അതിദാരിദ്ര്യ മുക്ത കേരളം; പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ത്?

അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, സുരക്ഷിതമായ പാര്‍പ്പിടം, ആരോഗ്യം, അടിസ്ഥാന വരുമാനം എന്നിവ നേടിയെടുക്കാന്‍ കഴിയാത്തവരാണ് അതിദരിദ്രര്‍
അതിദാരിദ്ര്യ മുക്ത കേരളം;  പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ത്?
Published on

നവംബര്‍ ഒന്ന് കേരള പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ അതിദാരദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ്.

ങേ...! അപ്പോള്‍ കേരളത്തിലിനി ദരിദ്രരേയില്ലേ?

എന്താണ് ദാരിദ്ര്യത്തിന്റെ മാനദണ്ഡം?

ആദ്യ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതുകൊണ്ട് എന്താണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്?... ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ നിങ്ങളുടെ മനസിലേക്ക് കടന്നുവരുന്നുണ്ടാകും... പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനകം ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശമാര്‍ അടക്കം ഇതിനെതിരെ രംഗത്തെത്തിയിട്ടുമുണ്ട്.

സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി എന്താണ്? പദ്ധതി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡമെന്താണ്, ഇതിലൂടെ എന്തൊക്കെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത് എന്നും അറിയേണ്ടതില്ലേ?

ലോകത്ത് തന്നെ ചൈനയ്ക്ക് ശേഷം ആദ്യമായി ഒരു പ്രദേശം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുന്നത് കേരളമാണ്. 2021ല്‍ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതു മുതലാണ് അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് വരുന്നത്.

2023ലെ നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക അനുസരിച്ച് കേരളമാണ് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം. 2019-21 വര്‍ഷത്തെ ദേശീയ കുടുംബാരോഗ്യ സര്‍വേ കണക്ക് പ്രകാരമാണ് 2023ല്‍ നീതി ആയോഗ് ദ്രാരിദ്ര്യ സൂചിക പട്ടിക പുതുക്കിയത്. ഈ കണക്ക് പ്രകാരം 0.55 ശതമാനമാണ് കേരളത്തിലെ ദാരിദ്ര്യത്തിന്റെ നിരക്ക്. ഇത് മറ്റു സംസ്ഥാനങ്ങളേക്കാളും കേന്ദ്ര ഭരണ പ്രദേശങ്ങളേക്കാളും രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയാണ് നമ്മള്‍ പൊതുവെ ദരിദ്രരെന്ന് പറയുന്നത്. എന്നാല്‍ കേരളത്തില്‍ ഇത് നന്നേ കുറവുമാണ്. ഈ പറയുന്നതിനര്‍ഥം കേരളത്തില്‍ ദരിദ്രരില്ലെന്നല്ല.

അതിദാരിദ്ര്യ മുക്ത കേരളം;  പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ത്?
ലൂവ്രിലെ മോഷണ മുതല്‍കൊണ്ട് കള്ളന്മാര്‍ക്ക് എന്ത് ചെയ്യാനാകും?

എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് പ്രകാരം ദരിദ്രര്‍ എന്ന് പറയുന്നത് അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവരാണ്. അവരെ തങ്ങളുടെ നിത്യേനയുള്ള ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി നിരന്തരം ബുദ്ധിമുട്ട് നേരിടുന്നവരായി കണക്കാക്കുന്നില്ല. ഇവര്‍ക്ക് പല അടിസ്ഥാന ആവശ്യങ്ങളും മിക്കപ്പോഴും ലഭ്യമാകുന്നില്ല എന്നു മാത്രമാണ് ദരിദ്രരെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

