

"ശബ്ദം പ്രക്ഷേപണ യോഗ്യമല്ലാത്തതിനാല്‍ ഓഡിഷനില്‍ തിരഞ്ഞെടുക്കപ്പെട്ടില്ല. ലളിതഗാന പ്രക്ഷേപണത്തിന് വിളിക്കേണ്ടതില്ല". 1960ല്‍ ആകാശവാണിയിലെ ഒരു വിഭാഗം ശബ്ദപരിശോധകര്‍ ആ ശബ്ദത്തെ വിധിച്ചത് ഇങ്ങനെയായിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വണ്ടികയറിയ, സംഗീതം ഒന്നാം റാങ്കോടെ പാസായ യുവാവിനെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട വിധിയെഴുത്ത്. പക്ഷേ, അത് തിരുത്തപ്പെടാന്‍ അധികം കാത്തിരിക്കേണ്ടിവന്നില്ല. ഇതേ ആകാശവാണിയില്‍നിന്ന് അദ്ദേഹത്തിന്റെ സ്വരം ഇടവേളകളില്ലാതെ ഒഴുകിയെത്തുന്ന കാലത്തിലേക്ക് സമയം അതിവേഗം സഞ്ചരിച്ചെത്തി. ചിലരുടെ വിധിയെഴുത്തിനെ കാലം തിരുത്തിയത് അങ്ങനെയായിരുന്നു. ആ ഗന്ധര്‍വധാര മണ്ണില്‍ പിറവിയെടുത്തിട്ട് 86 വര്‍ഷമാകുന്നു. കെ.ജെ യേശുദാസ്... മലയാളികളുടെ സ്വന്തം ദാസേട്ടന്‍.
സംഗീതപ്രേമികളായ മലയാളികള്‍, ദിവസം ഒരു തവണയെങ്കിലും കേള്‍ക്കുന്ന ശബ്ദമെന്ന പതിവു പറച്ചിലിനപ്പുറം, ഹൃദയത്തെ വിട്ടൊഴിയാത്ത സംഗീതമെന്നും അര്‍ത്ഥമുണ്ട് കെ.ജെ. യേശുദാസ് എന്ന പേരിന്. സുഖവും ദുഃഖവും പ്രണയവും, വിരഹവും, ഭക്തിയും, വേര്‍പാടും തുടങ്ങി, മനുഷ്യമനസിന്റെ സര്‍വവികാരങ്ങള്‍ക്കും ഈണം പകരുന്ന അതിശയരാഗം. അനന്തവും അഗാധവുമായ സ്വരസഞ്ചയത്തിന്‍റെ കുളിരില്‍ മലയാളികള്‍ സ്വയം മറന്നലിയാന്‍ തുടങ്ങിയിട്ട് ആറ് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. ദൈവം വരദാനംനല്‍കിയ സ്വരസൗകുമാര്യം. കാലഘട്ടത്തിനനുസരിച്ച് പുതുഭാവം സ്വീകരിച്ച ആ സ്വരമാധുര്യത്തിന്‍റെ അളവുകോലില്‍ മലയാള ചലച്ചിത്ര ഗാന ചരിത്രത്തെ തന്നെ അടയാളപ്പെടുത്തിവെക്കാനാകും.
1940 ജനുവരി പത്തിന് സംഗീത-നാടക നടനും പാട്ടുകാരനുമായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മൂത്ത മകനായിട്ടായിരുന്നു യേശുദാസിന്റെ ജനനം. സംഗീതത്തില്‍ പിതാവ് തന്നെയായിരുന്നു ആദ്യ ഗുരു. എട്ടു വയസ്സുള്ളപ്പോള്‍ പ്രാദേശികാടിസ്ഥാനത്തില്‍ നടത്തിയ സംഗീത മത്സരത്തില്‍ പങ്കെടുത്ത് സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. പിതാവിനൊപ്പം മകന്റെയും പേര് നാട്ടുകാര്‍ ചര്‍ച്ച ചെയ്തുതുടങ്ങി. കച്ചേരിക്കും മറ്റുമായി അഗസ്റ്റിനെ കാണാനെത്തുന്നവര്‍ക്ക് മുന്നില്‍ യേശുദാസ് വിസ്മയം തീര്‍ത്തു. ഹിന്ദി പാട്ടുകളും, സൈഗാളിനെയുമൊക്കെ അനായാസം പാടി അതിഥികളുടെ മനം കവര്‍ന്നു. പിന്നെ ഒട്ടും വൈകിയില്ല, ഒമ്പതാം വയസില്‍ മകനെ അഗസ്റ്റിന്‍ അരങ്ങിലെത്തിച്ചു. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് സ്കൂള്‍ ഗ്രൗണ്ടില്‍ പിതാവിനൊപ്പം ആദ്യ ശാസ്ത്രീയ സംഗീത കച്ചേരി. പരിപാടി പകുതിയായപ്പോള്‍, മൈക്ക് യേശുദാസിനെ ഏല്‍പ്പിച്ച് പിതാവ് അഗസ്റ്റിന്‍ കാണികളുടെ ഇടയിലേക്ക് ഇറങ്ങി. ആളുകളുടെ അഭിപ്രായം അറിയാനായിരുന്നു അത്. 'അഗസ്റ്റിനേക്കാള്‍ കേമനാണല്ലോ മകന്‍' എന്ന് കേള്‍വിക്കാര്‍ അത്ഭുതംകൊണ്ടു. സംഘാടകര്‍ കൊച്ചു യേശുദാസിന് വെള്ളിക്കപ്പ് സമ്മാനമായി നല്‍കി. അതായിരുന്നു യേശുദാസിന്റെ സംഗീത പ്രയാണത്തിന്റെ തുടക്കം.
