

കൊച്ചി: അപകീർത്തികരമായ കേസ് അന്വേഷിക്കുന്നതിൽ നിന്ന് പാലാരിവട്ടം എസ്ഐയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ രംഗത്തെത്തി. ഡിജിപിക്കും സിറ്റി പൊലീസ് കമ്മീഷണർക്കുമാണ് നടി പരാതി നൽകിയത്. താൻ നൽകിയ കേസ് എസ്ഐ അന്വേഷിക്കുന്നില്ലെന്ന് അൻസിബ ആരോപിച്ചു.
ലക്ഷ്മിപ്രിയ, ശ്വേത മേനോൻ എന്നിവർക്കെതിരെയാണ് അൻസിബ പാലാരിവട്ടം പൊലിസിൽ പരാതി നൽകിയിരുന്നത്. അൻസിബയ്ക്കെതിരെ യൂടൂബ് ചാനലിൽ ഇൻ്റർവ്യൂവിൽ ഗുരുതര ആരോപണമാണ് ലക്ഷ്മിപ്രിയ ഉന്നയിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല കഥകളും, അപകീർത്തികരമായ പ്രചാരണങ്ങളും നടത്തുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയുണ്ട്.
അമ്മയുടെ മുൻ പ്രസിഡൻ്റ് ശ്വേത മേനോൻ ആണ് പ്രചാരണങ്ങൾക്ക് പിന്നിലെന്ന് അൻസിബ ആരോപിച്ചിരുന്നു. ടിനി ടോം അപവാദ പ്രചരണം നടത്തിയെന്ന് ആരോപിച്ച് അൻസിബ രംഗത്ത് വന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. പിന്നീട് പക്ഷം ചേർന്ന് ലക്ഷ്മിപ്രിയ അൻസിബയ്ക്കെതിരെ തിരിയുകയായിരുന്നു.
പ്രശ്നം പൊലീസ് കേസിലും പിന്നീട് അമ്മയിലും ചർച്ചയാവുകയും ചെയ്തു. അടുത്തിടെ ചേർന്ന അമ്മ ജനറൽ ബോഡിയിൽ അൻസിബയുടെ പ്രശ്നം താരങ്ങൾ ചർച്ച ചെയ്യുകയും, ശ്വേത മേനോൻ അടക്കമുള്ള ഭാരവാഹികൾ നേതൃസ്ഥാനത്ത് നിന്ന് രാജിവയ്ക്കുകയും ചെയ്തിരുന്നു.