
ഗവര്‍ണര്‍മാരെ താഴ്ത്തി കെട്ടാന്‍ ശ്രമിക്കുന്നത് കൊണ്ടാണ് കേരളത്തിലും മറ്റും ഗവര്‍ണര്‍-സര്‍ക്കാര്‍ സംഘര്‍ഷമുണ്ടാകുന്നതെന്ന് മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ഗവര്‍ണറുമായി സംഘര്‍ഷമല്ല സമന്വയമാണ് വേണ്ടതെന്നും ശ്രീധരന്‍പിള്ള ന്യൂസ് മലയാളത്തോട് പറഞ്ഞു.
സംസ്ഥാന ബിജെപിയില്‍ മുതിര്‍ന്ന നേതാക്കളെ അവഗണിച്ചിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കേരളത്തിന് അനുയോജ്യനായ നേതാവാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. മിസോറം, ഗോവ എന്നിവിടങ്ങളില്‍ ഗവര്‍ണറായിരുന്ന അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, പദവി ഒഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസമാണ് നാട്ടില്‍ തിരിച്ചെത്തിയത്.
അവിടുത്തെ സര്‍ക്കാരുകളുമായി സമന്വയത്തിന്റെ പാതയിലാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍, ഗവര്‍ണര്‍മാരെ താഴ്ത്തി കെട്ടാനുള്ള ശ്രമം നടക്കുന്നത് കൊണ്ടാണ് ഇവിടെ ഗവര്‍ണര്‍ - സര്‍ക്കാര്‍ സംഘര്‍ഷം നടക്കുന്നതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.
എഴുത്തും, അഭിഭാഷകജോലിയും, രാഷ്ട്രീയവും തുടരും. ഉപരാഷ്ട്രപതിയുടെ രാജിയില്‍ ദൂരുഹത തോന്നിയിട്ടില്ലെന്നും കാരണം വ്യക്തമാക്കേണ്ടത് അദ്ദേഹമാണെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.