പാലക്കാട്: പുതുനഗരത്ത് പൊട്ടിത്തെറിച്ച പന്നിപ്പടക്കം കൊണ്ടു വന്നത് പരിക്കേറ്റ ഷെരീഫ് എന്ന് സംശയത്തില്‍ പൊലീസ്. ഷെരീഫിന്റെ വീട്ടില്‍ ഇന്ന് പൊലീസ് പരിശോധന നടത്തും. ഷെരീഫിന്റെ കയ്യില്‍ നിന്ന് വീണു പൊട്ടിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷെരീഫ് സഹോദരിയെ കാണാനാണ് വീട്ടില്‍ എത്തിയത്. ഇയാളുടെ രാഷ്ട്രീയ പശ്ചാത്തലവും പരിശോധിച്ചു വരികയാണ്.
ഷെരീഫ് സ്ഥിരമായി പന്നി പടക്കം ഉപയോഗിച്ച് പന്നിയെ പിടിക്കാറുള്ളതായി പൊലീസിന്ന് വിവരം ലഭിച്ചിട്ടുണ്ട് അതേസമയം സംഭവത്തില്‍ മൊഴി നല്‍കാന്‍ പരിക്കേറ്റ സഹോദരി വൈമുഖ്യം കാണിക്കുന്നതായി പൊലീസ് പറയുന്നു. വീടിനകത്ത് പൊട്ടിയത് ഒന്നിലേറെ പന്നി പടക്കമെന്നും പൊലീസ്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടെത്തിറിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു പൊലീസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ വിശദമായ പരിശോധനയില്‍ അത് പന്നിപ്പടക്കമാണെന്ന് കണ്ടെത്തുകയായിരുന്നു.
അപകടത്തില്‍ ഷെരീഫിനും സഹോദരിക്കുമാണ് പരിക്കേറ്റത്. ഇരുവര്‍ക്കും സാരമായി തന്നെ പരിക്കേറ്റിട്ടുണ്ട്. ഗുരുതര പരിക്കിനെ തുടര്‍ന്ന് ഷെരീഫിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.