

തിരുവനന്തപുരം: പട്ടയഭൂമിയിൽ നിന്ന് മരംമുറിക്കാൻ അനുമതി നൽകിയ ഹൈറേഞ്ച് സർക്കിൾ, ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ വിവാദ ഉത്തരവ് പിൻവലിച്ചു. തേക്ക്, ഈട്ടി, ചന്ദനം ഉൾപ്പെടെയുള്ള പ്രധാന പത്തിന മരങ്ങൾ ഒഴികെ ബാക്കിയുള്ളവ മുറിക്കാമെന്നായിരുന്നു ഉത്തരവ്. നിയമപരമായ അവ്യക്തതകൾ ഉള്ളതിനാലാണ് പിൻവലിച്ചതെന്നാണ് വിശദീകരണം.
2026 സെപ്റ്റംബർ 29 ന് വനം മന്ത്രി ഷിബു ബേബി ജോൺ, കോട്ടയം മുള്ളരിങ്ങാട് പങ്കെടുത്ത യോഗത്തിൽ ഉയർന്ന ആവശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് 2026 ഒക്ബർ ആറിന് വിവാദ ഉത്തരവ് ഇറക്കിയത്. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ ബാധിക്കുന്ന തരത്തിൽ വൻ മരം മുറി ഉണ്ടാകുമെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പോട് കൂടിയാണ് ഉത്തരവ് പുറത്തിറങ്ങിയത്.
പിന്നാലെ പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെ വിമർശനം ഉന്നയിച്ചു. സംഭവം വിവാദമായതിനു പിന്നാലെ ഉത്തരവ് പിൻവലിക്കുകയായിരുന്നു. ഉത്തരവിൽ നിയമപരമായ അവ്യക്തതകൾ ഉണ്ടെന്നാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ പുതിയ വിശദീകരണം. 1977ന് മുൻപുള്ള വനഭൂമി കൈവശക്കാർക്ക് പട്ടയം നൽകുന്നതിനായി കേന്ദ്രസർക്കാരിൽ നിന്ന് അനുവാദം ലഭിച്ചെങ്കിലും ഈ വനഭൂമിയുടെ സംരക്ഷിത പദവി എടുത്തുകളഞ്ഞ്, മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ല.
അത്കൊണ്ടുതന്നെ 1993ലെ സ്പെഷ്യൽ റൂൾ പ്രകാരം മരങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും കോട്ടയം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, മരം മുറി ഉത്തരവ് റദ്ദാക്കിക്കൊണ്ട് പറയുന്നു. മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വനം വകുപ്പ് കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നുവെന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.