പത്തനംതിട്ട: ശബരിമലയിൽ സത്യസന്ധമായും സുതാര്യമായുമാണ് കാര്യങ്ങൾ നടത്തിയിട്ടുള്ളതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. ഇത്തവണ സ്വർണം കൊണ്ടുപോയതിന്റെ പൂർണ ഉത്തരവാദിത്തം ബോർഡിനാണ്. എല്ലാ മാനദണ്ഡങ്ങളും പൂർത്തിയാക്കിയാണ് ഇത്തവണ കൊണ്ടുപോയത്. 1998 മുതൽ ഇങ്ങോട്ടുള്ള എല്ലാ കാര്യങ്ങളും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കട്ടെ. താൻ പ്രതി ആണെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
"ബോർഡുമായി ബന്ധപ്പെട്ട് ഏതൊക്കെ അവതാരങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതൊക്കെ മാധ്യമങ്ങൾ പറയാതെ തന്നെയാണ് ബോർഡ് കണ്ടെത്തിയത്. സ്പോൺസറെ മാറ്റിയത് ചില വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോഴുള്ള ബോർഡിനെ സംശയ നിഴലിൽ ആക്കേണ്ടതില്ല. സ്വർണം എല്ലാം പിടിച്ചെടുക്കണം. അത് തന്നെയാണ് ആവശ്യം. ഞാൻ ആണ് കുഴപ്പക്കാരൻ എങ്കിൽ എന്നെ ശിക്ഷിക്കട്ടെ. ഭഗവാന്റെ ഒരു തരി പൊന്നു പോലും കട്ട് കൊണ്ട് പോകാൻ മന്ത്രിയോ ബോർഡൊ കൂട്ടു നിന്നിട്ടില്ല. അതിന്റെ ആത്മവിശ്വാസത്തിൽ ആണ് ഞങ്ങൾ", പി.എസ്. പ്രശാന്ത്.
വിഷയത്തിൽ ദേവസ്വം ബോർഡിന് ഒരു ആശയകുഴപ്പവും ഇല്ലെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു. ആറാഴ്ച നിങ്ങൾ ക്ഷമിക്കൂ. ആറാഴ്ച കഴിയുമ്പോൾ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതി ആണെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. ഒരു റിപ്പോർട്ട് ലഭിച്ചാൽ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും എന്നാൽ എല്ലാ വ്യാഖ്യാനങ്ങളും ശെരിയല്ലെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറരുത് എന്നത് തന്റെ നിർദേശം ആയിരുന്നു. അത് എങ്ങനെ കൈമാറാൻ സാധിക്കുമെന്ന് താൻ ചോദിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞത് കഴിഞ്ഞ തവണയും തനിക്കാണ് തന്നത് എന്നാണ്. എന്നാൽ ഉദ്യോഗസ്ഥരെ ചാരി അത് കൊണ്ടുപോകാൻ അനുവദിക്കില്ല എന്ന നിലപാടാണ് താൻ സ്വീകരിച്ചത്. വിജിലൻസിന്റെ കണ്ടത്തലുകൾ എന്നോട് ചോദിച്ചിട്ടല്ലല്ലോ എന്നും ബോർഡ് പ്രസിഡൻ്റ് ചോദിച്ചു. അവർക്കുണ്ടായത് ആശയക്കുഴപ്പമാണ്. അതിൽ വ്യക്തത വരുത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം എല്ലാം അന്വേഷിക്കട്ടെ. അവർക്ക് താൻ കുറ്റക്കാരനാണെന്ന് തോന്നിയാൽ പ്രതിയാക്കട്ടെയെന്നും പി.എസ്. പ്രശാന്ത്.
അന്വേഷണത്തിൽ വിശ്വാസ്യത ഉണ്ടെങ്കിൽ പ്രതിപക്ഷ നേതാവും സഹകരിക്കണം. പുതിയ അന്വേഷണ സംഘത്തിൽ ആർക്കും വിശ്വാസം ഇല്ലാതെ ഇല്ലല്ലോ. അന്വേഷണ സംഘത്തെ നിയോഗിച്ചത് കോടതി ആണ്. അന്വേഷണത്തിൽ വിശ്വാസം ഇല്ലെങ്കിൽ പറയണം. ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. കുറ്റം ചെയ്തിട്ടുണ്ട് എന്ന് ഉറപ്പായാൽ പെൻഷൻ അടക്കം തടഞ്ഞുകൊണ്ടുള്ള നടപടി ഉണ്ടാകും. നിലവിൽ സർവീസിൽ ഉള്ള രണ്ടുപേരാണ് പ്രതി പട്ടിയിൽ ഉള്ളത്. 14നു ദേവസ്വം ബോർഡ് യോഗത്തിൽ ഇത്തരം കാര്യങ്ങൾ തീരുമാനിക്കുമെന്നും പി.എസ്. പ്രശാന്ത് കൂട്ടിച്ചേർത്തു.