നോ ഉള്ള ആത്മവിശ്വാസത്തിലാണ് ആരോപണങ്ങളെ തൃണവത്കരിക്കുന്നതെന്ന് സംശയിക്കേണ്ടി വരും.
തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തിരുത്താമെന്നോ, അന്വേഷണം നേരിടാമെന്നോ രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയും പറഞ്ഞിട്ടുമില്ല. അതുകൊണ്ടു തന്നെ എല്ലാ ആരോപണങ്ങളോടും വളരെ മോശമായി പ്രതികരിച്ചുകൊണ്ടുള്ള രാഹുലിന്റെ നിലപാട് ഇരകളോടുള്ള വെല്ലുവിളിയാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
എന്നാല്‍ നിയമത്തിനു മുന്നില്‍ പരാതിയായി തന്നെ വന്ന സ്ഥിതിക്ക് ഇനിയും രാഹുല്‍ പ്രതികരിക്കാതിരിക്കുമോ, ആരോപണം നിഷേധിക്കുമോ അതോ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കുമോ എന്നും കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.