പൊതുപരിപാടികളില്‍ സജീവമായതിനൊപ്പം, സ്കൂള്‍ കലോത്സവങ്ങളിലും യേശുദാസ് തിളങ്ങി. സംസ്ഥാന തലത്തില്‍ ഉള്‍പ്പെടെ സമ്മാനങ്ങള്‍ നേടി. സംഗീതമാണ് യേശുദാസിന്റെ വഴിയെന്ന് ബോധ്യപ്പെട്ടതോടെ, അഗസ്റ്റിന്‍ മകനെ തൃപ്പൂണിത്തുറ ആര്‍എല്‍വിയില്‍ ഗാനഭൂഷണം കോഴ്സിന് ചേര്‍ത്തു. രോഗബാധിതനായി സംഗീത പരിപാടികള്‍ക്കൊന്നും പോകാനാകാതെ അഗസ്റ്റിന്‍ വീട്ടില്‍ തന്നെ കഴിയുന്ന കാലമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായിരുന്നു. പഠനശേഷം, യേശുദാസിന് ഏതെങ്കിലും സ്കൂളിലോ, മ്യൂസിക്ക് അക്കാദമിയിലോ അധ്യാപകജോലി തരപ്പെടുമെന്ന ചിന്തയുമുണ്ടായിരുന്നു അത്തരമൊരു തീരുമാനത്തിന്.
ഗാനഭൂഷണം പാസായ യേശുദാസ് തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ ഉപരിപഠനത്തിന് ചേര്‍ന്നു.സംഗീതഭൂഷണം പാസായാല്‍ ജോലി സാധ്യത ഏറെയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ ഉലഞ്ഞ യേശുദാസിന് പ്രിന്‍സിപ്പലായിരുന്ന ശെമ്മാങ്കുടി തന്റെ കാര്‍ ഷെഡ് താമസത്തിനായി കൊടുത്തു. അക്കാലത്താണ് യേശുദാസ് ആകാശവാണിയില്‍ അവസരം തേടുന്നത്. ലളിതഗാനം പാടുന്നതിനായി പുതിയ ഗായകരെ കണ്ടെത്താന്‍ നടത്തിയ ഓഡിഷനിലാണ് യേശുദാസ് പങ്കെടുത്തത്. നാട്ടിലും പഠിച്ച സ്ഥാപനങ്ങളിലും എല്ലാവരും വാഴ്ത്തിയ യേശുദാസിന്റെ ശബ്ദം പക്ഷേ ഒരു വിഭാഗം ശബ്ദപരിശോധകര്‍ക്ക് സ്വീകാര്യമായില്ല. "ശബ്ദം പ്രക്ഷേപണ യോഗ്യമല്ലാത്തതിനാല്‍ ഓഡിഷനില്‍ തിരഞ്ഞെടുക്കപ്പെട്ടില്ല. ലളിതഗാന പ്രക്ഷേപണത്തിന് വിളിക്കേണ്ടതില്ല" എന്ന് അവര്‍ വിധിയെഴുതി. വളര്‍ന്നുവരുന്ന ഒരു ഗായകന് കിട്ടാവുന്ന ഏറ്റവും വലിയ തിരിച്ചടി.
