

എറണാകുളം: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ വച്ച് ഗർഭിണിയെ മർദിച്ച സംഭവത്തിൽ എസ്എച്ച്ഒ പ്രതാപ ചന്ദ്രനെ സസ്പെൻഡ് ചെയ്തു. നിലവിൽ അരൂർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആയ പ്രതാപ് ചന്ദ്രനെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്.
ദക്ഷിണ മേഖല ഡിഐജിയുടെതാണ് നടപടി. ജൂണിൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ വച്ചാണ് നടപടിക്ക് ആസ്പദമായ നടന്ന സംഭവം നടന്നത്. നോർത്ത് സിഐ പ്രതാപചന്ദ്രൻ സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ കർശന നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. അന്വേഷണപുരോഗതി കൃത്യമായി അറിയിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
ഭർത്താവിനെ അകാരണമായി പിടിച്ചുവെച്ചത് ചോദ്യം ചെയ്യാനെത്തിയ യുവതിയുടെ മുഖത്ത് പ്രതാപ ചന്ദ്രൻ ആഞ്ഞടിക്കുകയായിരുന്നു. ഒരു വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഇവർക്ക് സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്.