
കഴിഞ്ഞ രണ്ട് ദിനരാത്രം കേരളമാകെ അലയടിച്ചത്, കണ്ണേ കരളേ എന്ന ഒരൊറ്റ മുദ്രാവാക്യമാണ്. ആ മുദ്രാവാക്യത്തില്‍ ഉള്‍ക്കാമ്പിലുള്ളത്, പ്രത്യയശാസ്ത്ര പോരാട്ടങ്ങളിലൂടെ വിഎസ് നേടിയ ജനകീയതയാണ്.
ഇത് കേരള രാഷ്ട്രീയത്തിലെ അപൂര്‍വത. ഒരു നേതാവിന് വേണ്ടി മാത്രം ഒരു മുദ്രാവാക്യം ഉണ്ടാകുക. ഒരു ജനതയാകെ അത് നെഞ്ചേറ്റി ആര്‍ത്ത് വിളിക്കുക. ഈ അസാധാരണത്വം വിഎസിന് സ്വന്തം.
രണ്ടായിരത്തിന്റെ പകുതിയോടെയാണ് ഈ മുദ്രാവാക്യം കേരളമാകെ മുഴങ്ങി കേട്ട് തുടങ്ങിയത്. വിഎസ് നിയമസഭയിലെ പ്രതിപക്ഷ നേതാവും ജനഹൃദയങ്ങളിലെ ഭരണനായകനുമായ കാലം. 2006ല്‍ വിഎസിന് ആദ്യം സീറ്റ് നിഷേധിക്കപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്, നീലേശ്വരത്തെ ഓട്ടോ തൊഴിലാളികള്‍ ഈ മുദ്രാവാക്യം വിളിച്ചപ്പോള്‍ കേരളം അത് ഏറ്റുവിളിച്ചു.
പക്ഷെ സിപിഐഎം നേതൃത്വത്തിന് അത്ര പഥ്യമായിരുന്നില്ല ഈ മുദ്രാവാക്യം. വ്യക്തിയാരാധനയെ നേതൃത്വം തുറന്നെതിര്‍ത്തു. പക്ഷെ വിഎസ് എന്ന വടവൃക്ഷം ഹൃദയങ്ങളില്‍ വേരാഴ്ത്തി ഒറ്റയ്‌ക്കൊരു കാടായി വളര്‍ന്നു. പിന്നീട് വ്യക്തിപൂജയെ വിമര്‍ശിച്ച നേതാക്കള്‍ അടക്കം 2011ലും 2016ലും വിഎസിന്റെ ഫോട്ടോ വെച്ച് തെരഞ്ഞെടുപ്പ് പോസ്റ്റര്‍ പ്രിന്റ് ചെയ്തു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ വിഎസിനെ എത്തിക്കാന്‍ സ്ഥാനാര്‍ഥികള്‍ നെട്ടോട്ടം ഓടി. ആള്‍ക്കൂട്ടത്തെ ഇളക്കിമറിച്ചുള്ള ശൈലി സിപിഐഎമ്മിന്റെ വോട്ടുശേഖരം കൂട്ടി.
ആലപ്പുഴയുടെ മണ്ണ് ചുവപ്പിച്ച വിഎസ്, കേരളക്കരയുടെ ഹൃദയകവാടം തുറന്നത് പൊടുന്നനെയല്ല. തെറ്റുകളോട് പൊരുതിയും അഴിമതിക്കാതെ തുരത്തിയുമാണ്, വിഎസ് കേരളത്തിന്റെ രക്ഷകര്‍ത്താവായത്. പകരം കേരളജനത കണ്ണും കരളും പറിച്ച് നല്‍കി. പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട നാളുകളില്‍ കേരളം തൊണ്ട പൊട്ടുമാറ് വിഎസിനായി മുദ്രാവാക്യം വിളിച്ചു. താനാണ് ഈ മുദ്രാവാക്യം ആദ്യം വിളിച്ചത് എന്ന് അവകാശപ്പെട്ട് പലരും ഇപ്പോള്‍ രംഗത്ത് വരുന്നുണ്ട്.
വിഎസ് സജീവമല്ലാതിരുന്ന ആറ് വര്‍ഷങ്ങളാണ് പിന്നിട്ടത്. ഒടുവില്‍ ചേതനയറ്റ് വിപ്ലവകാരിയുടെ മടക്കം. നെഞ്ചുപൊട്ടി അതേ മുദ്രാവാക്യം വിളിച്ചാണ് ജനസാഗരം യാത്രാമൊഴിയേകിയത്. വിഎസ് ഓര്‍മകളുടെ വേലിക്കകത്തേക്ക് മാറുമ്പോഴും മലയാളികളുടെ നെഞ്ചിനകത്തുണ്ടാകും ഈ കനപ്പെട്ട മുദ്രാവാക്യം.