പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ വിനേഷിനെ സംഘം ചേർന്ന് ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയെന്ന് പൊലീസ് കണ്ടെത്തൽ. കൃത്യമായ ആസൂത്രണത്തോടെയാണ് ഡിവൈഎഫ്ഐ നേതാക്കൾ വിനേഷിനെ ആക്രമിച്ചത്. സുഹൃത്തുക്കളുമായി വിനേഷ് വാണിയംകുളത്ത് എത്തിയപ്പോൾ പ്രതികൾ സംഘമായി പിന്തുടർന്നു. വാഹനം തടഞ്ഞ്, സുഹൃത്തുക്കളെ മാറ്റി നിർത്തി വിനേഷിനെ മർദിച്ചു. സംഭവസ്ഥലത്തുനിന്ന് ബൈക്കിൽ രക്ഷപ്പെട്ട വിനേഷിനെ നേതാക്കൾ പിന്തുടർന്നു പനയൂരിൽ എത്തിയതോടെ ഭാരമേറിയ വസ്തുകൊണ്ട് വിനേഷിൻ്റെ തലയ്ക്കടിച്ചെന്നുമാണ് പൊലീസ് നിഗമനം.
എന്നാൽ കൊലപ്പെടുത്തണം ഉദ്ദേശ്യത്തോടെയല്ല ആക്രമിച്ചത് എന്നാണ് പ്രതികൾ മൊഴി നഷകിയത്. വിനേഷ് ഫേസ്ബുക്കിലൂടെ നിരന്തരം പ്രകോപിപ്പിച്ചു. ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയത്. ആക്രമിക്കാൻ ആയുധങ്ങൾ കയ്യിൽ കരുതിയിരുന്നില്ലെന്നും പ്രതികൾ മൊഴി നൽകി.
അതേസമയം, ചികിത്സയിലുള്ള വിനേഷ് അതീവ ഗുരുതരാവസ്ഥയിലാണ്. വിനേഷിൻ്റെ തലച്ചോറിൽ തീവ്രമായ രക്തസ്രാവം ഉണ്ടായിരുന്നു. വിനേഷ് അബോധാവസ്ഥയിലാണ്. അടുത്ത 48 മണിക്കൂർ നിർണായകമാണെന്നുമാണ് വിവരം. കൂർത്ത ആയുധം കൊണ്ട് അടിച്ച സൂചനയില്ല. എന്നാൽ നിലത്ത് വീണുണ്ടായ പരിക്കുമല്ല. ഇടത്തെ കണ്ണിന് ചുറ്റും കറുപ്പുണ്ട്. ശരീരത്തിൽ ചിലയിടങ്ങളിൽ ചതവുമുണ്ട്. ശരീരത്തിൽ പുറമെയ്ക്ക് വലിയ പരിക്കില്ല. എന്നാൽ ആന്തരിക ക്ഷതമുണ്ടെന്നും ആശുപത്രി അധികൃതർ.