കൊച്ചി: കുഞ്ചാക്കോ ബോബൻ നായക വേഷത്തിലെത്തിയ 'ഓഫീസർ ഓൺ ഡ്യൂട്ടി' എന്ന ചിത്രത്തിൻ്റെ നിർമാതാവിന് എതിരെ കേസെടുത്തു. അനുമതി കൂടാതെ മൊബൈല്‍ ഫോണ്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചതിനെതിരെ ഉണ്ടായ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
സ്വകാര്യ വ്യക്തിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചെന്ന പരാതിയിൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. നിർമാതാവ് മാർട്ടിൻ പ്രക്കാട്ട് അടക്കമുള്ളവർ പ്രതികളാണ്. സിനിമ പ്രദർശിപ്പിച്ച നെറ്റ്ഫ്ലിക്സും കേസിൽ പ്രതിയാകും. സിനിമയിൽ മൊബൈൽ നമ്പർ ഉപയോഗിച്ചത് മൂലം വിദേശത്ത് നിന്നും നിരവധി കോളുകൾ വന്നെന്നാണ് പരാതി.
ചിത്രത്തിൽ പരാതിക്കാരൻ്റെ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചത് ആവശ്യമായ മുൻകരുതലുകൾ ഇല്ലാതെയാണെന്നാണ് പരാതി. സിനിമയിൽ നമ്പർ ഉപയോഗിച്ചതിനെത്തുടർന്ന് വിദേശത്തുനിന്ന് നിരന്തരം ഫോൺ കോളുകൾ ലഭിച്ച സാഹചര്യത്തിലാണ് പരാതിക്കാരൻ നിയമനടപടി തേടിയത്. സംഭവവുമായി ബന്ധപ്പെട്ട് മെറ്റ പ്ലാറ്റ്ഫോം, സീ എൻ്റർടെയ്ൻമെൻ്റ് തുടങ്ങിയവർക്കെതിരെയും കേസെടുക്കാൻ നിർദേശമുണ്ട്. വ്യക്തിവിവര മോഷണം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുക്കേണ്ടതെന്നാണ് കോടതി നിർദേശം.
വ്യക്തിയുടെ മൊബൈല്‍ നമ്പര്‍ സിനിമയില്‍ അനുമതിയില്ലാതെ ഉപയോഗിച്ചു. അത് സിനിമയില്‍ നിന്നും മാറ്റണമെന്ന് പരാതിക്കാരന് ആവശ്യപ്പെട്ടിട്ടും അങ്ങിനെ ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയില്‍ പോയത്. ഇതോടെയാണ് നമ്പറിൻ്റെ യഥാര്‍ത്ഥ ഉടമ പരാതിയുമായി പോയത്. എന്നാല്‍ പൊലീസ് കേസെടുക്കാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് കോടതിയില്‍ പോകുകയും കോടതി കേസെടുക്കാന്‍ പറയുകയുമായിരുന്നു.
ഐ.ടി നിയമത്തിൻ്റെ വകുപ്പുകള്‍ വച്ചാണ് കേസെടുക്കുക. ഇലക്ട്രോണിക്സ് വഴിയുള്ള വഞ്ചനാകുറ്റവും ചുമത്തും. ചിത്രം നെറ്റ്ഫ്ലിക്സില്‍ എത്തിയതോടെ നിരന്തരം ഫോണ്‍വിളികള്‍ ശല്യമായി മാറിയെന്നും പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് രാജ്യങ്ങളില്‍ നിന്നു പോലും ഭീഷണി കോളുകള്‍ വരികയാണെന്നുമാണ് പരാതിക്കാരൻ്റെ വാദം. കേസെടുക്കാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിനോടാണ് നിര്‍ദേശം നല്‍കിയത്.