
വിഎസ് എന്ന 'ഒറ്റ' അക്ഷരം മലയാളിയുടെ നാവില്‍ തൃമധുരമാണ്. ഏതൊരു എതിരാളിയും അറിയാതെ ബഹുമാനത്തോടെ അദ്ദേഹത്തെ അങ്ങനെ അഭിസംബോധന ചെയ്തുപോകും. മധുരം കട്ടുതിന്നുന്ന പ്രമേഹരോഗിയെപ്പോലെ. 'ജനപ്രിയന്‍' എന്ന വിശേഷണത്തിനോട് പാർട്ടിയോട് എന്ന പോലെ ആ നേതാവ് കൂറ് പുലർത്തി. എന്നാല്‍, ഒരിക്കല്‍ പോലും വിഎസ് അച്യുതാനന്ദന്‍ തന്റെ വിമർശനത്തിന്റെ മൂർച്ച കുറച്ചില്ല.
ജനപ്രിയനെങ്കിലും വിഎസിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ പല തവണ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പരാജയപ്പെട്ട ഒരു നേതാവിനെയും കാണാം. "പാർട്ടി ജയിക്കുമ്പോള്‍ വിഎസ് തോല്‍ക്കും, നേരെ തിരിച്ചും" എന്ന ഭൗതികവാദത്തിന് നിരക്കാത്ത അന്ധവിശ്വാസം പോലും ചില ഹാസ്യ സാമ്രാട്ടുകള്‍ പടച്ചുവിട്ടു. ശരിയാണ് വിഎസിന് പലതവണ കാലിടറി. പക്ഷേ ജനങ്ങളുടെ ആവേശം ശ്വസിച്ച് ആ കമ്മ്യൂണിസ്റ്റ് ഉയിർത്തെഴുന്നേറ്റു.
1965ലെ കന്നി തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെട്ടാണ് വിഎസ് അച്യുതാനന്ദന്റെ തുടക്കം. അമ്പലപ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ കെ.എസ് . കൃഷ്ണക്കുറിപ്പിനോടാണ് വിഎസ് തോറ്റത്. 2,327 വോട്ടിനായിരുന്നു ആ തോല്‍വി. എന്നാല്‍ ആ തോല്‍വിക്ക് , 1967ല്‍ അതേ മണ്ഡലത്തില്‍ വിഎസ് വിജയം കൊണ്ട് മറുപടി നല്‍കി. എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാർഥി എ. അച്യുതനെ 9,555 വോട്ടുകള്‍ക്കാണ് വിഎസ് പരാജയപ്പെടുത്തിയത്. 70ല്‍ അദ്ദേഹം അമ്പലപ്പുഴയില്‍ വിജയം ആവർത്തിച്ചു. ആർഎസ്‌പി സ്ഥാനാർഥി കെ. കുമാരപിള്ളയെ തോല്‍പ്പിച്ചു. എന്നാല്‍ 77ല്‍ മണ്ഡലം കുമാരപിള്ളയ്ക്ക് അനുകൂലമായി ജനവിധി എഴുതി. പിന്നീട് 1991ലാണ് വിഎസ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ഇത്തവണ മാരാരിക്കുളം ആയിരുന്നു മണ്ഡലം. 9,980 വോട്ടുകള്‍ക്ക് ഡി. സുഗതനെ പരാജയപ്പെടുത്തി വേലിക്കകത്ത് ശങ്കരന്‍ അച്യുതാന്ദന്‍ മാരാരിക്കുളത്തിന്റെയും പ്രിയങ്കരനായി.
