മലപ്പുറം: സിപിഐഎം വിട്ടവരെ പുതിയ പാർട്ടിയിൽ എത്തിക്കാൻ കരുനീക്കങ്ങളുമായി പി.വി. അൻവർ. ജി. സുധാകരൻ, വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ, പി.കെ. ശശി, എന്നിവരെ നേരിൽ കാണാണ് അൻവർ നീക്കം നടത്തുന്നത്. പുതിയ പാർട്ടിയുടെ നയ രൂപീകരണത്തിന് സിപിഐഎം അസംതൃപ്തരുടെ അഭിപ്രായവും തേടുമെന്നാണ് ലഭ്യമാകുന്ന വിവരം.
കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ ബന്ധം ഉപേക്ഷിച്ചത്. ഇതിനുപിന്നാലെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അൻവർ അറിയിച്ചിരുന്നു. പിണറായിസത്തെയും ഫാസിസത്തെയും ചെറുക്കാൻ കോൺഗ്രസിനൊപ്പം പ്രവർത്തിക്കും എന്ന് അൻവർ പറഞ്ഞു. മെയ് പകുതിയോടെ പ്രവർത്തനം തുടങ്ങും.മതേതര- ജനാധിപത്യ- സംസ്ഥാന പാർട്ടിയാണ് രൂപീകരിക്കുക എന്നും അൻവർ പ്രഖ്യാപിച്ചിരുന്നു.
ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ, പാർട്ടിയിൽ ഉണ്ടായിരുന്ന സമയത്ത് അൻവർ നേതൃത്വത്തിന് നൽകിയ കത്ത് തൃണമൂൺ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. എംഎൽഎമാർ അടക്കം കേരളത്തിലെ മുതിർന്ന നേതാക്കൾ തൃണമൂൽ കോൺഗ്രസിൽ എത്തുമെന്ന് അവകാശപ്പെട്ടു കൊണ്ടുള്ള കത്താണ് അൻവർ നേതൃത്വത്തിന് കൈമാറിയത്.
യു. പ്രതിഭ, കോവൂർ കുഞ്ഞുമോൻ, കെ.പി. മോഹനൻ, കെ.കെ. രമ എന്നിവരടക്കം അഞ്ച് എംഎൽഎമാർ തൃണമൂലിലേക്ക് വരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് അൻവർ ടിഎംസി നേതൃത്വത്തിന് നൽകിയ കത്തിൽ പറയുന്നത്.
ജി. സുധാകരൻ, സി. ദിവാകരൻ, സുരേഷ് കുറുപ്പ്, സി.കെ. പത്മനാഭൻ, എ.വി. ഗോപിനാഥ്, കാരാട്ട് റസാഖ്, ഫുട്ബോൾ താരം ഐ.എം. വിജയൻ എന്നിങ്ങനെ ഒട്ടേറെ പേർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അൻവർ മമതാ ബാനർജിക്ക് നൽകിയ കത്തിൽ പറയുന്നു.