പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താലയിൽ വി ടി ബൽറാം വീണ്ടും മത്സരിക്കണമെന്ന് ജില്ലാ നേതൃയോഗo. ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥി എം.ബി. രാജേഷിനോട് ബൽറാം പരാജയപ്പെട്ടിരുന്നു. വാശിയേറിയ മത്സരത്തിൽ ഫലം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ തോല്‍വി അംഗീകരിച്ച് ഫേസ്‌ബുക്ക് പോസ്‌റ്റുമായി ബൽറാം പ്രതികരിച്ചിരുന്നു.
അതേ സമയം നിയമസഭ തെരഞ്ഞെടുപ്പിൽ പട്ടാമ്പി സീറ്റ് ലീഗിന് നൽകേണ്ട എന്ന തീരുമാനവും കോൺഗ്രസ് ജില്ലാ നേതൃയോഗം കൈക്കൊണ്ടു. പട്ടാമ്പിയിൽ കോൺഗ്രസ് തന്നെ മത്സരിക്കാനാണ് തീരുമാനം. നിയമസഭ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായതോടെ ഒരു മുഴം മുന്നേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ലക്ഷ്യമിട്ട് ചര്‍ച്ചകള്‍ സജീവമാക്കുകയാണ് യുഡിഎഫ്. അബിന്‍ വര്‍ക്കിയെയും മറിയം ഉമ്മനെയും സ്ഥാനാര്‍ഥികളാക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട, കോട്ടയം ഡിസിസികള്‍ കെപിസിസിയെ സമീപിച്ചു. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് പകരക്കാരനെ കണ്ടെത്താന്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടി വരുമെന്ന സ്ഥിതിയാണ്.
മറിയം ഉമ്മൻ അടക്കം സർപ്രൈസ് സ്ഥാനാർഥികളെ ഇറക്കി ഓരോ മണ്ഡലത്തിലും വിജയം ഉറപ്പിക്കുക എന്നതാണ് കോൺഗ്രസ് തന്ത്രം. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ പുതുമുഖത്തെ ഇറക്കി സീറ്റ് നിലനിർത്തുകയാണ് കോട്ടയം ഡിസിസിയുടെ ലക്ഷ്യം. ഇതിനായി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മൻ സ്ഥാനാർഥിയാകണമെന്ന ആവശ്യമാണ് ജില്ലാ കമ്മിറ്റി മുന്നോട്ട് വെക്കുന്നത്. മറിയം മത്സരിച്ചാൽ വിജയം ഉറപ്പാണെന്നും ഡിസിസി അവകാശപ്പെടുന്നു.
കാഞ്ഞിരപ്പള്ളി നൽകിയില്ലെങ്കിൽ ആറന്മുളയിലോ, ചെങ്ങന്നൂരിലോ മറിയത്തെ പരിഗണിക്കണമെന്നും ഡിസിസി ആവശ്യപ്പെടുന്നു. ആറന്മുളയിൽ അബിൻ വർക്കിയെ എത്തിക്കാനുള്ള നീക്കവുമായി പത്തനംതിട്ട ഡിസിസിയും രംഗത്തുണ്ട്. മണ്ഡലത്തില്‍ ഏറ്റവും വിജയസാധ്യതയുള്ള സ്ഥാനാർഥിയാകും അബിനെന്നാണ് ഡിസിസിയുടെ വിലയിരുത്തല്‍. അബിൻ വർക്കിയില്ലെങ്കില്‍ പഴകുളം മധു, അനീഷ് വരിക്കണ്ണാമല, വിജയ് ഇന്ദുചൂഡൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
പാലക്കാട് ലൈംഗീകാരോപണ വിവാദത്തില്‍ കുടുങ്ങി സിറ്റിങ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ മത്സരരംഗത്തിറങ്ങാന്‍ നേതാക്കളുടെ നീണ്ട നിര തന്നെയുണ്ട്. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ മത്സരതാല്‍പര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഡിസിസി പ്രസിഡന്റ് എ തങ്കപ്പനും സീറ്റിനായി പിടിമുറുക്കുമെന്നത് ഉറപ്പാണ്.
ബേപ്പൂരിൽ യുഡിഎഫ് ടിക്കറ്റിൽ മത്സരിക്കുന്നതിനൊപ്പം തനിക്കൊപ്പമുള്ള രണ്ടുപേർക്ക് കൂടി സീറ്റ് അനുവദിക്കണം എന്നാണ് പി.വി. അന്‍വറിന്‍റെ ആവശ്യം. സജി മഞ്ഞക്കടമ്പൻ, നിസാർ മേത്തർ എന്നിവർക്ക് വേണ്ടിയാണ് അന്‍വറിന്‍റെ വിലപേശല്‍. സജി മഞ്ഞക്കടമ്പന് പൂഞ്ഞാർ സീറ്റും നിസാർ മേത്തറിന് തൃക്കരിപ്പൂർ സീറ്റും ലക്ഷ്യമിട്ടാണ് അന്‍വറിന്‍റെ നീക്കം. ജില്ല കോണ്‍ഗ്രസ് കമ്മറ്റികളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് ഈ മാസം അവസാനത്തോടെ ആദ്യഘട്ട സഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് കെപിസിസി തീരുമാനം.