1996ലെ തെരഞ്ഞെടുപ്പ് വിഎസിന് പ്രധാനപ്പെട്ടതായിരുന്നു. സിറ്റിങ് എംഎല്‍എ, പ്രതിപക്ഷനേതാവ്, സർവോപരി പൊളിറ്റ് ബ്യൂറോ അംഗം എന്നിങ്ങനെയുള്ള അലങ്കാരങ്ങള്‍ക്കുപരിയായി വിഎസിനെ കാത്തിരുന്നത് മുഖ്യമന്ത്രി കസേരയാണ്. ശക്തമായ യുഡിഎഫ് വിരുദ്ധ തരംഗവും തന്റെ ജനപ്രിയതയിലും വിഎസ് ഉറച്ചു വിശ്വസിച്ചു. മണ്ഡലത്തില്‍ വന്നുപോയി കേരളം ആകെ പ്രചാരണത്തിന് അദ്ദേഹം ചുക്കാന്‍ പിടിച്ചു. വാക്കുകള്‍ കൊണ്ട്, അതിനൊപ്പം ചലിക്കുന്ന ശരീരം കൊണ്ട് വിഎസ് ഐക്യ ജനാധിപത്യ മുന്നണിക്ക് മുന്നറിയിപ്പ് നല്‍കി - "നിങ്ങള്‍ പരാജയപ്പെടാന്‍ പോകുന്നു."
പ്രാദേശിക നേതാവായ പി.ജെ. ഫ്രാന്‍സിസ് ആയിരുന്നു മാരാരിക്കുളത്തെ കോണ്‍ഗ്രസ് സ്ഥാനാർഥി. അത്ര നല്ല ട്രാക്ക് റെക്കോർഡായിരുന്നില്ല പാർലമെന്ററി രാഷ്ട്രീയത്തില്‍ ഫ്രാന്‍സിസിനുണ്ടായിരുന്നത്. മുന്‍പ് രണ്ട് തവണ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു തോറ്റ ചരിത്രവും വിഎസ് എന്ന അതികായന്റെ സാന്നിധ്യവും ഫ്രാന്‍സിസിന് ഇത്തവണയും ഒരു സാധ്യതയും ഇല്ലെന്ന മുന്‍വിധികള്‍ക്ക് കാരണമായി. കേരളത്തിന്റെ 'പൊളിറ്റിക്കല്‍ റെഡ് സ്റ്റാറിന്റെ' മണ്ഡലത്തില്‍ മത്സരം ഇല്ലെന്നായിരുന്നു പൊതുവിലയിരുത്തല്‍. എന്നാല്‍, എല്ലാക്കാലത്തും എന്നപോലെ വിഎസിനെ ചുറ്റി അടിയൊഴുക്കുകള്‍ സജീവമായിരുന്നു. ഇത്തവണ അത് അകത്തു നിന്നും പുറത്തും നിന്നു വിഎസിനെ ചുഴിയിലേക്ക് തള്ളിയിട്ടു.
സംസ്ഥാനം മുഴുവന്‍ എല്‍ഡിഎഫ് പ്രചാരണം വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ചൂടുപിടിക്കുമ്പോള്‍ മാരാരിക്കുളത്ത് മറ്റൊരു വികാരം പാർട്ടി അറിഞ്ഞോ അറിയാതെയോ ഉടലെടുക്കുകയായിരുന്നു. ദേശാഭിമാനിയില്‍ ഇഎംഎസ് എഴുതിയ ഒരു ലേഖനമായിരുന്നു മാരാരിക്കുളത്ത് പ്രതിപക്ഷം ഉയർത്തിക്കൊണ്ട് വന്ന ഒരു വിവാദം. നവോത്ഥാന നായകർക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തോട് ആഭിമുഖ്യം പുലർത്താനായില്ല എന്നായിരുന്നു ഈ വിവാദ ലേഖനത്തിന്റെ ഉള്ളടക്കം. ഫ്യൂഡല്‍-മത അനാചാരങ്ങളെ എതിർക്കാന്‍ താല്‍പ്പര്യം കാണിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തോട് നവോത്ഥാന നായകർ മൃദു സമീപനം കാണിച്ചുവെന്നായിരുന്നു ഇഎംഎസ് പറഞ്ഞുവെച്ചത്. ലേഖനത്തില്‍ ശ്രീനാരായണ ഗുരുവിനെയും കുമാരനാശാനെയും പേരെടുത്ത് വിമർശിച്ച് ഈഴവ സമുദായത്തെ ഇഎംഎസ് താറടിച്ചു കാണിക്കാന്‍ ശ്രമിച്ചുവെന്ന തരത്തില്‍ ആ ലേഖനത്തിന് വായനകള്‍ ഉണ്ടായി. അല്ലെങ്കില്‍ അത്തരത്തിലൊരു വിമർശനം പ്രചരിപ്പിക്കപ്പെട്ടു. ഇത് ഈഴവ സമുദായത്തിനിടയില്‍ സിപിഐഎം വിരുദ്ധത നാമ്പെടുക്കാന്‍ കാരണമായി. കെ.ആർ. ഗൗരിയമ്മയുടെ പുറത്താക്കലിനെ ഈ വിമർശനങ്ങളോട് വിഎസ് വിരുദ്ധർ ചേർത്തുവെച്ചു. ഇതിനൊപ്പം സുശീലാ ഗോപാലനെ അടുത്ത മുഖ്യമന്ത്രിയാക്കണം എന്ന് വാദിച്ച സിഐറ്റിയു പക്ഷം വിഎസിനെതിരെ പ്രവർത്തിച്ചുവെന്നും ആരോപണമുണ്ട്.
