വിയോജിപ്പ് രേഖപ്പെടുത്താനുള്ള ഇടം സമസ്തയിലുണ്ടെന്ന് മുഖ്യമന്ത്രി; സമസ്തയില്ലാത്ത കേരളത്തെക്കുറിച്ച് ചിന്തിക്കാനാകില്ലെന്ന് വി.ഡി. സതീശന്‍

സമസ്തയുടെ ചരിത്രം പറയുന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു പ്രശംസയും വിമര്‍ശനങ്ങളും
വിഡി സതീശൻ, ജിഫ്രി മുത്തുക്കോയ തങ്ങൾ, മുഖ്യമന്ത്രി
വിഡി സതീശൻ, ജിഫ്രി മുത്തുക്കോയ തങ്ങൾ, മുഖ്യമന്ത്രി Source: Facebook
Published on

സമസ്തയെ പ്രശംസിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. വിയോജിപ്പ് രേഖപ്പെടുത്താനുള്ള ഇടം സമസ്തയിലുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. സമസ്തയുടെ സാന്നിധ്യമില്ലാത്ത കേരളത്തെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നായിരുന്നു വി.ഡി. സതീശന്‍ പറഞ്ഞത്. സമസ്തയുടെ ചരിത്രം പറയുന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു പ്രശംസയും വിമര്‍ശനങ്ങളും.

സമസ്തയുടെ ചരിത്രത്തില്‍ തുടങ്ങി വര്‍ത്തമാനകാലത്തെ പ്രവര്‍ത്തനങ്ങളും പരാമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. സമൂഹത്തില്‍ വെളിച്ചം പകര്‍ന്ന് സമസ്ത വളരുമ്പോള്‍, ചില സംഘടനകള്‍ സങ്കുചിത പിടിമുറുക്കത്തില്‍ തകരുകയാണ്. സമസ്ത മുന്നോട്ടുവയ്ക്കുന്ന ചിലതില്‍ വിയോജിപ്പുണ്ടെന്നും, അത് തുറന്നുപറയാനുള്ള ജനാധിപത്യ ഇടമുള്ളതാണ് ശ്രദ്ധേയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഡി സതീശൻ, ജിഫ്രി മുത്തുക്കോയ തങ്ങൾ, മുഖ്യമന്ത്രി
കെനിയയിലെ വാഹനാപകടം: ആവശ്യ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

കേരളത്തിന്റെ സാംസ്‌കാരിക-സാമൂഹിക മേഖലയില്‍ കലര്‍ന്നൊഴുകുന്ന പ്രസ്ഥാനമാണ് സമസ്ത. വെളിച്ചം നല്‍കുന്നതാണെങ്കില്‍ മാത്രമേ ഏതൊരു ആശയവും സമൂഹത്തിന് സ്വീകാര്യമാവുകയുള്ളു. വെളിച്ചം നല്‍കാന്‍ കഴിയാത്ത സംഘടനകള്‍ക്കാണ് നിലനില്‍പ്പ് ഇല്ലാത്തത്. എന്നാല്‍ സമസ്ത അങ്ങനെയല്ല. രാജ്യത്ത് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും, വസ്ത്രം ധരിക്കാനും, മാതൃഭാഷ സംസാരിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ട്. അത് ഗൗരവമായി കാണണം. ഇക്കാര്യങ്ങളില്‍ ശരിയായ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകാന്‍ ആകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കാനാകില്ല. ഇരുട്ടിനെ ഇരുട്ടുകൊണ്ട് നേരിടാന്‍ ആകില്ല, വെളിച്ചത്തിനെ കഴിയൂ. മതനിരപേക്ഷതയില്‍ ഊന്നിയുള്ള പ്രവര്‍ത്തനമാണ് രാജ്യത്ത് ആവശ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയുള്ള കാലത്ത് സമസ്തയുടെ സാന്നിധ്യം ആശ്വാസമാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചത്. സമസ്ത ഇല്ലാത്ത ഒരു കേരളത്തെക്കുറിച്ച് ചിന്തിക്കാനാകില്ല. ചില സംഘടനകള്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന സംഘടനകളാണ്. ചിലത് വരേണ്യ വര്‍ഗത്തിന് വേണ്ടിയുള്ളത്. സമസ്ത പാവപ്പെട്ടവന്റെയും സാധാരണക്കാരുടെയും സംഘടനയാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയ കലാപമോ അനൈക്യമോ സൃഷ്ടിക്കുന്ന യാതൊരു പ്രവര്‍ത്തനവും സമസ്തയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. ഒരു പെറ്റി കേസുപോലും സംഘടനയ്‌ക്കെതിരെ ഉണ്ടായിട്ടില്ല. ജമാഅത്തെ ഇസ്ലാമി-യുഡിഎഫ് ബന്ധത്തെ ചൊല്ലി രാഷ്ട്രീയപ്പോര് തുടരുമ്പോഴും, വിവാദ വിഷയങ്ങളിലേക്ക് കടക്കാതിരിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സമസ്തയുടെ വേദിയില്‍ ശ്രദ്ധിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com