എന്നാല്‍ അതിദരിദ്രരോ? അതിജീവനത്തിന് ആവശ്യമായ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, സുരക്ഷിതമായ പാര്‍പ്പിടം, ആരോഗ്യം, അടിസ്ഥാന വരുമാനം എന്നിവ നേടിയെടുക്കാന്‍ കഴിയാത്തവരാണ് അതിദരിദ്രര്‍. ബാഹ്യ സഹായം ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയാത്തവരായി ഇവരെ കണക്കാക്കുന്നു. അതായത് ഭക്ഷണം കിട്ടാന്‍ ബുദ്ധിമുട്ടുള്ള, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, അല്ലെങ്കില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെയൊക്കെയായിരുന്നു ദരിദ്രര്‍ എന്ന് കണക്കാക്കിയിരുന്നതെങ്കില്‍ ആ അളവുകോല്‍ ഇവിടെ മാറുന്നു. ദരിദ്രരെ കണ്ടെത്തുന്നതിന് പണവും ഭക്ഷണത്തിന്റെ ലഭ്യതയും മാത്രമല്ല മാനദണ്ഡമെന്നും അതിലേക്ക് നിത്യേനയുള്ള വരുമാനം, ആരോഗ്യം, താമസം തുടങ്ങിയ ഘടകങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇങ്ങനെയാണ് സര്‍ക്കാര്‍ അതി ദാരിദ്ര്യം തുടച്ചു നീക്കുക എന്ന പദ്ധതിയിലേക്ക് കടക്കുന്നത്. ആശ്രയ, അഗതി രഹിത കേരളം, വിശപ്പ് രഹിത കേരളം തുടങ്ങി അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നേരത്തെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് അതിദാരിദ്ര്യ മുക്ത കേരളം എന്ന പദ്ധതിയലേക്ക് എത്തുന്നത്. ഇതിനായി 2021 ജൂലൈ മുതല്‍ 2022 ജനുവരി വരെ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് അതിദരിദ്രരെ കണ്ടെത്തിയത്.

ഇനി എന്താണ് അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെന്ന് നോക്കാം. കുടുംബശ്രീ മുഖേനയുള്ള സര്‍വേകളിലൂടെയാണ് സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കമിട്ടത്. ആശ വര്‍ക്കാര്‍മാര്‍, റസിഡന്‍സ് അസോസിയേനുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ തലത്തിലുള്ള ജനകീയ പങ്കാളിത്തത്തോടെ ഒരു വര്‍ഷമെടുത്താണ് സര്‍വേ പൂര്‍ത്തീകരിച്ചത്. ഇതിലൂടെ 64006 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ഈ കുടുംബങ്ങളിലായി 1,03,099 വ്യക്തികള്‍ അതിദാരിദ്ര്യം അനുഭവിക്കുന്നവരായി കണക്കാക്കി.

അതിദാരിദ്ര്യ മുക്ത കേരളം;  പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ത്?
'സബ് കീ പസന്ദ് നിർമ!' ജനപ്രിയ ബ്രാൻഡിന്റെ ഉദയവും തകർച്ചയും

എങ്ങനെയാണ് ഈ കുടുംബങ്ങളെ സര്‍ക്കാര്‍ കണ്ടെത്തിയതെന്ന ചോദ്യവും ഉയരുന്നുണ്ട്. വാര്‍ഡുകളിലിലൂടെയും ഡിവിഷനുകളിലൂടെയും പങ്കാളിത്ത നാമനിര്‍ദേശ പ്രക്രിയ വഴി കണ്ടെത്തിയ 1,18,309 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയുണ്ടായി. ഇത്രയും പേരെ വിവിധ തലത്തിലുള്ള കമ്മിറ്റികള്‍ പരിശോധിച്ച് 64006 കുടുംബങ്ങളുടെ അന്തിമ പട്ടിക തയ്യാറാക്കി.

കുടുംബശ്രീ മുഖേന വിപുലമായ സര്‍വേ നടത്തി. അതിലൂടെ 64006 കുടുംബങ്ങളെ അതി ദരിദ്ര കുടുംബങ്ങളെ കണ്ടെത്തുകയും അവര്‍ അതിദരിദ്രരായി മാറാനുള്ള ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തുകയുമായിരുന്നു സര്‍ക്കാരിന് മുന്നിലെ ആദ്യ വെല്ലുവിളി. തുടര്‍ന്ന് അത് പരിഹരിക്കുന്നതിന് ആവശ്യമായ പ്രത്യേകം മൈക്രോ പ്ലാന്‍ തയ്യാറാക്കിയെന്നാണ് മന്ത്രി എംബി രാജേഷ് കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് വിശദീകരിച്ചത്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള നോഡല്‍ വകുപ്പായി പ്രവര്‍ത്തിച്ചത് തദ്ദേശ വകുപ്പാണ്. പ്രാദേശിക തലത്തില്‍ തദ്ദേശ സ്ഥാപനങ്ങളാണ് ഇതിന് നേതൃത്വം നല്‍കിയത്. പക്ഷെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ എല്ലാ കാര്യങ്ങളും പരിഹരിക്കുന്നതില്‍ അതത് വകുപ്പുകള്‍ മുന്‍ കൈ എടുത്ത് നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.

