

ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. കോട്ടയം മെഡിക്കൽ മെഡിക്കൽ കോളജിലാണ് കുട്ടി ചികിത്സയിലുള്ളത്. ഗവൺമെൻ്റ് മാറിയത് ആന അറിഞ്ഞില്ലായെന്നത് മറുപടിയല്ലെന്നും, ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.
കുട്ടിയുടെ തലയോട്ടിയുടെ ഭാഗത്ത് വേദനയുണ്ട്. ഡോക്ടർമാർ ശുഭ പ്രതിക്ഷയിലാണ് . വന്യജീവികളുടെ ആക്രമണം തടയാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും നേരത്തെ തുടങ്ങിവെച്ച നടപടികൾക്ക് തുടർച്ചയുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഈമാസം എട്ടാം തീയതിയാണ് ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെടുകയും 11 കാരന് പരിക്കേൽക്കുകയും ചെയ്തത്. സൂര്യനെല്ലി സ്വദേശി മാരിയാണ് മരിച്ചത്. തിരുവള്ളൂർ ഉന്നതിയിൽ നിന്ന് മകനെ സ്കൂളിലേക്ക് അയക്കാൻ റോഡിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. മകന് കൈയ്ക്കും കാലിനും പരിക്കേറ്റത്.
വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രദേശത്ത് കനത്ത മഴയും കോടമഞ്ഞും ഉണ്ടായിരുന്നു. ആയതിനാൽ കാട്ടാന മുന്നിൽപ്പെട്ടത് അമ്മയും മകനും കണ്ടിട്ടുണ്ടാകില്ല എന്നാണ് നിഗമനം.