തിരുവനന്തപുരം: ബിജെപി കൗൺസിലർ തിരുമല അനിലിൻ്റെ മരണത്തിൽ ബാങ്കിനോട് വിവരങ്ങൾ ആവശ്യപ്പെട്ട് പൊലീസ്. ഡയറക്ടർ ബോർഡ് അംഗങ്ങളുടെ വിവരങ്ങൾ നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അനിൽ കുമാറിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.
പൂജപ്പുര പൊലീസാണ് കേസ് ഡയറി കൻ്റോൻമെൻ്റ് അസിസ്റ്റൻ്റ് കമ്മിഷണർ സ്റ്റുവർട്ട് കീലറിന് കൈമാറുന്നത്. എസിപിയുടെ പ്രാഥമിക റിപ്പോർട്ടിനു ശേഷം അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറുമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. അതേസമയം,അനിൽകുമാറിൻ്റെ മരണത്തിന് പിന്നാലെ ഫാം ടൂർ സൊസൈറ്റിയിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു.
ബാങ്കിൽ നിന്നും 14 ലക്ഷത്തിലധികം രൂപ നഷ്ടമായിട്ടുണ്ട്. സൊസൈറ്റി സെക്രട്ടറിയിൽ നിന്ന് 18 ശതമാനം പലിശയോടെ പണം തിരികെ പിടിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കുലറുകൾക്ക് വിരുദ്ധമായി പലിശ നൽകിയതിൽ വൻ നഷ്ടമുണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്. കളക്ഷൻ ഏജൻ്റുമാരെ നിയമിച്ചതിലും കമ്മീഷൻ നൽകിയതിലും ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അനിൽകുമാറിൻ്റെ മരണത്തെ തുടർന്ന് ബിജെപിയിൽ അമർഷം പുകയുകയാണ്. പാർട്ടിയിലെ പ്രശ്നങ്ങൾ ഇല്ലെന്നും, അത്തരം പ്രശ്നങ്ങൾ കാരണമല്ല അനിൽ ജീവനൊടുക്കിയത് എന്നും, ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ബിജെപിക്ക് സാധിക്കുന്നില്ല എന്നതുമാണ് തടസം നിക്കുന്നത്. സിപിഐഎമ്മിനെ പഴിചാരിക്കൊണ്ട് ബിജെപി നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും അതെല്ലാം പാഴായി പോകുകയാണ് ഉണ്ടായത്. അനിൽ കുമാറിൻ്റെ മരണത്തിന് പിന്നാലെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നപ്പോൾ അതിൽ ബിജെപിയെക്കുറിച്ച് പരാമർശം ഉണ്ടെന്ന കാര്യം പരസ്യമായതോടെ ബിജെപി വീണ്ടും പ്രതിരോധത്തിലാകുകയാണ് ചെയ്യുന്നത്.