ഒടുവില്‍ ആ സുപ്രധാന ദിനമെത്തി. ആലപ്പുഴ ലിയോതേർട്ടീത്ത് ഹൈസ്ക്കൂളില്‍ ബാലറ്റ് പെട്ടി തുറന്നു. എണ്ണിത്തുടങ്ങിയപ്പോള്‍ കേരളം ഞെട്ടി. പാർട്ടിക്കുള്ളില്‍ ചോദ്യങ്ങള്‍ ഉയർന്നു തുടങ്ങി. പക്ഷെ വിഎസ് അക്ഷോഭ്യനായി ആ കൗണ്ടിങ് സെന്ററില്‍ തുടർന്നു. രാത്രി ഒരു മണിയോടെ അന്തിമ ഫലം വന്നപ്പോള്‍, പതിനായിരത്തിനടുത്ത് സിപിഐഎം ഭൂരിപക്ഷം പ്രതീക്ഷിച്ച മണ്ഡലത്തില്‍ 1,965 വോട്ടുകള്‍ക്ക് വിഎസ് അച്യുതാനന്ദന്‍ എന്ന മുഖ്യമന്ത്രി സ്ഥാനാർഥി പരാജയപ്പെട്ടു. ജയിച്ച പി.ജെ. ഫ്രാന്‍സിസ് പോലും അങ്ങനെയൊരു ഫലമായിരുന്നിരിക്കില്ല പ്രതീക്ഷിച്ചിരിക്കുക.
ഫലം അറിഞ്ഞ സമയം ലിയോതേർട്ടീത്ത് ഹൈസ്ക്കൂളില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ അന്ന് ആദ്യമായി വിഎസില്‍ പരാജിതന്റെ മുഖം കണ്ടു. സുധീരന്‍ ഫ്രാന്‍സിസുമായി സംസാരിച്ചു. കൗണ്ടിങ് സെന്ററിന് വെളിയിലെ അണികളുടെ ആരവം ഒരു ഘട്ടത്തിലും വിഎസിനെതിരെയുള്ള ആക്ഷേപമാകരുതെന്ന് കർശന നിർദേശം നല്‍കി. അവർ അത് പാലിച്ചു. പരാജയം സമ്മതിച്ച് ഫ്രാന്‍സിസിന്റെ തോളില്‍ തട്ടി അഭിനന്ദിച്ച് വിഎസ് പുറത്തിറങ്ങി തന്റെ വാഹനത്തില്‍ കയറും വരെ കോണ്‍ഗ്രസ് പ്രവർത്തകർ മുദ്രാവാക്യങ്ങള്‍ മുഴക്കിയില്ല. പോകും മുന്‍പ് വിഎസ് ഫ്രാന്‍സിസിനോട് ഇത്രമാത്രം പറഞ്ഞു, "നിങ്ങള്‍ ആഘോഷിച്ചോളൂ, വിജയം ആഘോഷിക്കാനുള്ളതാണ്."
മാരാരിക്കുളം തെരഞ്ഞെടുപ്പ് പരാജയം വിഎസിനെ ശരിക്കും ഉലച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന് പിറ്റേന്ന് കാലത്ത് നല്‍കിയ ബൈറ്റില്‍ അത് പ്രകടമായിരുന്നു. കീറിയൊരു ബനിയനും കൈലിമുണ്ടും ധരിച്ചാണ് വിഎസ് ആ ബൈറ്റ് നല്‍കിയത്. ഏഷ്യാനെറ്റ് ജേണലിസ്റ്റ് തിരിച്ചും മറിച്ചും ചോദ്യങ്ങള്‍ ചോദിച്ചു. പരാജയത്തിന്റെ കാർമേഘങ്ങള്‍ ഇരുണ്ടുമൂടിയ മുഖവുമായി വിഎസ് പ്രതികരിച്ചു, "പാർട്ടി പരിശോധിക്കും".
