യുഎസിലെ പ്രമുഖ വ്യവസായി അനിരുദ്ധൻ മാധവൻ അന്തരിച്ചു

ന്യൂമോണിയ ബാധിച്ചതിനെതുടർന്ന് ചികിത്സയിലിരിക്കെ ഷിക്കാഗോയിൽ വച്ചായിരുന്നു അന്ത്യം.
businessman
ഡോ. എം അനിരുദ്ധൻ മാധവൻ Source: News Malayalam 24x7
Published on

ഫൊക്കാനയുടെ പ്രഥമ പ്രസിഡൻ്റും അമേരിക്കൻ മലയാളികളുടെ സംഘടനാ നേതാവുമായ ഡോ. എം അനിരുദ്ധൻ (83)അന്തരിച്ചു. ന്യൂമോണിയ ബാധിച്ചതിനെതുടർന്ന് ചികിത്സയിലിരിക്കെ ഷിക്കാഗോയിൽ വച്ചായിരുന്നു അന്ത്യം. ശവസംസ്ക്കാരം തിങ്കളാഴ്ച ഷിക്കാഗോയിൽ നടക്കും.

മൂന്ന് തവണ ഫൊക്കാന പ്രസിഡൻ്റ് ആയി സേവനമനുഷ്ടിച്ച ഡോ. അനിരുദ്ധൻ ഫൊക്കാനയുടെ എക്കാലത്തേയും മികച്ച പ്രസിഡൻ്റാണ് . ഫൊക്കാനയെ കേരളത്തിൽ അവതരിപ്പിച്ച് " ഫൊക്കാന കേരള പ്രവേശം " 2001 ൽ ആദ്യമായി കേരളാ കൺവൻഷൻ സംഘടിപ്പിച്ചതും അദ്ദേഹമാണ്. നോർക്ക ഡയറക്റാർ ബോർഡ് അംഗം , മാതൃഭൂമി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം അമേരിക്കയിലെ അറിയപ്പെടുന്ന ബിസിനസുകാരൻ കൂടിയാണ്.

ചിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡൻ്റ് കൂടിയാണ് ഡോ. അനിരുദ്ധൻ. ഓച്ചിറ സ്വദേശിയായ ഇദ്ദേഹം കൊല്ലം എസ്.എൻ. കോളേജിൽ നിന്നാണ് എം.എസ്.സി ചെയ്‌തത്. രസതന്ത്രത്തിൽ ഗവേഷണത്തിനായാണ് 1973-ൽ യുഎസിലേക്ക് പോയത്. ടെക്‌സസിലെ എ. ആൻഡ് എം. സർവകലാശാലയിൽ ആണവ രസതന്ത്രം (ന്യൂക്ലിയർ കെമിസ്ട്രി) അധ്യാപകനായിരിക്കെ ന്യൂട്രീഷ്യൻ മേഖലയിലേക്ക് തിരിഞ്ഞു.

പിന്നീട് ഈ വിഷയത്തിലും പിഎച്ച്.ഡി. എടുത്തു. തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ പോഷകാഹാര ഉത്പാദകരായ സാൻഡോസിൻ്റെ ഗവേഷണവിഭാഗം തലവനായി 10 വർഷം തുടർന്നു. കുട്ടികൾക്കായുള്ള പോഷകങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ ഏറെ വർഷം ഗവേഷണം നടത്തി. പിന്നീടാണ് സ്വന്തമായി വ്യവസായ ശൃംഖല വികസിപ്പിച്ചെടുക്കുന്നത്.

businessman
"കുടുംബത്തിലെ യുവതലമുറയ്ക്ക് ബിസിനസില്‍ താല്‍പ്പര്യമില്ല"; ഓഹരികള്‍ വിറ്റ് ഇന്ത്യന്‍ വ്യവസായി

സാൻഡോസിന് വേണ്ടി, അമേരിക്കയിലെ ആദ്യത്തെ സ്പോർട്‌സ് ന്യൂട്രീഷ്യൻ ഉത്പന്നം ഐസോ സ്റ്റാർ വികസിപ്പിച്ചെടുത്തത് അനിരുദ്ധൻ അടങ്ങുന്ന സംഘമായിരുന്നു. പോഷക ഗവേഷണ, ഉത്പാദന രംഗത്തും പ്രവാസി ഇന്ത്യക്കാരുടെ സാമൂഹികക്ഷേമത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് അനിരുദ്ധന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

1983-ൽ കെ.ആർ. നാരായണൻ അംബാസഡറായിരിക്കെ, അദ്ദേഹത്തിൻ്റെ സഹായത്തോടെ വടക്കൻ അമേരിക്കയിലെ മലയാളി കൂട്ടായ്‌മയായ 'ഫൊക്കാന'യ്ക്ക് രൂപം നൽകിയത് ഡോ. അനിരുദ്ധനാണ്. രണ്ട് പതിറ്റാണ്ടോളം നേതൃനിരയിൽ തുടർന്നു. ഫൊക്കാനയെ ലോകം അറിയുന്ന പ്രവാസി സംഗമവേദിയാക്കി മാറ്റി.

നിരവധി ഭക്ഷ്യോൽപ്പാദന കമ്പനികളുടെ കൺസൽട്ടൻ്റായിരുന്ന അദ്ദേഹം അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനി‌സ്ട്രേഷൻ്റെ (എഫ്‌.ഡി.എ.) ഫുഡ് ലേബൽ റെഗുലേറ്ററി കമ്മിറ്റിയിൽ അംഗമായിരുന്നു. യുഎസിലെ നാഷണൽ ഫുഡ് പ്രൊസസേഴ്‌സ് അസോസിയേഷൻ മികച്ച ആർ. ആൻഡ് ഡി. ശാസ്ത്രജ്ഞനുള്ള പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. പ്രവാസി ഭാരതീയ പുരസ്കാരം നൽകി കേന്ദ്ര സർക്കാരും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം യുഎസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com