

ജനകീയ സമരങ്ങളിലൂടെയാണ് വി.എസ്. അച്യുതാനന്ദന്‍, വിഎസ് എന്ന രണ്ടക്ഷരത്തിലൂടെ പാര്‍ട്ടി, പ്രായഭേദമെന്യേ മലയാളികളുടെ ഇഷ്ടനേതാവായി മാറുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ആ രണ്ടക്ഷരം രാഷ്ട്രീയ കേരളത്തിന്റെ അനിവാര്യതയായി മാറി. എന്നിട്ടും 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിഎസിന് ആദ്യം സീറ്റ് കിട്ടിയില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍, കേരളത്തിലെ സിപിഐഎമ്മിനെ ഞെട്ടിപ്പിച്ചുകൊണ്ട് ജനകീയ പ്രതിഷേധങ്ങള്‍ അരങ്ങേറി. അച്ചടക്ക സീമകളെല്ലാം ലംഘിച്ചുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകരും അന്ന് തെരുവിലിറങ്ങി. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്തെ ഓട്ടോ സ്റ്റാന്‍ഡായിരുന്നു പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രം. 'കണ്ണാണ് വിഎസ്, കരളാണ് വിഎസ്... സഖാവെന്നാല്‍ ഞങ്ങള്‍ വിളിക്കും വി.എസ്... വി.എസ്. സിന്ദാബാദ്'... അവിടെ ഉയര്‍ന്ന മുദ്രാവാക്യം പിന്നീട് കേരളമെങ്ങും മുഴങ്ങിക്കേട്ടു.
2006ല്‍ സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ച പൊതുസ്ഥാനാര്‍ഥി പട്ടികയില്‍ വി.എസിന്റെ പേര് ഉണ്ടായിരുന്നില്ല. വിവരം പുറത്തുവന്ന നിമിഷം തന്നെ പല കോണിലും പ്രതിഷേധസ്വരം ഉയര്‍ന്നു. അതിന് ശക്തി പ്രാപിക്കുന്നത് നീലേശ്വരത്തെ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നായിരുന്നു. സിപിഐഎം നീലേശ്വരം ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നിലെ കൊടിമരത്തില്‍ അന്ന് വിഎസ് പക്ഷം കരിങ്കൊടി ഉയര്‍ത്തി. പിണറായി വിജയന്‍, ഇ.പി. ജയരാജന്‍, എം.എ. ബേബി എന്നിങ്ങനെ നേതാക്കള്‍ക്കെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഇതോടെ, വിഎസിനെ എതിര്‍ത്തും അനുകൂലിച്ചുമൊക്കെ ജില്ലയുടെ വിവിധഭാഗങ്ങളില്‍ പോസ്റ്ററുകള്‍ വന്നു. അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത പ്രതിഷേധ റാലിയും നടന്നു. ഓട്ടോറിക്ഷ തൊഴിലാളികളായിരുന്നു മുൻപന്തിയിലുണ്ടായിരുന്നത്. അന്ന് അവര്‍ മുഷ്ടി ചുരുട്ടി വിളിച്ച മുദ്രാവാക്യമാണ്...
'കണ്ണാണ് വി.എസ്... കരളാണ് വി.എസ്.
ചങ്കാണ് വി.എസ്... കരുത്താണ് വി.എസ്.
ശരിയാണ് വി.എസ്... തീയാണ് വി.എസ്.
വി.എസ്. എന്നാല്‍ വിശ്വാസമാണ്
വി.എസ്. എന്നാല്‍ വിപ്ലവമാണ്
വി.എസ്. എന്നാല്‍ വികാരമാണ്
വി.എസ്. എന്നാല്‍ വികസനമാണ്.
പോരാട്ടത്തിന്‍ പര്യായമാണ് വി.എസ്.
