കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതിയെ പിടികൂടാൻ ആവാതെ പൊലീസ്. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് വിനീഷ് കാണാമറയത്ത് തന്നെ തുടരുന്നു. നാല് ദിവസം പിന്നിട്ടിട്ടും കൊടും കുറ്റവാളിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണ്. പ്രതിയെ കണ്ടെത്താനായി മെഡിക്കൽ കോളേജ് പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മുമ്പ് ഒരുതവണ ചാടിപ്പോവുകയും രണ്ടുതവണ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത, പ്രമാദമായ കേസിലെ പ്രതി വീണ്ടും ചാടിപ്പോയതും ഇയാളെ കണ്ടെത്താൻ കഴിയാത്തതും പൊലീസിന് കനത്ത തലവേദനയായിരിക്കുകയാണ്.
വിചാരണ തടവുകാരൻ ആയ ഇയാൾ മാനസിക പ്രശ്നത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഡിസംബർ 29ന് രാത്രി വിനീഷ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിലിലെ വിചാരണത്തടവുകാരനായ ഇയാളെ മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് കോടതിയുടെ നിർദേശപ്രകാരമാണ് ഡിസംബർ 10ന് വീണ്ടും കുതിരവട്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 29ന് രാത്രി 11 മണിയോടെയാണ് ഇയാൾ ആശുപത്രിയിൽനിന്നു കടന്നുകളഞ്ഞതെന്നാണ് സൂചന. മൂന്നാം വാർഡിൽനിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ശുചിമുറിയുടെ ചുമർ തുരന്ന് പുറത്തെത്തിയശേഷം ചുറ്റുമതിൽ ചാടി പുറത്തു പോവുകയായിരുന്നു. ആശുപത്രിയിൽ മണിക്കൂർ ഇടവിട്ട് രോഗികളെ നിരീക്ഷിക്കാറുണ്ട്. 11 മണിയോടെ ഇയാളെ സെല്ലിൽ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശുചിമുറിയുടെ ചുമർ തുരന്ന നിലയിൽ കണ്ടെത്തിയത്. രക്ഷപ്പെടുന്ന സമയത്ത് പ്രതി ഒരു നിക്കർ മാത്രമാണ് ധരിച്ചിരുന്നതെന്നാണ് സൂചന.
പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നത് ഇത് ആദ്യമായല്ല
ദൃശ്യ കൊലക്കേസിൽ 2021ൽ അറസ്റ്റുചെയ്ത് കൊണ്ടുവരുന്നതിനിടെ കോഴിക്കോട് പയ്യോളിയിൽ വച്ച് വാഹനത്തിൽ നിന്ന് കടന്നുകളയാൻ പ്രതി ശ്രമിച്ചിരുന്നു. 2022ലും കുതിരവട്ടം ആശുപത്രിയിൽനിന്ന് വിനീഷ് രക്ഷപ്പെട്ടിരുന്നു. അന്ന് കർണാടകയിലെ ധർമസ്ഥലയിൽവെച്ച് നാട്ടുകാരാണ് പിടികൂടി ഇയാളെ പൊലീസിൽ ഏൽപ്പിച്ചത്. 2023 ജൂലൈയിൽ കുതിരവട്ടം ആശുപത്രിയിൽനിന്ന് കുളിപ്പിക്കാൻ പുറത്തിറക്കിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കോമ്പൗണ്ടിനകത്ത് വെച്ചുതന്നെ സാഹസികമായി പിടികൂടുകയായിരുന്നു. കൊതുകുതിരി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവവും വിനീഷിന്റെ പേരിലുണ്ട്. ഇത്തരത്തിൽ നിരന്തരം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനങ്ങളൊരുക്കാത്തതും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിരീക്ഷണത്തിന് സംവിധാനങ്ങളില്ലാത്തതും കടുത്ത ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.
പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ്
പ്രണയം നിരസിച്ചതിന് 2021 ജൂണിലാണ് ഏലംകുളം കൂഴന്തറ ചെമ്മാട്ടിൽ സി.കെ.ബാലചന്ദ്രന്റെ മകളായ എൽഎൽബി വിദ്യാർഥി ദൃശ്യയെ വിനീഷ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. ഒറ്റപ്പാലം നെഹ്‌റു അക്കാദമി ഓഫ് ലോ കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു ദൃശ്യ. പ്രതി ദൃശ്യയെ കത്തി കൊണ്ട് കുത്തുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരി ദേവശ്രീക്കും(13) കുത്തേറ്റിരുന്നു. സംഭവദിവസം ദൃശ്യയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള കളിപ്പാട്ട കടയും പ്രതി കത്തിച്ചിരുന്നു. കടയ്ക്ക് തീയിട്ട് ശ്രദ്ധതിരിച്ച ശേഷമാണ് വിനീഷ് പത്തു കിലോമീറ്റർ അകലെയുളള ദൃശ്യയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്. കൊലപാതകത്തിനുശേഷം സംഭവസ്ഥലത്തുനിന്ന് മറഞ്ഞ പ്രതി ഒരു ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓട്ടോയുടെ ഡ്രൈവർ ജൗഹർ നാട്ടുകാർ നൽകിയ വിവരങ്ങളുടെ സൂചനപ്രകാരം തന്ത്രപൂർവം ഇയാളെ സ്റ്റേഷനിൽ എത്തിച്ച് പൊലീസിനു കൈമാറുകയായിരുന്നു.