

കായംകുളം: കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെ പരോക്ഷമായി പരിഹസിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. 'പാർട്ടിയിൽ ചേരാനാകില്ല, ഗ്രൂപ്പിൽ മാത്രമേ ചേരാനാകൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കായംകുളത്ത് നടന്ന മുസ്ലിം ലീഗ് പ്രവർത്തക ക്യാമ്പിലായിരുന്നു കോൺഗ്രസിന്റെ പേര് നേരിട്ട് പരാമർശിക്കാതെയുള്ള വിമർശനം. മുസ്ലിം ലീഗിൽ അത്തരം ഗ്രൂപ്പ് രാഷ്ട്രീയമില്ലെന്നും ഒറ്റ പാർട്ടിയും ഒരു നേതാവുമാണ് സംഘടനയുടെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് തങ്ങളാണ് ലീഗിന്റെ നേതാവെന്നും കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഗ്രൂപ്പ്, തങ്ങളുടെ ഗ്രൂപ്പ്, ബഷീർ സാഹിബിന്റെ ഗ്രൂപ്പ് എന്നിങ്ങനെ പാർട്ടിയിൽ വിഭാഗങ്ങളില്ലെന്നും പി.എം.എ. സലാം വ്യക്തമാക്കി. ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്ന സംവിധാനമാണ് ലീഗിലുള്ളത്. ഘടകകക്ഷികളിൽനിന്ന് നിരവധി പേർ മുസ്ലിം ലീഗിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അധികാരവും സംഘടനാ തീരുമാനങ്ങളും കൈകാര്യം ചെയ്യുന്നതിലെ നിലപാടുകളും അദ്ദേഹം വിശദീകരിച്ചു. അധികാരമുപയോഗിച്ച് അർഹരായ പ്രവർത്തകർക്ക് ജോലി നൽകാൻ കഴിയുമെങ്കിലും കുടുംബാംഗങ്ങൾക്കോ വേണ്ടപ്പെട്ടവർക്കോ ജോലി നൽകുന്ന രീതിയല്ല തന്റേതെന്ന് സലാം പറഞ്ഞു. വിദ്യാഭ്യാസ യോഗ്യതയും കുടുംബത്തിന്റെ സാഹചര്യവും പരിഗണിച്ച് ഏറ്റവും അർഹരായവരെ കണ്ടെത്തണം. ഇത്തരം തീരുമാനങ്ങൾ പ്രസിഡന്റ് അല്ലെങ്കിൽ സെക്രട്ടറി ഒറ്റയ്ക്ക് എടുക്കേണ്ടതല്ലെന്നും സംഘടനാതലത്തിൽ കൂടിയാലോചിച്ചാണ് തീരുമാനങ്ങളെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.