കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം നിലയിൽ മത്സരിക്കാനൊരുങ്ങി പെന്തകോസ്ത് സഭ. 14 മണ്ഡലങ്ങളിൽ സഭ സ്ഥാനാർഥികളെ നിർത്തുമെന്ന് യുണൈറ്റഡ് പെന്തകോസ്ത് കൗൺസിൽ ദേശീയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ ന്യൂസ് മലയാളത്തോട് പറഞ്ഞു. 45 അസംബ്ലി മണ്ഡലങ്ങളിൽ സ്വാധിനം ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ ജയസാധ്യതയുള്ള മണ്ഡലങ്ങളാണ് പരിഗണിക്കുന്നത്. മുന്നണികൾ കേരളം മാറി മാറി ഭരിച്ചിട്ടും പെന്തകോസ്ത് സമുദായങ്ങൾക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്നും ബാബു പറയത്തുകാട്ടിൽ ആരോപിച്ചു. ജനുവരി 28ന് തിരുവല്ലയിൽ നടക്കുന്ന സംസ്ഥാന ഭാരവാഹികളുടെ മീറ്റിങ്ങിൽ കൂടുതൽ ചർച്ചകളിലേക്ക് കടക്കുമെന്നും ബാബു വ്യക്തമാക്കി.
പാറശാല, നെയ്യാറ്റിൻകര, പത്തനാപുരം, കൊട്ടാരക്കര, അടൂർ, ആറന്മുള, റാന്നി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട്, ചങ്ങനാശ്ശേരി, കോട്ടയം, ഇടുക്കി, പീരുമേട് എന്നി അസംബ്ലി മണ്ഡലങ്ങളിൽ യുണൈറ്റഡ് പെന്തകോസ്തൽ കൌൺസിൽ സ്വാനാർഥികളെ നിർത്തും. കേരളത്തിൽ എംഎൽഎയോ, എംപിയോ ഇല്ലാത്ത ഏക സമുദായം പെന്തകോസ്ത് സമുദായം മാത്രമാണ്. ബോർഡ്, കോർപ്പറേഷൻ എന്നി സ്ഥാനങ്ങളിൽ പോലും പെന്തകോസ്ത് വിഭാഗത്തെ പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ സ്വാധിനമുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്താൻ യുപിസി തീരുമാനിച്ചത്.
കേരളത്തിലെ പ്രബലമുന്നണികളിൽ നിന്നും അവഗണയാണ് പെന്തകോസ്ത് സഭകൾക്ക് ലഭിക്കുന്നതെന്നും ബാബു പറയത്തുകാട്ടിൽ പറഞ്ഞു. പെന്തകോസ്ത് സമുദായങ്ങൾക്ക് സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ അനിവാര്യമാണ്. പെന്തകോസ്ത് വിഭാഗം സംഘടിതരല്ലെന്നുള്ള ചിന്തയിലാണ് മുന്നണികൾ മാറ്റി നിർത്തിയത്. കേരളത്തിൽ പെന്തകോസ്ത് സമൂഹത്തെ വർഗിയ കക്ഷികൾ വേട്ടയാടുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്നു. പെന്തകോസ്ത് സമുദായങ്ങളെ സംരക്ഷിക്കുന്നവർക്ക് പിന്തുണകൊടുക്കണമെന്നുള്ള അഭിപ്രായവും യുപിസി ചർച്ചകൾ ചെയ്യുന്നുണ്ടെന്നും ബാബു പറയത്തു കാട്ടിൽ പറഞ്ഞു.