

തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിക്കൂട്ടിലായ പി.പി.ദിവ്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിക്ക് പുറത്ത്. മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായിരുന്നു പി.പി. ദിവ്യ. മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനമാണ് നടപടി സ്വീകരിച്ചത്.
പി.പി. ദിവ്യയെ ഒഴിവാക്കിയതിന് പിന്നിൽ സിപിഐഎം നേതൃത്വത്തിന്റെ ഇടപെടലാണെന്നാണ് സൂചന. പി.പി. ദിവ്യക്കെതിരെ പുതിയ ചില പരാതികൾ സിപിഐഎം നേതൃത്വത്തിന് ലഭിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ പി.പി. ദിവ്യ ആവശ്യപ്പെട്ട പ്രകാരമാണ് ഒഴിവാക്കിയതെന്ന് പി. .കെ. ശ്രീമതി പറയുന്നു. കണ്ണൂരിൽ പ്രവർത്തനം തുടരുമെന്നും പി.കെ. ശ്രീമതി പറഞ്ഞു.
സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയേയും പ്രസിഡൻ്റിനേയും തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് സി.എസ്. സുജാത തന്നെ തുടരും. കെ.എസ്. സലീഖയാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇ. പത്മാവതിയെ ട്രഷററായും തെരഞ്ഞെടുത്തു. 116 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്.
ദിവ്യയെ കൂടാതെ ഐഷ പോറ്റിയും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്നും പുറത്തായി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നെങ്കിലും 2 കമ്മിറ്റികളിൽ മാത്രമാണ് ഐഷ പോറ്റി ഹാജരായത്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലും പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നത്.