
ദേശീയപാത 544ലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് കോടതികള്‍ ഇടപെട്ടിടും കൂസലില്ലാതെ കരാര്‍ കമ്പനികളും ദേശീയപാത അതോരിറ്റിയും. പതിവായി ഗതാഗത കുരുക്കുണ്ടാകുന്ന സ്ഥലങ്ങളില്‍ ഉടന്‍ അറ്റകുറ്റപണികള്‍ നടത്തണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ചില തട്ടിക്കൂട്ട് നിര്‍മാണങ്ങള്‍ക്കപ്പുറം യാതൊരു പ്രവര്‍ത്തനങ്ങളും നടത്താന്‍ കമ്പനികള്‍ ഇതുവരെയും തയ്യാറായിട്ടില്ല. വിഷയത്തില്‍ സര്‍ക്കാരും അനാസ്ഥ തുടരുമ്പോള്‍ ജനങ്ങളുടെ ദുരിതങ്ങള്‍ ഇരിട്ടായാവുകയാണ്.
കാര്യക്ഷമയില്ലായ്മയുടെ പ്രതീകങ്ങളാണ് ദേശീയപാത 544ലെ ഗട്ടറുകളും കുഴികളുമെന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരീക്ഷിച്ചത്. കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ ഇടപ്പള്ളി - മണ്ണൂത്തി സെക്ടറിലും വടക്കുംഞ്ചേരി - മണ്ണൂത്തി സെക്ടറിലും ചില അറ്റകുറ്റ പണികള്‍ നടത്താന്‍ കരാര്‍ കമ്പനികള്‍ തയ്യാറായി. എന്നാല്‍ കഴിഞ്ഞ ദിവസം കുറച്ച് മണിക്കൂറുകള്‍ മാത്രം നീണ്ട പ്രഹസനമായിരുന്നു ഈ തട്ടിക്കൂട്ട് അറ്റകുറ്റപ്പണികളെന്ന് ദേശീയപാതയിലൂടെ യാത്ര ചെയ്യുന്ന ആര്‍ക്കും മനസിലാകും.
കോടതി ഇടപെടലുണ്ടായതോടെ ചിലയിടങ്ങളില്‍ ക്വാറി വെയ്സ്റ്റ് കൊണ്ട് കുഴികളടച്ച കമ്പനികള്‍ ചില സര്‍വ്വീസ് റോഡുകളില്‍ ടാറിംഗും നടത്തി. എന്നാല്‍ ഒരൊറ്റ ദിവസത്തിനപ്പുറം ഒരു സ്ഥലത്തും തുടര്‍ പ്രവര്‍ത്തനങ്ങള്‍ പിന്നീടുണ്ടായിട്ടില്ല. കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ ഗതാഗത കുരുക്ക് ഇപ്പോഴും തുടരുകയാണ്.
ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രച്ചര്‍, തൃശൂര്‍ എക്‌സ്പ്രസ് വെയ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളാണ് രണ്ട് സെക്ടറുകളിലായി നിര്‍മാണം നടത്തിവരുന്നത്. എസ്.പി.ജി യെന്ന തമിഴ്‌നാട് കമ്പനിയാണ് അടിപ്പാതകള്‍ നിര്‍മിക്കുന്നത്. ദേശീയപാത അതോരിറ്റി കമ്പനികളുടെ മേല്‍ നോട്ടവും വഹിക്കുന്നുണ്ട്. എന്നാല്‍ കരാര്‍ കമ്പനികളും ദേശീയപാത അതോരിറ്റിയും തങ്ങളുടെ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നുണ്ടെന്ന് പറയുമ്പോഴും പതിനായിരങ്ങളാണ് ദേശീയപാതിയിലെ ഗതാഗത കുരുക്കില്‍ ഓരോ ദിവസവും വലയുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികള്‍ വേണമെന്നാണ് ആവശ്യമായി ഉയരുന്നത്. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരുകള്‍ കാട്ടുന്ന അനാസ്ഥ കോടതി ഇടപെടലുകളെ പോലും ദുര്‍ബലപ്പെടുത്തുകയാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.