

ആരോപണങ്ങളുടെ കരിനിഴലിൽ നിൽക്കുന്ന പിഎസ്‌സിയിൽ, അംഗങ്ങളുടെ നിയമനങ്ങളിൽ മാനദണ്ഡം വേണമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. ഡിഗ്രി അടിസ്ഥാനയോഗ്യതയാക്കണമെന്നാണ് പ്രധാന ആവശ്യം. കമ്മീഷൻ അംഗങ്ങളുടെ നിയമനങ്ങളിലും ഒരു ഇൻ്റർവ്യൂ ബോർഡ് വേണമെന്നും ആവശ്യപ്പെടുന്നുണ്ട്. അംഗങ്ങളുടെ നിയമനരീതിയിൽ പരിഷ്കാരം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട്, പൊതുഭരണ വകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
അംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം എന്നിവ പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പിഎസ്‌സിയിലെ അംഗസംഖ്യയും പരിമിതപ്പെടുത്തണമെന്നും ഇതിൽ പറയുന്നുണ്ട്. പൊതുപ്രവർത്തകരെ പിഎസ്‌സി അംഗങ്ങളായി നിയമിക്കുന്നതിലും കൃത്യമായ മാനദണ്ഡങ്ങൾ വേണമെന്നാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാനപ്പെട്ട നിർദേശം. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികൾ സംബന്ധിച്ച തീരുമാനങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും
നിലവിൽ ആരോപണങ്ങളുടെ കരിനിഴലിൽ നിൽക്കുന്ന പിഎസ്‌സി പിരിച്ചുവിടണമെന്ന് രാഷ്ട്രപതിയോട് ശുപാർശ ചെയ്തിരിക്കുകയാണ് ഗവർണർ. ചെയർമാനെയും 16 അംഗങ്ങളെയും പിരിച്ചുവിടാനുള്ള ശുപാർശ സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ്. സുപ്രീംകോടതിയുടെ റഫൻസ് അനുകൂലമാണെങ്കിൽ രാഷ്ട്രപതിയുടെ ഉത്തരവ് ഉടനുണ്ടാകും. ഗവർണറുടെ ഈ നീക്കത്തിൽ യുഡിഎഫ് അസ്വാഭാവികത കാണുന്നില്ല. എന്നാൽ നടപടിയെ എൽഡിഎഫ് വിമർശിച്ചു. ഗവർണറുടെ നടപടിക്ക് സർക്കാരിൻ്റെ പിന്തുണയെന്ന് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു