

ശബരിമല: മണ്ഡല കാലത്ത് ശബരിമല ദർശനത്തിനായി ആദ്യവാരം വെർച്വൽ ക്യൂ ബുക്ക് ചെയ്തവർ വരാതിരിക്കുന്നതിൽ അന്വേഷണം തുടങ്ങി പൊലീസ്. പൊലീസ് ദേവസ്വം ബോർഡിനോട് ബുക്കിങ് വിവരങ്ങൾ തേടി. പമ്പ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.
ബുക്ക് ചെയ്തവരുടെ വിവരങ്ങൾ തേടി അന്വേഷണ സംഘം ദേവസ്വം ബോർഡിന് കത്ത് നൽകിയിട്ടുണ്ട്. ദേവസ്വം വിജിലൻസ് സൈബർ ഫോറൻസിക് സംഘത്തിൻ്റെ സഹായത്തോടെയും അന്വേഷണം നടത്തും. ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ ആദ്യവാരം 47 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയിരുന്നു.
ശനിയാഴ്ചയെ അപേക്ഷിച്ച് 6000 പേരുടെ കുറവാണ് ഇന്നലെ ഉണ്ടായത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 23,000ത്തിലേറെ ആളുകൾ എത്തിയില്ല. സംഭവത്തിന് പിന്നിൽ ട്രാവൽ ഏജൻസികളുടെ ഇടപെടൽ ഉണ്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്താനാണ് പൊലീസിൻ്റെ തീരുമാനം.