തൊട്ടടുത്ത വര്‍ഷം, 1961ല്‍ കാലം ആ വിധിയെഴുത്ത് തിരുത്താനുറച്ചു. അഗസ്റ്റിനെ പലപ്പോഴും കാണാനെത്തി യേശുദാസിന്റെ പാട്ട് കേട്ടിട്ടുള്ള സംവിധായകന്‍ കെ.എസ്. ആന്റണിയെ ആയിരുന്നു കാലം അതിനായി നിയോഗിച്ചത്. "സംഗീതസംവിധായകന്‍ എം.ബി. ശ്രീനിവാസന്‍ തൃശൂരില്‍ വരുന്നുണ്ട്, പോയി കാണണം. ശബ്ദം ഇഷ്ടപ്പെട്ടാല്‍ അവസരം ലഭിക്കും" - യേശുദാസിനെ കാണാനെത്തിയ ആന്റണി പറഞ്ഞു. പീച്ചി ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. എംബിഎസ് യേശുദാസിനെക്കൊണ്ട് ഏതാനും പാട്ടുകള്‍ പാടിച്ചു. ഹിന്ദിയും മലയാളവും ഗസലും ഹിന്ദുസ്ഥാനിയും ശാസ്ത്രീയ സംഗീതവും ഉള്‍പ്പെടെ യേശുദാസ് പാടി. ശബ്ദത്തിനൊപ്പം, ഭാവസാന്ദ്രമായ ആലാപനവും, ഉച്ചാരണശുദ്ധിയും എംബിഎസിന് നന്നേ ഇഷ്ടപ്പെട്ടു. "ഇവന്‍ ചരിത്രം സൃഷ്ടിക്കും", അദ്ദേഹം ആന്റണിയോട് പറഞ്ഞു. കൂടിക്കാഴ്ച അവിടെ അവസാനിച്ചു.
അഞ്ച് മാസങ്ങള്‍ക്കിപ്പുറമാണ് എംബിഎസിന്റെ ടെലഗ്രാം എത്തുന്നത്. റെക്കോഡിങ്ങിനായി വേഗം മദ്രാസില്‍ എത്തണം എന്നായിരുന്നു അറിയിപ്പ്. ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'കാല്‍പ്പാടുകള്‍' എന്ന സിനിമയിലേക്കാണ് അവസരം. അഗസ്റ്റിന്‍ തീരെ വയ്യാതെ കിടപ്പിലായിരുന്നു. പരിചയക്കാരില്‍നിന്ന് കടം വാങ്ങി മദ്രാസിലെത്തി. പരീക്ഷണങ്ങള്‍ അവസാനിച്ചിട്ടില്ലായിരുന്നു. ഒരു മാസത്തോളം മദ്രാസില്‍ തങ്ങണം, കൈയില്‍ കാശുമില്ല. പൈപ്പുവെള്ളം കുടിച്ചായിരുന്നു പട്ടിണിയകറ്റിയിരുന്നത്. അതൊടുവില്‍ വിനയായി. ടൈഫോയ്‌ഡ് പിടിച്ച്, വിറങ്ങലിച്ചു കിടന്നു. റെക്കോഡിങ്ങിനുള്ള സമയമായിട്ടും പനി മാറിയില്ല. കൂടുതല്‍ കാത്തിരിക്കാനോ പനി പിടിച്ച പുതു ഗായകനെ ഉള്‍പ്പെടുത്തി റിസ്ക് എടുക്കാനോ നിര്‍മാതാക്കള്‍ക്ക് സാധിക്കുമായിരുന്നില്ല. അതോടെ, യേശുദാസിനായി കരുതിയ പാട്ടുകളൊക്കെ കെ.പി. ഉദയഭാനുവിനെക്കൊണ്ട് പാടിച്ചു. ഇത്രയും ദീരം യാത്ര ചെയ്തു വന്ന്, ഇവിടെ കഴിഞ്ഞയാളെ വെറുതെ വിടുന്നത് എങ്ങനെയാണെന്ന് ചിന്തിച്ച്, സിനിമയില്‍ ഉപയോഗിക്കാനായി ശ്രീനാരായണ ഗുരു എഴുതിയ നാല് വരി ശ്ലോകം പാടിച്ചു. 'ജാതിഭേദം മതദ്വേഷം/ ഏതുമില്ലാതെ സര്‍വരും/ സോദരത്വേന വാഴുന്ന/ മാതൃകാസ്ഥാനമാണിത്' യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോഡ് ചെയ്യപ്പെട്ടു. എല്ലാവര്‍ക്കും ഒരുപോലെ അത് ഇഷ്ടപ്പെട്ടു. മലയാളത്തില്‍ ആ സ്വരധാരയുടെ തുടക്കം അവിടെ നിന്നായിരുന്നു.
