പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത്; വിവിധ കേന്ദ്ര പദ്ധതികൾ നാടിന് സമർപ്പിക്കും

പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പരിപാടിയിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും നഗരസഭാ വികസന രേഖയും പ്രഖ്യാപിക്കും...
പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിSource: Files
Published on
Updated on

തിരുവനന്തപുരം: വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്ത്. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പരിപാടിയിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും നഗരസഭാ വികസന രേഖയും പ്രഖ്യാപിക്കും. നരേന്ദ്ര മോദിയുടെ സന്ദർശനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കു കൂടിയാണ് ബിജെപി തുടക്കം കുറിക്കുന്നത്.

കോർപ്പറേഷനിൽ അധികാരത്തിലേറിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ പ്രധാന വാഗ്ദാനം ഇതായിരുന്നു. എന്നാൽ ഭരണത്തിലേറി ഒരു മാസം പൂർത്തിയാകുന്നതിനു മുൻപേ വാക്കു പാലിക്കുന്നതിന്റെ സന്തോഷത്തിലാണ് ബിജെപി. പ്രധാനമന്ത്രി നേരിട്ടെത്തി നഗരത്തിന്റെ വികസന കാഴ്ചപ്പാടുകൾ പ്രഖ്യാപിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി
'എംറ്റി സ്‌പേസ് ബാഷ്പീകൃതയുടെ ആറാം വിരല്‍'; പുസ്തകത്തിനെതിരെ എംടിയുടെ കുടുംബം

രാവിലെ വിമാനത്താവളത്തിൽ നിന്നും പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള മോദിയുടെ യാത്ര, വൻ റോഡ് ഷോ ആക്കി മാറ്റാനാണ് പാർട്ടി തീരുമാനം. ഔദ്യോഗിക വേദിയിൽ അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും, ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൺട്രപ്രണർഷിപ്പ് ഹബ്ബിൻറെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. പിന്നീട് കോർപ്പറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനത്തിനായി സമീപത്തെ പാർട്ടി വേദിയിലേക്ക് മാറും. 25,000 ലധികം പ്രവർത്തകരെ പങ്കെടുപ്പിച്ചുള്ള പൊതുസമ്മേളനമാണ് ബിജെപി സംഘടിപ്പിക്കുന്നത്.

ഏപ്രിൽ രണ്ടാം വാരം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾക്കും ഇതോടെ തുടക്കമാകും. പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുള്ള നരേന്ദ്ര മോദിയുടെ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. തിരുവനന്തപുരം കോർപ്പറേഷനു പിന്നാലെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പാർട്ടിക്ക് ചലനമുണ്ടാക്കാൻ പ്രധാനമന്ത്രിയുടെ വരവ് കാരണമായേക്കുമെന്നാണ് വിലയിരുത്തൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com