തിരുവനന്തപുരം: പുനർജനി കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പിന്നാലെ മണപ്പാട്ട് ഫൗണ്ടേഷൻ സിഇഒയ്ക്ക് എതിരേയും സിബിഐ അന്വേഷണത്തിന് ശുപാർശ. എഫ്‌സിആർഎ നിയമപ്രകാരമാണ് സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ. പദ്ധതി കാലയളവിൽ എഫ്‌സിആർഎ അക്കൗണ്ടിലേക്ക് പണം വന്നെന്ന് കണ്ടെത്തി. രേഖകളിൽ പൊരുത്തക്കേടെന്നും വിജിലൻസ് കണ്ടെത്തൽ. പദ്ധതിയുടെ പേരിൽ വി.ഡി. സതീശന് വേണ്ടി സ്വരൂപിച്ച പണമാണ് ഇതെന്നാണ് പരാതി. അന്വേഷണം കൈമാറുന്നതിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാകും.
അതേസമയം, പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എതിരെ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റംബറിൽ നൽകിയ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
പുനർജനി: പറവൂരിന് പുതുജീവൻ’ എന്ന പേരിൽ 2018 ലെ പ്രളയ ബാധിതരെ സഹായിക്കാൻ വി.ഡി. സതീശൻ ആവിഷ്കരിച്ച പദ്ധതിയാണ് വിവാദമായത്. വിദേശ സഹായവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നപ്പോൾ ബർമിങ്ഹാമിലെത്തി പണം പിരിച്ചെന്ന് വി.ഡി. സതീശൻ സമ്മതിക്കുകയും ചെയ്തിരുന്നു. നിയമസഭാ സെക്രട്ടറിയേറ്റിൻ്റെ അനുമതിയില്ലാതെയാണ് പ്രതിപക്ഷ നേതാവ് വിദേശയാത്രകൾ നടത്തിയതെന്നും കണ്ടെത്തിയിരുന്നു. എന്നാൽ കേന്ദ്രസർക്കാരിൻ്റെ അനുമതി വാങ്ങിയാണ് വിദേശയാത്രകൾ നടത്തി പദ്ധതിക്ക് പണം പിരിച്ചതെന്നായിരുന്നു സതീശൻ്റെ വാദം.