ആദ്യ സിനിമ റിലീസ് ചെയ്യുംമുന്‍പേ രണ്ടാമത്തെ അവസരമെത്തി. ശാന്തിനിവാസ് എന്ന തെലുങ്ക് ചിത്രത്തിന്റെ മലയാളം പതിപ്പില്‍ മൂന്ന് ഗാനങ്ങള്‍ പാടി. ഘണ്ടശാല വെങ്കടേശ്വര റാവുവിന്റെ സംഗീതത്തിന് അഭയദേവിന്റേതായിരുന്നു വരികള്‍. പിന്നാലെ കൈനിറയെ സിനിമികളെത്തി. ശാന്തിനിവാസില്‍ പാടാനായി മദ്രാസിലെത്തിയ യേശുദാസ് തുടര്‍ന്നു. ഭാഗ്യം ജാതകം, ഭാര്യ, പാലാട്ടുകോമന്‍, മൂടുപടം, കലയും കാമിനിയും, റെബേക്ക, ഭാര്‍ഗവി നിലയം... ശബ്ദം നിഷേധിച്ച ആകാശവാണിയിലൂടെ യേശുദാസ് എന്ന പേരും പാട്ടും മലയാളമെങ്ങും ഒഴുകിപ്പരന്നു. പട്ടിണിയും പൈപ്പുവെള്ളവും കുടിച്ച് സംഗീതത്തെ മാത്രം ശ്വസിച്ചുനടന്ന യേശുദാസ് മലയാള സിനിമയുടെ എല്ലാമെല്ലാമായി. മലയാളികളുടെ ദാസേട്ടനായി... ഗാനഗന്ധര്‍വനായി. മലയാളത്തിനപ്പുറം വിവിധ ഭാഷകള്‍ ആ ശബ്ദത്തെ അടയാളപ്പെടുത്തി.
എട്ടാം വയസില്‍ തുടങ്ങിയ സംഗീതസപര്യ ഏഴര പതിറ്റാണ്ട് പിന്നിട്ടു. 1962ല്‍ 22-ാം വയസ് മുതല്‍ മലയാള സിനിമയുടെ അനിവാര്യതയായി യേശുദാസിന്റെ ശബ്ദം. ഭക്തിഗാനങ്ങള്‍, ശാസ്ത്രീയ സംഗീതം, ലളിതഗാനങ്ങള്‍, ഉത്സവഗാനങ്ങള്‍ എന്നിങ്ങനെ എണ്‍പതിനായിരത്തോളം ഗാനങ്ങളെങ്കിലും ആ സ്വരമാധുരിയില്‍ പുറത്തുവന്നു. എട്ട് തവണ രാജ്യത്തെ മികച്ച ഗായകനുള്ള പുരസ്കാരം സ്വന്തമാക്കി. മലയാളത്തില്‍നിന്ന് 25 സംസ്ഥാന പുരസ്കാരം, മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ആദരം. പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ പുരസ്കാരങ്ങളും തേടിയെത്തി. ആറോളം സിനിമകള്‍ക്ക് സംഗീതമൊരുക്കി. പന്ത്രണ്ടോളം സിനിമകളില്‍ അഭിനയിച്ചു.
സംഗീതത്തിന്റെ അഗാധമായ ആഴങ്ങളിലേക്ക് കേള്‍വിക്കാരന്റെ ഹൃദയത്തെ പറിച്ചുനട്ടതിനൊപ്പം അക്ഷര സ്ഫുടതയും, ഭാവവും, വികാരവും, മാധുര്യവും ഒരേപോലെ സമന്വയിച്ച ശബ്ദം, മലയാളിക്ക് സമ്മാനിച്ചത് അനിര്‍വചനീയമായ പുതിയൊരു ലോകം തന്നെയായിരുന്നു. അതിനെ വിട്ടുമാറാന്‍ മലയാളികള്‍ക്ക് ഇന്നും മടിയാണ്. കണ്ടും കേട്ടും മതിവരാത്തൊരാളായി യേശുദാസ് തലമുറകളുടെ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. കാലത്തിനനുസരിച്ച് മാറുന്ന മലയാളികള്‍ ഒരുപക്ഷേ ഇന്നും പഴഞ്ചനായിരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ഒരേയൊരു കാര്യം... അത് യേശുദാസ് മാത്രമായിരിക്കും.