കോഴിക്കോട്: കോഴിക്കോട് തടമ്പാട്ടുതാഴത്തെ വയോധികമാരുടെ മരണം കൊലപാതകമെന്ന് റിപ്പോർട്ട്. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
ഇന്ന് രാവിലെ മൂലക്കണ്ടി സ്വദേശികളും സഹോദരിമാരുമായ ശ്രീജയ, പുഷ്പ എന്നിവരെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരുടേയും മൃതശരീരം വെള്ളപതച്ച നിലയിലായിരുന്നു എന്ന് ഡിസിപി പറഞ്ഞു. സഹോദരനുൾപ്പടെ മൂന്ന് പേരാണ് ഇവരുടെ വീട്ടിൽ താമസിച്ചിരുന്നത്. രാവിലെ സഹോദരൻ അയൽവാസിയെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഇവരോടൊപ്പം താമസിച്ചിരുന്ന സഹോദരനെ കാണാനില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. റെയിൽവേ സ്റ്റേഷൻ , ബസ്സ്റ്റോപ്പ് എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു. 12.30ഓടെ ഫറോക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്താണ് പ്രമോദിനെ അവസാനമായി കണ്ടത്. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു.