
അന്തരിച്ച പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെ സംസ്‌കാരം ഇന്ന്. 11 മണിക്ക് വണ്ടിപ്പെരിയാര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. ഉച്ചയോടെ വാളാഡിയിലെ വീട്ടില്‍ എത്തിക്കും. നാല് മണിക്ക് പഴയ പമ്പനാറിലുള്ള എസ്.കെ.ആനന്ദന്‍ സ്മൃതി മണ്ഡപത്തിന് സമീപമായിരിക്കും സംസ്‌കാര ചടങ്ങുകള്‍.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് വാഴൂര്‍ സോമന്‍ (72) അന്തരിച്ചത്. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് തിരുവനന്തപുരം ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണ ആശുപത്രിയല്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കേന്ദ്രത്തില്‍ നടന്ന ഇടുക്കി ജില്ലാ റവന്യൂ അസംബ്ലിയില്‍ പങ്കെടുത്ത് പീരുമേട്ടിലെ റവന്യൂ വിഷയങ്ങള്‍ അവതരിപ്പിച്ച് തിരിച്ച് ഇറങ്ങുമ്പോഴാണ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ റവന്യൂ മന്ത്രി കെ. രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുഞ്ഞുപാപ്പന്റെയും പാര്‍വതിയുടെയും മകനായി 1952 സെപ്റ്റംബര്‍ 14-ാം തീയതി കോട്ടയം ജില്ലയിലെ വാഴൂര്‍ ആണ് ജനനം. എഐഎസ്എഫ് സംസ്ഥാന നേതാവ്, ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷന്‍(20052010), കേരള സംസ്ഥാന വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ അധ്യക്ഷന്‍ (20162021), എഐറ്റിയുസി സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ പ്രവര്‍ത്തക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
2021ല്‍ 15-ാം കേരള നിയമസഭയിലേയ്ക്ക് പീരുമേട് നിയോജക മണ്ഡലത്തില്‍ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. 15 വര്‍ഷം ഇ.എസ് ബിജിമോള്‍ എംഎല്‍എയായിരുന്ന പീരുമേട് 2021ല്‍ സിപിഐക്കു വേണ്ടി നിലനിര്‍ത്താനുള്ള ദൗത്യമായിരുന്നു വാഴൂര്‍ സോമന്. മണ്ഡലം കണ്ട ഏറ്റവും ശക്തമായ മത്സരത്തിലാണ് കോണ്‍ഗ്രസിന്റെ സിറിയക് തോമസിനെ 1835 വോട്ടിന് തോല്‍പ്പിച്ച് നിയമസഭയിലെത്തിയത്. ആ വിജയത്തിന് താങ്ങായത് പതിറ്റാണ്ടുകളായുള്ള തൊഴിലാളി ബന്ധമാണ്. പീരുമേട്ടിലേയും ദേവികുളത്തേയും ഭൂരിപക്ഷം വോട്ടര്‍മാരേയും പേരെടുത്തു വിളിക്കാന്‍ മാത്രമുള്ള അടുപ്പമായിരുന്നു സോമന് ഉണ്ടായിരുന്നത്. ഇടുക്കിയില്‍ തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കാനെത്തിയവരില്‍ നിന്നു വളര്‍ന്നുവന്ന കരുത്തനായ നേതാവാണ് വിടവാങ്ങുന്നത്.