

കണ്ണൂർ: വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ മുൻകൂറായി നിശ്ചയിച്ച കച്ചവടമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആരോപിച്ചു. സെബി അധികാരികൾക്ക് മുൻപാകെ കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചിട്ടില്ല. ദേശീയ സുരക്ഷയ്ക്കും വിരുദ്ധമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് സെബിക്ക് കത്തയച്ചിട്ടുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു.
ഓഹരി കൈമാറ്റം സംബന്ധിച്ച കരാറിൽ വിശദീകരണം തേടണം എന്ന് ആവശ്യപ്പെട്ടാണ് സെബിക്ക് കത്ത് അയച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ജാഗ്രത ഉണ്ടാകുന്നില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. അദാനിയുമായുള്ള കരാറിൽ തന്നെ ഉടമസ്ഥാവകാശവും ഓഹരി കൈമാറുന്നതിനും സർക്കാർ അനുമതി വേണം എന്നുണ്ട്.
സംസ്ഥാന സർക്കാർ അദാനി ഗ്രൂപ്പിനെ രക്ഷിക്കാൻ വഴിവിട്ട് സഹായം നൽകുമോ എന്നാണ് ഇനി അറിയേണ്ടതെന്നും പിണറായി പറഞ്ഞു. 29 ആം തീയതിയാണ് അദാനി ഗ്രൂപ്പ് സെബിക്ക് കത്ത് നൽകിയത്. തുറമുഖം, നിയമം, ധനകാര്യം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി ഈ ഫയലുകൾ കാണേണ്ടി വരും. കേരളത്തിൽ ഇതെല്ലാം കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി തന്നെയാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.
എങ്ങനെയാണ് അദാനി ഗ്രൂപ്പിന് സർക്കാരിനെ അറിയിക്കാതെ ഈ നീക്കം നടത്താൻ ധൈര്യം കിട്ടിയതെന്ന സംശയമാണ് ഉയരുന്നത്. ഇതിൽ ദുരൂഹതയുണ്ട്. കേരളത്തിൽ അദാനി ഗ്രൂപ്പിന് വലിയ പരിഗണന ലഭിക്കുന്നു. കേരളത്തിൽ അദാനി ഗ്രൂപ്പിന് കോൺഗ്രസ് വഴി വിട്ട പരിഗണന നൽകുന്നുണ്ടെന്നാണ് വിവരമെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
ഈ നീക്കത്തിനെതിരെ രാഷ്ട്രീയമായും നിയമപരമായും പ്രതിപക്ഷം നേരിടും. സ്വാധീനത്തിനും സമ്മർദത്തിനും വഴങ്ങി കാര്യങ്ങൾ അദാനിയുടെ വഴിക്ക് നീങ്ങാതിരിക്കാനുള്ള ജാഗ്രത സർക്കാർ കാണിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.