1996ല്‍ സുശീലാ ഗോപാലന്‍ മുഖ്യമന്ത്രിയായില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ.കെ. നായനാർ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മുഖ്യമന്ത്രിയായി. നായനാർക്ക് പകരം പാർട്ടി സെക്രട്ടറിയായി ചടയന്‍ ഗോവിന്ദന്‍ എത്തി. എല്ലാ പക്ഷങ്ങളുടെയും നാവ് മരവിപ്പിച്ച ആ നീക്കത്തിനു പിന്നിലും വിഎസ് ആയിരുന്നു. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി തുടങ്ങിയവർ വിഎസിനൊപ്പം ഉറച്ചുനിന്നു. മാരാരിക്കുളത്തെ പരാജയത്തിന്റെ കയത്തില്‍ നിന്ന് 48 മണിക്കൂറുകള്‍ക്കുള്ളിലാണ് വിഎസിലെ 'രാഷ്ട്രീയക്കാരന്‍' ഉയിർത്തെഴുന്നേറ്റത്.
പിന്നാലെ, മാരാരിക്കുളത്തെ വിഎസിന്റെ തോല്‍വി സിപിഐഎം പരിശോധിച്ചു. അച്ചടക്ക ലംഘനത്തിന് ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന പ്രമുഖ സിഐറ്റിയു നേതാവ് റ്റി.കെ. പളനിയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. പിന്നീട് ഇദ്ദേഹത്തെ പാർട്ടി പുറത്താക്കി. മാരാരിക്കുളം ഏരിയാ സെക്രട്ടറി ആയിരുന്ന സി.കെ. ഭാസ്കരനും നിരവധി നേതാക്കളും സമാനമായ രീതിയില്‍ പാർട്ടി നടപടികള്‍ക്ക് വിധേയരായി. നടപടി നേരിട്ട യുവ നേതാവ് റ്റി.ജെ. ആഞ്ചലോസ് സിപിഐയിലേക്ക് കൂടുമാറി. മാരാരിക്കുളത്തെ സിപിഐഎമ്മിന്റെ പരാജയം അങ്ങനെ ചരിത്രത്താളുകളിലേക്ക് മറഞ്ഞു. എന്നാല്‍, വിഎസിനെ പഠിക്കുന്നവർ ഈ അധ്യായം മറിച്ചുനോക്കാതിരിക്കില്ല. കാരണം ചുറ്റും നോട്ടമുണ്ടാകണമെന്നൊരു രാഷ്ട്രീയ പാഠം കൂടി വിഎസിന്റെ ഈ പരാജയം പഠിപ്പിക്കുന്നുണ്ട്.
1996ലെ ആ തെരഞ്ഞെടുപ്പ് തോല്‍വി വിഎസിനെ തളർത്തിയോ? 102-ാം വയസില്‍ തന്റെ സഖാക്കള്‍ക്ക് റെഡ് സല്യൂട്ട് നല്‍കി ആ മുതിർന്ന കമ്മ്യൂണിസ്റ്റ് പഥികന്‍ യാത്ര പറയുമ്പോഴും നമുക്ക് അറിയാം. 'തോറ്റ ചരിത്രം' തിരുത്തിയ കമ്മ്യൂണിസ്റ്റാണ് അദ്ദേഹം. രാഷ്ട്രീയ അടിയൊഴുക്കുകളെ പലകുറി മുറിച്ചു കടന്ന തോണിക്കാരന്‍. അച്യുതാനന്ദന്‍ ജനിച്ചത് ഒരു കമ്മ്യൂണിസ്റ്റായിട്ടല്ല. പക്ഷേ അദ്ദേഹം ജീവിച്ചതും മരിച്ചതും ഒരു കമ്മ്യൂണിസ്റ്റായിട്ടാണ്. വിജയിച്ച കമ്മ്യൂണിസ്റ്റ്.