
മലപ്പുറം: യുഡിഎഫ് യുവ രാഷ്ട്രീയ നേതാക്കൾക്ക് എതിരെ കെ.ടി. ജലീൽ എംഎല്‍എ. രാഷ്ട്രീയ രംഗത്ത് യുഡിഎഫിന്റെ യുവജന മാഫിയ സംഘമുണ്ട്. പണം വാരിക്കൂട്ടുക, ജീവിതം ആസ്വദിക്കുക ഇതാണ് കോൺഗ്രസ് - ലീഗ് യുവ നേതാക്കളുടെ ശീലമെന്നും ജലീല്‍ ആരോപിച്ചു.
പണം ഉണ്ടാക്കാനുള്ള വഴിയായി യുവ നേതാക്കൾ രാഷ്ട്രീയത്തെ കാണുന്നുവെന്നാണ് ജലീലിന്റെ ആരോപണം. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെതിരെയുള്ള ആരോപണങ്ങള്‍ കെ.ടി.ജലീൽ ആവർത്തിച്ചു.
ഫോർച്യൂണ്‍ ഹൗസ് ജനറൽ ട്രേഡിങ് കമ്പനിയിലെ സെയിൽസ് മാനേജർ ആണ് പി.കെ. ഫിറോസ്. അഞ്ച് ലക്ഷത്തോളം രൂപ മാസ ശമ്പളം വാങ്ങുന്നുണ്ട്. ഗൾഫിലെ ഒരു കമ്പനി ആണിത്. ഇതു സംബന്ധിച്ച രേഖകള്‍ മുന്‍ മന്ത്രി പുറത്തുവിട്ടു. ജോലിക്കാരന്‍ എന്ന നിലയിലല്ല ഈ പണം ലഭിക്കുന്നത്. കമ്പനിയുടെ ഓഹരി പങ്കാളിയാണ്. 2024 മാർച്ച് 21 മുതല്‍ ഫിറോസ് സാലറി വാങ്ങുന്നുണ്ട്. 2026 മാർച്ച് 26 വരെ ആണ് കരാർ കാലാവധിയെന്നും ജലീല്‍ കൂട്ടിച്ചേർത്തു.
താനൂരില്‍ മത്സരിച്ചപ്പോള്‍ ഇക്കാര്യങ്ങള്‍ ഫിറോസ് മറച്ചുവെച്ചുവെന്നാണ് ജലീലിന്റെ ആരോപണം. ദോത്തി ചലഞ്ചിന്റെ പേരിൽ പോലും ഫിറോസ് പണം തട്ടിയെന്നും ഇരുനൂറു രൂപയുടെ തുണി അഞ്ഞൂറ് രൂപയ്ക്ക് കൊടുത്തുവെന്നും കെ.ടി. ജലീല്‍ പറഞ്ഞു.
മന്ത്രി ആയിരുന്നപ്പോൾ ഉണ്ടായ ബന്ധു നിയമന വിവാദത്തിലെ ലോകായുക്ത വിധി മുസ്ലീം ലീഗ് നേതാക്കള്‍ സിറിയക് ജോസഫിനെ സ്വാധീനിച്ചു നേടിയതെന്നും ജലീല്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ ജഡ്ജി ആയിരിക്കുമ്പോള്‍ വിധി എഴുതാത്ത ജഡ്ജി എന്നാണ് അദ്ദേഹത്തെപ്പറ്റി പറഞ്ഞിരുന്നത്. ആ മനുഷ്യനാണ് തനിക്കെതിരെ 100 പേജുള്ള വിധി എഴുതിയത്. അതുപോലും എറണാകുളത്തെ ഏതോ വക്കീല്‍ ഓഫീസില്‍ നിന്ന് എഴുതി തയ്യാറാക്കി കൊടുത്തതാണ്. ഇതിനൊക്കെ പ്രത്യുപകാരമായാണ് ജാൻസി ജയിംസിനെ എംജി സർവകലാശാല വിസിയായി നിയമിച്ചത്. അല്ലെങ്കിൽ ഫിറോസ് ഖുർആൻ തൊട്ട് സത്യം ചെയ്യണം. ഖുർആൻ ഉയർത്തി കെ.ടി. ജലീൽ വെല്ലുവിളിച്ചു.