

പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും യുഡിഎഫ് സർക്കാർ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഓഗസ്‌റ്റ് ആദ്യവാരമുണ്ടായ പ്രളയം കഴിഞ്ഞ് ഇത്രകാലമായിട്ടും പ്രളയബാധിതർക്കായി പ്രഖ്യാപിച്ച അടിയന്തര ധനസഹായം പോലും സർക്കാർ നൽകിയിട്ടില്ല. അടിയന്തര സഹായത്തിനു പോലും ഇത്രയും കാലതാമസം വരുത്തുന്നത് ജനങ്ങളോട് പുലർത്തുന്ന കടുത്ത നിസ്സംഗതയാണ് വ്യക്തമാക്കുന്നത്. ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സർക്കാർ അടിയന്തരമായി അവസാനിപ്പിക്കണമെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.
കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്നലെ സംസ്ഥാനത്തുണ്ടായ അപ്രതീക്ഷിത മഴയിലും മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് 9 ജീവനുകൾ നഷ്ടപ്പെട്ടു എന്നത് അങ്ങേയറ്റം വേദനാജനകമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.
എന്നാൽ പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും യുഡിഎഫ് സർക്കാർ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും തുടരുകയാണ്. ആഗസ്‌റ്റ് ആദ്യവാരമുണ്ടായ പ്രളയം കഴിഞ്ഞ് ഇത്രകാലമായിട്ടും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രളയബാധിതർക്കായി പ്രഖ്യാപിച്ച അടിയന്തര ധനസഹായം പോലും സർക്കാർ ഇതുവരെ നൽകിയിട്ടില്ല. അടിയന്തര സഹായത്തിനു പോലും ഇത്രയും കാലതാമസം വരുത്തുന്നത് ജനങ്ങളോട് പുലർത്തുന്ന കടുത്ത നിസ്സംഗതയാണ് വ്യക്തമാക്കുന്നത്.
പ്രളയദുരിതാശ്വാസമായി 10,000 രൂപ നൽകുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ ആലപ്പുഴ ജില്ലയിൽ 40,000-ത്തിലധികം പേർ അപേക്ഷ നൽകിയതിൽ വെറും 83 പേർക്ക് മാത്രമാണ് പകുതി തുകയായ 5,000 രൂപയെങ്കിലും വിതരണം ചെയ്തത്. കോട്ടയത്താകട്ടെ, ദുരന്തബാധിതരുടെ വിവരശേഖരണം പോലും ഇതുവരെ പൂർത്തിയായിട്ടില്ല എന്നത് ഞെട്ടിക്കുന്ന കാര്യമാണ്.
മഴക്കെടുതി മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്ക് 300 രൂപ ധനസഹായം നൽകുമെന്ന് പറഞ്ഞിട്ട് ഒന്നര മാസം പിന്നിട്ടിട്ടും അതിനുള്ള അപേക്ഷകൾ പോലും സ്വീകരിച്ചു തുടങ്ങിയിട്ടില്ല എന്നത് സർക്കാരിന്റെ ജനവഞ്ചനയാണ് തുറന്നുകാട്ടുന്നത്.
ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സർക്കാർ അടിയന്തരമായി അവസാനിപ്പിക്കണം. അർഹരായ മുഴുവൻ പ്രളയബാധിതർക്കും പ്രഖ്യാപിച്ച ധനസഹായം യാതൊരു കാലതാമസവുമില്ലാതെ വിതരണം ചെയ്യാൻ തയ്യാറാകണം.