കാസർഗോഡ്: പിഎസ്‍സി നിയമനങ്ങളെ കുറിച്ച് പരാതി ഉന്നയിച്ചയാളുടെ മനോനില പരിശോധിക്കണം എന്ന വിവരാവകാശ മറുപടി വിവാദത്തിൽ. 2025ലെ ക്രമക്കേടുകൾ സംബന്ധിച്ച് പരാതി നൽകിയ കാസർഗോഡ് സ്വദേശി ശിൽപ്പരാജിനാണ് പൊതുഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ മനുഷ്യത്വഹീനമായ മറുപടി നൽകിയത്.
പുതിയ പരാതിയുമായാണ് കാസർഗോട്ടെ വിവരാവകാശ പ്രവർത്തകൻ ശിൽപ്പരാജ് രംഗത്ത് എത്തിയത്. 2025 ജനുവരിയിലാണ് പിഎസ്‍സിയിലെ തട്ടിപ്പ് സംബന്ധിച്ച് തനിക്ക് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിജിലൻസിന് പരാതി നൽകിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. ഇതോടെ തുടർനടപടി എന്തായി എന്ന് ചോദിച്ച് വിവരാവകാശ രേഖ നൽകി. ഇതിനുള്ള മറുപടിയിലാണ്, പൊതുപ്രവർത്തകൻ്റെ മനോനില പരിശോധിക്കണമെന്ന് പൊതുഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയത്.
ഔദ്യോഗികമായി പരാതി നൽകിയിട്ടും നടപടിയെടുക്കാത്ത പിഎസ്‌സി എന്തുകൊണ്ട് മൗനം നടിച്ചു എന്ന് പുതിയ സാഹചര്യത്തിൽ വ്യക്തമാകുന്നുണ്ടെന്ന് ശിൽപ്പരാജ് പറഞ്ഞു. ആധുനിക രീതികൾ ഉപയോഗിച്ച്, സോഫ്റ്റ്‌വെയറുകളിലാണ് പിഎസ്‌സിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും എന്ന് കമ്മീഷൻ വിശദീകരിക്കുന്നുണ്ട്. ഇതെല്ലാം തികച്ചും സുരക്ഷിതമാണ് എന്നാണ് പിഎസ്‌സിയുടെ അവകാശവാദം. മാതൃക സ്ഥാപനമായ പിഎസ്‍സിയെ മനപൂർവം സംശയത്തിൻ്റെ നിഴൽ നിർത്തുകയാണെന്നും വിവരാവകാശ മറുപടിയിലുണ്ട്. ഇതു സംബന്ധിച്ച് ശില്പരാജ് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി.