

മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെ പരിസ്ഥിതി പഠന ശാസ്ത്ര ശാഖയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു മാധവ് ഗാഡ്ഗില്‍. പാരിസ്ഥിതിക വിഷയങ്ങളില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ ഇവിടത്തെ പരിസ്ഥിതിവാദത്തിലും പരിസ്ഥിതി പ്രസ്ഥാനങ്ങളിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
വിവിധ ഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെയും അധ്യാപനത്തിലൂടെയും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അദ്ദേഹം തന്റേതായ ഇടപെടലുകള്‍ നടത്തി. വികസനവും പരിസ്ഥിതിയും തമ്മിലുള്ള സംവാദങ്ങളില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായ തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മാധവ് ഗാഡ്ഗിലിനു ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശനും മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതി പഠനത്തിനും ജീവിതം ഉഴിഞ്ഞുവച്ച ഡോ. മാധവ് ഗാഡ്ഗിലിന് വിട. പശ്ചിമഘട്ട പരിസ്ഥിതിയെ ഇത്രത്തോളം ആഴത്തില്‍ പഠിച്ച വ്യക്തികള്‍ വിരളമാണ്. മനുഷ്യ കേന്ദ്രീകൃത പരിസ്ഥിതി സംരക്ഷണം - പരിപാലനം, സന്തുലിത വികസനം, വികേന്ദ്രീകൃത ഭരണം എന്നിവ ഗാഡ്ഗില്‍ ദര്‍ശനത്തിന്റെ കേന്ദ്ര ബിന്ദുക്കളായിരുന്നുവെന്ന്് പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു.
വരും തലമുറകള്‍ക്കായി രാജ്യത്തിന്റെ പ്രകൃതി സമ്പത്ത് കാത്തു സൂക്ഷിക്കണമെന്ന് അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടു. വിമര്‍ശനങ്ങളെ സമചിത്തതയോടെയും ശാസ്ത്രബോധത്തോടെയും നേരിട്ടു. സൗമ്യവും ദീപ്തവുമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. പദ്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഡോ. മാധവ് ഗാഡ്ഗിലിന് ആദരവോടെ പ്രണാമം.
മാധവ് ഗാഡ്‌ഗിലിൻ്റെ നിര്യാണത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറും അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്‍റെ വിയോഗം രാജ്യത്തിന് തീരാനഷ്ടമാണ്. കേരളത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം കേരളത്തിലെ പ്രകൃതി സംരക്ഷണത്തിനും സന്തുലിതമായ ഒരു ആവാസവ്യവസ്ഥ രൂപകല്പന ചെയ്യുന്നതിലും സംരക്ഷിക്കുന്നതിനും ഏറെ ഊന്നല്‍ നൽകിയിരുന്നു. അദ്ദേഹത്തിൻ്റെ ഗ്രന്ഥങ്ങള്‍ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്. പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും സംബന്ധിച്ച അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകളും സംഭാവനകളും വരുംതലമുറകൾക്കും മാര്‍ഗദര്‍ശിയാണ് എന്നും ഗവർണർ അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.