പാലക്കാട്: പുതുനഗരത്ത് വീടിനുള്ളിലെ പൊട്ടിത്തെറിയിൽ കേസെടുത്ത് പൊലീസ്. അനധികൃതമായി സ്ഫോടക വസ്തു സൂക്ഷിച്ചതിനും ഉപയോഗിച്ചതിനുമാണ് കേസ്. എക്സ്പ്ലോസീവ് സബ്സ്റ്റൻസ് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. മനുഷ്യജീവന് അപകടം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതെന്നും എഫ്ഐആറിൽ പറയുന്നു.
ഇന്ന് ഉച്ചയോടെയുണ്ടായ പൊട്ടിത്തെറിയിൽ മാങ്ങോട് ലക്ഷംവീട് നഗറിലെ ശരീഫിനും സഹോദരി ഷഹാനക്കും പരിക്കേറ്റിരുന്നു. അയൽവാസിയായ റഷീദിൻ്റെ പരാതിയിലാണ് കേസ് എടുത്തത്.നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. വീടിനുള്ളിൽ പൊട്ടിത്തെറിച്ച വസ്തുകളിൽ നടത്തിയ പരിശോധനയിലാണ് പൊലീസ് ഇക്കാര്യം കണ്ടെത്തിയത്.
അതേസമയം സംഭവത്തിൽ ആരോപണവുമായി ബിജെപി രംഗത്തെത്തി. പൊട്ടിത്തെറിച്ചത് ബോംബാണെന്നും പിന്നിൽ എസ്‌ഡിപിഐ ആണെന്നുമാണ് ബിജെപിയുടെ ആരോപണം. അപകടത്തിൽ പരിക്കേറ്റ ശരീഫും പൊട്ടിത്തെറി നടന്ന വീട്ടുകാരും എസ്‌ഡിപിഐ പ്രവർത്തകരാണെന്നും ബിജെപി ആരോപിച്ചു. എന്നാൽ ശരീഫ് ഉൾപ്പെടെ 12 പേരെ രണ്ട് വർഷം മുമ്പ് പുറത്താക്കിയതെന്ന് എസ്‌ഡിപിഐ വ്യക്തമാക്കി. മാങ്ങോട് ലക്ഷംവീട് നഗറിൽ നിലവിൽ എസ്‌ഡിപിഐ അംഗങ്ങൾ ഇല്ലെന്നും പാർട്ടി നേതാക്കൾ പറഞ്ഞു.