തിരുവനന്തപുരം: രാംലീല മൈതാനിയിൽ ഉയർന്ന ശബ്ദം രാജ്യത്താകെ ഉറക്കെ അലയടിക്കട്ടെ എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എസ്ഐആറിൻ്റെ പേരിൽ കോടിക്കണക്കിന് വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെടുന്ന സാഹചര്യം അനുവദിക്കാൻ സാധിക്കില്ല. അർഹരായ ഒരാൾക്കുപോലും വോട്ടവകാശം നിഷേധിക്കപ്പെടരുത് എന്നും പിണറായി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
രാജ്യത്തിൻ്റെ ജനാധിപത്യത്തെയും ഭരണഘടനയെയും പൗരന്മാരുടെ വോട്ടവകാശത്തെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഡൽഹിയിലെ രാംലീല മൈതാനിയിൽ ഉയർന്നത് രാജ്യത്തിൻ്റെ പ്രതിഷേധ സ്വരമാണ്. എസ്ഐആറിൻ്റെ പേരിൽ കോടിക്കണക്കിന് വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെടുന്ന സാഹചര്യം അനുവദിക്കാൻ സാധിക്കില്ല. അർഹരായ ഒരാൾക്കുപോലും വോട്ടവകാശം നിഷേധിക്കപ്പെടരുത്.
ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ പൊലീസ് അതിക്രമം ഉണ്ടാവുകയും പ്രതിഷേധിക്കാനുള്ള അവകാശം തന്നെ നിഷേധിക്കപ്പെടുകയും ചെയ്യുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വച്ചേ തീരൂ. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ഉടനടി തയ്യാറാകണം. ബാലറ്റ് പേപ്പർ സംവിധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യമുൾപ്പെടെ ഗൗരവമായി പരിഗണിക്കണം.
വോട്ട് ഓരോ പൗരൻ്റെയും ജനാധിപത്യപരമായ അധികാരമാണ്. അത് സംരക്ഷിക്കാനുള്ള പോരാട്ടം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ മാത്രം കാര്യമല്ല. ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. രാംലീല മൈതാനിയിൽ ഉയർന്ന ശബ്ദം രാജ്യത്താകെ കൂടുതൽ ഉറക്കെ അലയടിക്കട്ടെ.