എന്താണ് അതിദാരിദ്ര്യം മറികടക്കുന്നതിനായി ചെയ്യുന്ന മൈക്രോ പ്ലാനുകള്‍?

അതിദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് അത് മറികടക്കുന്നതിനായി എന്താണോ നല്‍കേണ്ടത്, അത് പ്രത്യേകം നടപ്പാക്കുക എന്നതാണ് മൈക്രോ പ്ലാനുകളിലൂടെ സര്‍ക്കാര്‍ ചെയ്തത്. എംബി രാജേഷിന്റെ വാക്കുകള്‍ തന്നെ കടമെടുത്താല്‍; വിദ്യാഭ്യാസം ആവശ്യമുള്ളവര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് വേണ്ട കാര്യങ്ങള്‍ നടപ്പാക്കി, ഗതാഗത വകുപ്പ് അതി ദരിദ്ര കുടുംബങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കുള്ള യാത്ര സൗജന്യാക്കി പ്രഖ്യാപിച്ചു. 4000 ത്തോളം കുടുംബങ്ങള്‍ക്ക് ഉപജീവനം നടപ്പാക്കുന്നതിന് ഉജ്ജീവന്‍ പദ്ധതിയിലൂടെ കുടുംബശ്രീയെ ഏര്‍പ്പെടുത്തി. വീടില്ലാത്തവര്‍ക്കും വീട് വയ്ക്കാന്‍ ഭൂമിയില്ലാത്തവര്‍ക്കും റവന്യൂ വകുപ്പ് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചു. ധനകാര്യവകുപ്പ് അവര്‍ക്കായി പ്രത്യേകം തുക വകയിരുത്തി. അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട ബിപിഎല്‍ കാര്‍ഡ് ഇല്ലാത്ത എല്ലാവര്‍ക്കും ഒറ്റ ഉത്തരവിലൂടെ റേഷന്‍ കാര്‍ഡ് സിവില്‍ സപ്ലൈസ് വകുപ്പ് ലഭ്യമാക്കി.

കൃത്യമായി പറഞ്ഞാല്‍, സര്‍ക്കാര്‍ നല്‍കുന്ന കണക്ക് പ്രകാരം 2553 കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് വിതരണം ചെയ്തു. 3125 പേര്‍ക്ക് ആധാര്‍കാര്‍ഡും ലഭ്യമാക്കി. 887 പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനും 1281 പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും 1174 പേര്‍ക്ക് തൊഴിലുറപ്പ് കാര്‍ഡും 193 പേര്‍ക്ക് ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും നല്‍കി.

11340 കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നിര്‍മിക്കാന്‍ നടപടി സ്വീകരിച്ചു. 22054 പേര്‍ക്ക് ഇതിനകം ആശുപത്രി സേവനങ്ങള്‍ ഉറപ്പാക്കാനും കഴിഞ്ഞു. ആവശ്യക്കാര്‍ക്ക് ഭക്ഷ്യകിറ്റ് ലഭ്യമാക്കി, റേഷനും ആരോഗ്യ പരിരക്ഷയും വാതില്‍പ്പടിയില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ ഈ പദ്ധതിയുടെ പ്രയോജനങ്ങളായി കണക്കാക്കുന്നു.

സര്‍വേയിലൂടെ കണ്ടെത്തിയവരുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ പരിഹരിച്ചു. പക്ഷെ അതുകൊണ്ട് അതിദരിദ്രര്‍ പാടെ ഇല്ലാതാവുമോ? അതിനും സര്‍ക്കാര്‍ മറുപടി നല്‍കുന്നത് ഇങ്ങനെയാണ്, അതിദരിദ്രര്‍ ഇനിയുമുണ്ടാകും. എന്നാല്‍ അത് തടയുന്നതിനായുള്ള ജാഗ്രത സര്‍ക്കാര്‍ തുടരും. നിലവില്‍ അതിദാരിദ്ര്യ സാഹചര്യത്തില്‍ നിന്ന് മുക്തരായവര്‍ നാളെ വീണ്ടും ആ അവസ്ഥയിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ അതും തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും സര്‍ക്കാര്‍ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com