സഖാവെന്നാല്‍ ഞങ്ങള്‍ വിളിക്കും
വി.എസ്... വി.എസ്... സിന്ദാബാദ്'
പതുക്കെയത് കേരളമാകെ പടര്‍ന്നുപിടിച്ചു. ജില്ലകള്‍ തോറും നേതാക്കള്‍ക്കെതിരെ പോസ്റ്ററുകള്‍ പിറന്നു. പലയിടത്തും സിപിഎം പ്രവര്‍ത്തകര്‍ തന്നെയായിരുന്നു പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. അത് പതുക്കെ ജനങ്ങളുടെ മനസുകളിലേക്കും പടര്‍ന്നു. എറണാകുളം മഹാരാജാസ് ഉള്‍പ്പെടെ കോളേജുകളിലും സര്‍വകലാശാലകളിലും വിദ്യാര്‍ഥികള്‍ വി.എസിനായി മുദ്രാവാക്യം ഉയര്‍ത്തി. അത് പതുക്കെ കേരളത്തിന് പുറത്തേക്കും വ്യാപിച്ചു. ഡല്‍ഹിയിലും ഗള്‍ഫിലുമൊക്കെ പ്രതിഷേധ പരിപാടികള്‍ അരങ്ങേറി.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പി.ബി. യോഗം ചേര്‍ന്നു. പാര്‍ട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയന്‍ മത്സരിക്കട്ടെയെന്ന നിര്‍ദേശം ഉയര്‍ന്നു. എന്നാല്‍ അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പിണറായി വിജയന്‍ മത്സരിക്കാതെ, സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ തീരുമാനിച്ചു. വിഎസിനെ സ്ഥാനാര്‍ഥിയായി പിബി തീരുമാനിച്ചു. പിന്നാലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന കമ്മിറ്റി വിഎസിനെ മലമ്പുഴയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. വിഎസ് ജയിച്ച് മുഖ്യമന്ത്രിയായി. നീലേശ്വരത്തെ ഓട്ടോ സ്റ്റാന്‍ഡ് വിഎസ് ഓട്ടോ സ്റ്റാന്‍ഡുമായി.
അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം, 2011 തെരഞ്ഞെടുപ്പിലും സമാനമായിരുന്നു സ്ഥിതി. വിഎസിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സംശയം ഉടലെടുത്തപ്പോള്‍ തന്നെ നീലേശ്വരത്തെ ഓട്ടോ സ്റ്റാന്‍ഡ് നേതാവിനായി കച്ചമുറുക്കി. പ്രതിഷേധത്തിനിറങ്ങിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് നിര്‍ദേശം വന്നിട്ടും ഓട്ടോ തൊഴിലാളികളും പാര്‍ട്ടി പ്രവര്‍ത്തകരും കുലുങ്ങിയില്ല. ഓട്ടോ സ്റ്റാന്‍ഡില്‍നിന്ന് വിഎസിന്റെ ചിത്രവും ഫ്ളക്സുമൊക്കെ നീക്കാനുള്ള ശ്രമം വരെ നടന്നു. വിഎസിനെ അനുകൂലിച്ചും, മറ്റു നേതാക്കളെ വിമര്‍ശിച്ചും നീലേശ്വരത്ത് ആദ്യം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വലിയ റാലിയും നടന്നു. പാര്‍ട്ടി തീരുമാനം മാറ്റിയതോടെ, വിഎസ് മലമ്പുഴയില്‍ മത്സരിച്ച് ജയിച്ചു. നാല് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ വിഎസ് പ്രതിപക്ഷ നേതാവായി സഭയിലെത്തി.
തെരഞ്ഞെടുപ്പിലും പൊതു പരിപാടിയിലുമൊക്കെ കണ്ണാണ് വി.എസ്... കരളാണ് വി.എസ്... മുദ്രാവാക്യം പല തരത്തില്‍ വിളിക്കപ്പെട്ടു. കണ്ണേ, കരളേ വിഎസേ... എന്ന് മുഴങ്ങിക്കേള്‍ക്കാത്ത വിഎസ് പങ്കെടുക്കുന്ന ഒരു പരിപാടി പോലുമില്ലായിരുന്നു. 2016 തെരഞ്ഞെടുപ്പില്‍, കണ്ണൂരില്‍ ധര്‍മടത്ത് പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങിയപ്പോഴും ഉയര്‍ന്നു കേട്ടത് കണ്ണേ, കരളേ വിഎസേ... എന്ന മുദ്രാവാക്യമായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് പൊതുപ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതുവരെ ആ മുദ്രാവാക്യം മുഴങ്ങിക്കേട്ടു.
കണ്ണേ കരളേ വിഎസേ... ഒരിക്കല്‍ കൂടി അത് മുഴങ്ങിക്കേള്‍ക്കും.... ഇല്ലാ ഇല്ലാ മരിക്കില്ലാ...സഖാവ് വി.എസ് മരിക്കില്ല... ജീവിക്കുന്നു ഞങ്ങളിലൂടെ... സഖാവ് വിഎസ് സിന്ദാബാദ്.. ലാല്‍ സലാം... ലാല്‍ സലാം... എന്നുകൂടി അതിനൊപ്പം ഉണ്ടാകും. ജനമനസുകളില്‍നിന്ന് മായാത്ത കമ്യൂണിസ്റ്റിനോടുള്ള അവസാന ആദരമെന്നോണം.