

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ചേർത്തതിനെ നിയമപരമായി നേരിടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. നിയമപരമായി ആലോചിച്ച് മുന്നോട്ടുപോകും. 2025ലെ കാര്യങ്ങളെക്കുറിച്ച് യാതൊരുവിധ ആക്ഷേപങ്ങളും ഇല്ലെന്നും, കോടതിയെ അറിയിക്കാതെ സ്വർണം കൊണ്ടുപോയി എന്നത് മാത്രമാണ് പറയുന്നത്.
കൃത്യമായ നടപടിക്രമം പാലിച്ചാണ് അറ്റകുറ്റപ്പണിക്കായി ദ്വാരപാലക ശിൽപ്പം കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. 2025 സെപ്റ്റംബർ ഏഴാം തീയതിയാണ് തിരുവാഭരണ കമ്മീഷണറുടെ സാന്നിധ്യത്തിൽ സന്നിധാനത്ത് എത്തി ദ്വാരപാലക ശില്പങ്ങൾ അഴിച്ചെടുക്കുന്നത്. തൊട്ടടുത്ത ദിവസം രാവിലെ എട്ടുമണിക്ക് തന്നെ സ്പെഷ്യൽ കമ്മീഷണറെ വിവരമറിയിച്ചു.
അന്ന് സ്പെഷ്യൽ കമ്മീഷണർ കൊണ്ടു പോകണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ കൊണ്ടു പോകില്ലായിരുന്നു. പത്താം തീയതി സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ റിപ്പോർട്ട് ചെയ്യുന്നു. പതിനാലാം തീയതി ബോർഡ് സെക്രട്ടറി കോടതിയോട് മാപ്പ് പറയുന്നു. തുടർന്ന് സ്റ്റേ ഒഴിവാക്കുകയും കൊണ്ടുപോകാൻ കോടതി അനുവാദം ചെയ്യുകയും ചെയ്തു.
പിന്നീട് സെപ്റ്റംബർ 17 നാണ് ശബരിമലയിലെ സ്വർണ പീഠങ്ങൾ കാണാതായതുമായി ബന്ധപ്പെട്ട വിവാദം വരുന്നത്. തുടർന്നാണ് കോടതി വിഷയത്തിൽ വീണ്ടും ഇടപെട്ടത്. 2019ലെ ഫയലുകൾ തൻ്റെ ബോർഡാണ് നൽകിയത്. ബോർഡ് നൽകിയ ഫയലുകളുടെ അടിസ്ഥാനത്തിലാണ് കൊള്ളയുമായി ബന്ധപ്പെട്ട വലിയ വിവരങ്ങൾ പുറത്തുവന്നതെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
ഞങ്ങൾക്ക് എന്തെങ്കിലും ഒളിക്കാൻ ഉണ്ടായിരുന്നെങ്കിൽ 2019 ലെ ഫയൽ നൽകുമായിരുന്നോ. ബോർഡാണ് സമഗ്രമായ അന്വേഷണം നടത്തി കോടതിയെ അറിയിച്ചത്. 2024 സെപ്റ്റംബർ 20നാണ് ദ്വാരപാലക ശിൽപ്പങ്ങൾ സംബന്ധിച്ച ഫയൽ ബോർഡിന് മുന്നിൽ എത്തുന്നത്. എക്സിക്യൂട്ടീവ് ഓഫീസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം ദ്വാരപാലക ശില്പങ്ങൾ കൊടുത്തു വിടണം എന്നാണ് റിപ്പോർട്ട് നൽകിയതെന്നും പ്രശാന്ത് പറഞ്ഞു.
പക്ഷേ ഞങ്ങൾ അത് ചെയ്തില്ല. മൂന്നാമത് ഒരാളുടെ കയ്യിൽ ദ്വാരപാലക ശില്പങ്ങൾ കൊടുത്തു വിടില്ല എന്ന് തീരുമാനിക്കുകയായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശിൽപങ്ങൾ സ്പർശിക്കുവാനുള്ള അവസരം പോലും ഉണ്ടാക്കിയിട്ടില്ലെന്നും പി.എസ്.പ്രശാന്ത് പറഞ്ഞു. 2023 ജൂൺ 30 നാണ് ശബരിമല ഉരുപടികൾ പുറത്തുകൊണ്ടുപോകുമ്പോൾ സ്പെഷ്യൽ കമ്മീഷണർ അറിയിക്കണമെന്ന് ഉത്തരവ് വന്നത്.
അന്ന് തങ്ങളുടെ ബോർഡ് അധികാരത്തിൽ വന്നിട്ടില്ല. ആ ഉത്തരവിനെ പറ്റി ബോർഡിന് അറിയില്ലായിരുന്നു. ഇതിൽ ഉദ്യോഗസ്ഥ വീഴ്ച മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും പ്രശാന്ത് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയെ താൻ കണ്ടത് ഒറ്റത്തവണ മാത്രമാണ്. അത് എക്സിക്യൂട്ടീവ് ഓഫീസിൽ വച്ച്. നാലോ അഞ്ചോ കോളുകൾ മാത്രമാണ് വിളിച്ചിട്ടുള്ളതെന്നും, അത് 30 സെക്കൻഡ് താഴെ മാത്രമാണെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
ഇതിൽ എവിടെയാണ് ഗൂഢാലോചന നടത്തിയത്.കേസിൽ പരാമർശമുള്ള ഗോവർധനെ കണ്ടിട്ട് പോലുമില്ല. 2019 ൽ താൻ കോൺഗ്രസുകാരനായിരുന്നു. താൻ കൃത്യമായി കാര്യങ്ങൾ ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വർണക്കൊള്ളയെ കുറിച്ച് ഞങ്ങൾക്ക് യാതൊരുവിധ ധാരണയും ഇല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
അയ്യപ്പ സംഗമം പൊളിക്കാൻ ഗൂഢാലോചന ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി കള്ളം പറയുകയാണ്. പീഠം കയ്യിൽ ഉണ്ടായിരുന്നപ്പോഴാണ് കളവ് പോയി എന്ന് പറഞ്ഞത്. ഇതിൽ രാഷ്ട്രീയ സമ്മർദം ഉള്ളതായി കരുതുന്നു. എങ്ങനെയാണ് എസ്ഐടി അന്വേഷണം വഴിമാറിയത് എന്നത് അറിയില്ലെന്നും പ്രശാന്ത് പറഞ്ഞു.
എസ്ഐടിയെ കുറിച്ച് ഒരു ആക്ഷേപവും ഇല്ല. സത്യസന്ധമായ റിപ്പോർട്ട് അവർ നൽകും എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. തനിക്ക് ആകെ പറ്റിയ ഒരു തെറ്റ് താൻ ഒരു ഒരു വീട് വെച്ച് പോയി എന്നതാണ്. ധനലക്ഷ്മി ബാങ്കിൽ നിന്നും 45 ലക്ഷം രൂപ ലോൺ എടുത്താണ് വീട് വച്ചത്. ഇപ്പോൾ 65 ലക്ഷം രൂപയുടെ കടമുണ്ട്. അറസ്റ്റ് ചെയ്താലും വിലങ്ങു വെച്ചാലും കോടതിയെ അനുസരിക്കും. കോടതി നൽകുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങും. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് കാര്യങ്ങൾ മാറിയതെന്നും പ്രശാന്ത് ആരോപിച്ചു.