കോഴിക്കോട്: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ട് ജില്ലാ യുഡിഎഫ് നേതൃത്വം പരാതി നൽകി. ഉത്തര മേഖലാ ഐ.ജി രാജ്പാൽ മീണയ്ക്കാണ് പരാതി നൽകിയത്. എംപിയെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നാണ് ആവശ്യം.
യുഡിഎഫ് പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുത്തെന്നും ആരോപണമുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങാനാണ് യുഡിഎഫ് നീക്കം. യുഡിഎഫ് പ്രവർത്തകരെ പൊലീസ് വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും അഞ്ച് ദിവസത്തിൽ നടപടി ഇല്ലെങ്കിൽ ഐജി ഓഫീസിൽ പ്രതിഷേധം ആരംഭിക്കുമെന്ന് എം.കെ. രാഘവൻ എംപി മുന്നറിയിപ്പ് നൽകി.
"ഷാഫിയെ പൊലീസുകാർ ആക്രമിച്ചുവെന്ന് റൂറൽ എസ്പി തന്നെ സമ്മതിച്ചതാണ്. എഐ ടൂൾ ഉപയോഗിച്ച് ആക്രമിച്ചയാളെ കണ്ടെത്തും എന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. എന്നാൽ ആ ശ്രമം ഉപേക്ഷിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്," എം.കെ. രാഘവൻ എം.പി പറഞ്ഞു.