

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, വയനാട് എന്നി ജില്ലകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് മൂന്ന് പേർക്കാണ് ഒടുവിൽ രോഗബാധ റിപ്പോർട്ട് ചെയ്തിച്ചിട്ടുള്ളത്. തോന്നക്കൽ, ചാക്ക, പുത്തൻതോപ്പ് എന്നിവിടങ്ങളിലാണ് രോഗബാധ. രോഗം ബാധിച്ച മൂന്ന് കുട്ടികളുടെ നില തൃപ്തികരമെന്നാണ് വിവരം. കുട്ടികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊല്ലം കോർപ്പറേഷൻ പരിധിയിലുള്ള രണ്ട് പേർക്കും ഇന്ന് അസുഖം സ്ഥിരീകരിച്ചിരുന്നു. രോഗബാധയേറ്റവർ കൊല്ലം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചികിത്സയിലാണ്. ജില്ലാ മെഡിക്കൽ ഓഫീസറാണ് വിവരം പുറത്തുവിട്ടത്.
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലാണ് സംസ്ഥാനത്ത് ആദ്യം ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്തത്. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർഥികൾക്കാണ് രോഗം പിടിപ്പെട്ടത്. കുട്ടികൾക്ക് പുറമെ രക്ഷിതാക്കൾക്കും രോഗബാധ സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയിലാണ് വയനാട് ജില്ല.
ഇതോടെ ജില്ലയിൽ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം 9 ആയി. ഷിഗെല്ല സ്ഥിരീകരിച്ച വയനാട് നെൻമേനിയിൽ ആൾക്കൂട്ട നിയന്ത്രണവും ഏർപ്പെടുത്തി. അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകളിലും ബത്തേരി മുൻസിപ്പാലിറ്റിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 14 വരെ അവധി പ്രഖ്യാപിച്ചു.